ഇറാൻ വിദേശമന്ത്രി റിയാദിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 03:10 PM | 0 min read

മനാമ > ഗാസക്കും ലബനനും നേരെയുള്ള ആക്രമണം ഇസ്രയേൽ രൂക്ഷമാക്കിയിരിക്കെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ബുധനാഴ്ച സൗദി തലസ്ഥാനമായ റിയാദിൽ എത്തി. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി അദ്ദേഹം റിയാദിൽ കൂടിക്കാഴ്ച നടത്തി.

പ്രാദേശിക സംഭവവികസങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് തന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അരാഗ്ചി പറഞ്ഞു. ചർച്ചകൾ പലസ്തീനിലും ലെബനനിലും മെച്ചപ്പെട്ട സാഹചര്യങ്ങൾ കൊണ്ടുവരുമെന്നും പ്രാദേശിക സമാധാനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സൗദിയുമായുള്ള ഇറാന്റെ ബന്ധം ശരിയായ പാതയിൽ വളരുകയാണ്. ഉഭയകക്ഷി വിഷയങ്ങൾ പ്രത്യേക സന്ദർശനത്തിൽ ചർച്ച ചെയ്യുമെന്ന് പറഞ്ഞു.

ഗാസയിലെയും ലെബനനിലെയും സഹോദരങ്ങളുടെ വേദനയും കഷ്ടപ്പാടുകളും ലഘൂകരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് അരാഗ്ചിയുടെ സന്ദർശനമെന്നും ഇസ്രായേൽ ഭരണകൂടത്തിന്റെ വംശഹത്യയും ആക്രമണവും അവസാനിപ്പിക്കുകന്നതിൽ കൂടിക്കാഴ്ച ശ്രദ്ധ ചെലുത്തുമെന്നും  ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി എക്‌സിൽ പറഞ്ഞു.

മേഖലയിലുടനീളം സുസ്ഥിരതയും സുരക്ഷയും കൂടുതൽ വർധിച്ച സാമ്പത്തിക സഹകരണവും ഉറപ്പാക്കാനായി അയൽ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇറാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ബഗായി വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഇസ്രയേലിൽ ഇറാൻ വൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാൻന്റെ എണ്ണ മേഖലകൾക്കുനേരെയാകും ഇസ്രയേൽ ആക്രമണമെന്നാണ് വിഗദ്ധർ വിലയിരന്നത്തുന്നത്. അത്തരമൊരു ഏത് ആക്രമണത്തിനും കനത്ത വില നൽകേണ്ടിവരുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് അരാഗ്ചിയുടെ സൗദി സന്ദർശനം. കഴിഞ്ഞ ആഴ്ച ഖത്തർ സന്ദർശിച്ച ഇറാൻ പ്രസിഡന്റ് ഖത്തർ അമീറുമായും ദോഹയിലെത്തിയ സൗദി വിദേശമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home