'ആ ശബ്ദം നിലക്കില്ല' വെൽഫെയർ കേരളാ കുവൈത്ത് പ്രതിഷേധ സംഗമം

കുവൈത്ത് > സത്യം തുറന്ന് പറയാനുള്ള ധൈര്യം കാണിച്ചത് കൊണ്ടാണ് ഗൌരീ ലങ്കേഷ് കൊല്ലപ്പെട്ടതെന്നും ജീവിക്കുന്നത് ഒരു ദിവസത്തിനാണെങ്കിലും സത്യം ഉയർത്തിപ്പിടിച്ച് കൊണ്ട് ജീവിക്കാൻ തയ്യാറാകണമെന്നും വെൽഫെയർ കേരളാ കുവൈത്ത് കേന്ദ്ര വൈസ് പ്രസിഡണ്ട് അനിയൻ കുഞ്ഞ് അഭിപ്രായപ്പെട്ടു. ഒരു ഗൌരീ ലങ്കേഷിന് പകരം ആയിരം ഗൌരികൾ പിറക്കുമെന്നും അവരുടെ മരണത്തോടെ ഫാഷിസ്റ്റു വിരുദ്ധ പോരാട്ടത്തിന്റെ ശക്തി വർദ്ധിച്ചിരിക്കുകയാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. “ആ ശബ്ദം നിലക്കില്ല “ എന്ന തലക്കെട്ടിൽ വെൽഫെയർ കേരളാ കുവൈത്ത് സാൽമിയ യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനിയൻ കുഞ്ഞ്.
ബ്രിട്ടീഷുകാർക്കെതിരെ പൊരുതി വീരമൃത്യു പ്രാപിച്ച ഒരേയൊരു ഇന്ത്യൻ നാട്ടു രാജാവായ ടിപ്പു സുൽത്താനെ പിന്തുണച്ചും ബീഫ് വിവാദത്തിൽ ശക്തമായ നിലപാടെടുത്തും സമകാലിക ഇന്ത്യയിൽ ആർക്കും എഴുന്നേറ്റു നിന്ന് പറയാൻ ആർജ്ജവമില്ലാത്ത കാര്യങ്ങൾ പറഞ്ഞത് കൊണ്ടാണ് ഗൌരീ ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്നും കലാകാരന്മാരെ നിശ്ബ്ധരാക്കാൻ സംഘ്പരിവാരിന്റെ വിദ്വേഷ പ്രചാരണങ്ങൾക്ക് കഴിഞ്ഞിരുന്നുവെങ്കിലും എ.ആർ റഹ്മാനെപ്പോലെയുള്ളവരുടെ ശക്തമായ പ്രതികരണം മാറ്റങ്ങളുണ്ടാകുന്നതിന്റെ സൂചനയാണെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഹസനുൽ ബന്ന അഭിപ്രായപ്പെട്ടു. സാൽമിയ ഫ്രണ്ട്സ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് നൌഷാദ് അദ്ധ്യക്ഷത വഹിച്ചു .
കെ.കെ.എം.എ പ്രതിനിധി കെ.,സി ഗഫൂർ, ശ്രീ.ഡാനിയൽ കുര്യൻ, സിറാജ് സ്രാമ്പിക്കൽ,കെ.എ.സുബൈർ ,ഷൌക്കത്ത് വളാഞ്ചേരി എന്നിവർ പ്രതിഷേധ സംഗമത്തിന് ഐക്യാദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയും ചെയ്തു. എം. കെ. ഗഫൂർ, എൻ.പി മുനീർ എന്നിവർ കവിതാലാപനം നടത്തി.സെക്രട്ടറി നിഷാദ് സ്വാഗതവും റിഷ്ദിൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.








0 comments