യുഎഇ പ്രസിഡന്റിന്റെ അമേരിക്കൻ സന്ദർശനത്തിന് തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 03:49 PM | 0 min read

ദുബായ് > യുഎഇ പ്രസിഡന്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അമേരിക്കയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന് തുടക്കം. യുഎസ് പ്രസിഡൻ്റ് ബൈഡൻ, വി പി ഹാരിസ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും.

2022-ൽ പ്രസിഡൻ്റ് സ്ഥാനമേറ്റതിന് ശേഷമുള്ള ഷെയ്ഖ് മുഹമ്മദിന്റെ ആദ്യ സന്ദർശനമാണിത്. യുഎഇ പ്രസിഡൻ്റും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം, അന്താരാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യും.

യുഎസിലെ യു എ ഇ അംബാസഡർ യൂസഫ് അൽ ഒതൈബ, യു എ ഇയിലെ യുഎസ് അംബാസഡർ മാർട്ടിന സ്ട്രോങ് എന്നിവർ സന്ദർശനം സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി. ബഹുരാഷ്ട്ര നയതന്ത്ര പരിഹാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഗാസയിലും സുഡാനിലും അടിയന്തിരമായി ആവശ്യമായ മാനുഷിക സഹായം നൽകുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിനിധികൾ അറിയിച്ചു.

കഴിഞ്ഞ 30 വർഷത്തിനിടയിലുണ്ടായ ആറ് സംഘർഷങ്ങളിൽ തോളോട് തോൾ ചേർന്ന് ഇരു രാജ്യങ്ങളും പ്രവർത്തിച്ചതായി അംബാസഡർമാർ പറഞ്ഞു. 1972ൽ നയതന്ത്രബന്ധം സ്ഥാപിച്ചതു മുതൽ യുഎഇയും യുഎസും തമ്മിൽ അടുത്ത ബന്ധമുണ്ട്. അതിനുശേഷം, ഉഭയകക്ഷി വ്യാപാരം 110 ബില്യൺ കവിഞ്ഞു. നിലവിൽ 1,500-ലധികം അമേരിക്കൻ കമ്പനികൾ യുഎഇയിൽ പ്രവർത്തിക്കുന്നുണ്ട്. 50,000-ത്തിലധികം അമേരിക്കക്കാരാണ് യുഎഇയിൽ താമസിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home