ശ്രേയസ്‌ അയ്യറെ റെക്കോർഡ്‌ തുക മുടക്കി ടീമിലെത്തിച്ച്‌ പഞ്ചാബ്‌; ബട്‌ലറും റബാദയും ഗുജറാത്തിൽ, സ്റ്റാർക്ക്‌ ഡൽഹിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 04:40 PM | 0 min read

ജിദ്ദ (സൗദി അറേബ്യ) > ഐപിഎൽ മെഗാ താരലേലത്തിന്റെ ആദ്യ ദിവസം ഇന്ത്യൻ ബാറ്റർ ശ്രേയസ്‌ അയ്യറെ ടീമിലെത്തിച്ച്‌ പഞ്ചാബ്‌ കിങ്‌സ്‌. പൊന്നും വില നൽകിയാണ്‌ ശ്രേയസിനെ പഞ്ചാബ്‌ ടീമിലെത്തിച്ചത്‌. 26.5 കോടി രൂപയാണ്‌ ശ്രേയസിനായി പഞ്ചാബ്‌ മുടക്കിയത്‌. രാജസ്ഥാൻ വിട്ട്‌ ജോസ്‌ ബട്‌ലറെ 15.5 കോടി രൂപയ്‌ക്കും കഗീസോ റബാദയെ 10.75 കൊടിക്കും ഗുജറാത്ത്‌ ടീമിലെത്തിച്ചപ്പോൾ 11.75 കോടി മുടക്കി മിച്ചൽ സ്റ്റാർക്കിനെ 11.75 കോടിക്ക്‌ ഡൽഹി സൈൻ ചെയ്തു.

ഇന്ത്യൻ പേസർ അർഷ്‌ദീപ്‌ സിങ്ങാണ്‌ താരലേലത്തിനായി എത്തിയ ആദ്യ താരം. ഈ ഇടംകയൻ പേസറെ 18 കോടി രൂപ മുടക്കി പഞ്ചാബ്‌ കിങ്‌സ്‌ തന്നെ നിലനിർത്തി. രണ്ട്‌ കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. അർഷ്ദീപിനായി ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും രാജസ്ഥാൻ റോയൽസും രംഗത്തെത്തിയെങ്കിലും 15.75 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് വിളിച്ചെടുത്തു. എന്നാൽ ആർടിഎം ഉപയോഗപ്പെടുത്തി പഞ്ചാബ്‌ താരത്തെ നിലനിർത്തുകയായിരുന്നു.

ഞായർ, തിങ്കൾ ദിവസങ്ങളിലായി നടക്കുന്ന താരലേലത്തിൽ 577 താരങ്ങളാണുള്ളത്‌.  രണ്ടാംതവണയാണ്‌ വിദേശത്ത്‌ ലേലം നടക്കുന്നത്‌. 18–-ാംസീസൺ ഐപിഎൽ മാർച്ച്‌ 14നാണ്‌ തുടങ്ങുക. മെയ്‌ 25നാണ്‌ ഫൈനൽ.

ഒരു ടീമിൽ 25 കളിക്കാരാണ്‌ വേണ്ടത്‌. അതിൽ എട്ട്‌ വിദേശികളെ ഉൾപ്പെടുത്താം. പത്തു ടീമുകളിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സുമാണ്‌ അനുവദനീയമായ ആറു കളിക്കാരെ നിലനിർത്തിയത്‌. ചെന്നൈ സൂപ്പർകിങ്സ്‌, മുംബൈ ഇന്ത്യൻസ്‌, ഗുജറാത്ത്‌ ടൈറ്റൻസ്‌, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌, സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ ടീമുകൾ അഞ്ചു കളിക്കാരെ നിലനിർത്തിയിട്ടുണ്ട്‌. രണ്ടുപേരെമാത്രം നിലനിർത്തിയ പഞ്ചാബ്‌ കിങ്‌സിന്‌ കളിക്കാരെ വാങ്ങാൻ 110.5 കോടി രൂപ ബാക്കിയുണ്ട്‌. ഋഷഭ്‌ പന്തിനെ നിലനിർത്താതിരുന്ന ഡൽഹി ക്യാപിറ്റൽസിൽ നാലുപേരാണുള്ളത്‌. റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു വിരാട്‌ കോഹ്‌ലി അടക്കം മൂന്നു കളിക്കാരെയാണ്‌ നിലനിർത്തിയത്‌. 83 കോടി രൂപ അവരുടെ പക്കലുണ്ട്‌. പന്തിനെ ഏത്‌ ടീം സ്വന്തമാക്കുമെന്നതാണ്‌ ആകാംക്ഷ. ലഖ്‌നൗ വിട്ട കെ എൽ രാഹുലിനെ സ്വന്തമാക്കാനും കാര്യമായ ലേലംവിളിയുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home