കുവൈറ്റിൽ 70 ദിവസത്തെ ‘യാ ഹലാ’ ഷോപ്പിംഗ് ഫെസ്റ്റിവൽ

കുവൈറ്റ് സിറ്റി> ദേശീയ അവധി ദിനങ്ങളും അവസരങ്ങളും ആഘോഷിക്കുന്നതിനുള്ള സ്ഥിരം സമിതിയുടെ ആഭിമുഖ്യത്തിൽ കുവൈറ്റിലും ഷോപ്പിങ് ഫെസ്റ്റിവൽ വരുന്നു. 70 ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവൽ ‘യാ ഹലാ’ 2025 ജനുവരി 21ന് ആരംഭിച്ച് മാർച്ച് 31 വരെ തുടരും. വിനോദസഞ്ചാരവും വ്യാപാരവും ശക്തിപ്പെടുത്തി സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുകയാണ് ലക്ഷ്യം.
ഫെസ്റ്റിനോടനുബന്ധിച്ച് ആകർഷക നിരക്കിൽ ലോകോത്തര ഉൽപന്നങ്ങൾക്ക് ആദായവിൽപന ഉണ്ടാകും. നിശ്ചിത തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുത്ത് വിജയിക്ക് ആകർഷക സമ്മാനങ്ങൾ നൽകും. ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രത്യേക നറുക്കെടുപ്പ് നടത്തുന്നത് സംബന്ധിച്ചും ആലോചിക്കുന്നുണ്ട്. കുടുംബങ്ങൾക്ക് ഒന്നടങ്കം പങ്കെടുക്കാവുന്ന വിനോദ, സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. രാജ്യാന്തര കലാകാരന്മാരുടെ കലാപ്രകടനങ്ങളും ഉത്സവത്തിന് മാറ്റു കൂട്ടും.
ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളർച്ചയ്ക്കും വ്യാപാരോത്സവം ആക്കം കൂട്ടും. വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, സെൻട്രൽ മാർക്കറ്റുകൾ, റസ്റ്റോറന്റുകൾ തുടങ്ങി വ്യാപാര കേന്ദ്രങ്ങളും ഷോപ്പിങ് മേളയുടെ ഭാഗമാകും. ഉത്സവത്തിനിടെ ഫെബ്രുവരി 25, 26 തീയതികളിൽ എത്തുന്ന കുവൈത്ത് ദേശീയ ദിനാഘോഷം വിപുലമായി നടത്തും. ഷോപ്പിങ് ഫെസ്റ്റിവലിന്റെ വരവറിയിച്ച് നഗരത്തിൽ പരസ്യ ബോർഡുകളും സ്ഥാപിച്ചുതുടങ്ങി.









0 comments