പിന്നോട്ടോടി ഇന്ത്യ ; ചരിത്രത്തിലെ ദയനീയ പ്രകടനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 11:01 PM | 0 min read

പാരിസ്‌
ഒളിമ്പിക്‌സ്‌ ചരിത്രത്തിലെ ദയനീയ പ്രകടനമായിരുന്നു പാരിസിൽ ഇന്ത്യയുടേത്‌. ഒരു വെള്ളിയും അഞ്ച്‌ വെങ്കലവുമടക്കം ആറ്‌ മെഡൽ. മെഡൽ പട്ടികയിൽ 71–-ാംസ്ഥാനത്ത്‌. കഴിഞ്ഞതവണ സ്വർണമടക്കം ഏഴ്‌ മെഡലും 48–-ാംസ്ഥാനവുമായിരുന്നു. ടോക്യോയിൽനിന്ന്‌  പാരിസിലെത്തിയപ്പോൾ മറ്റു രാജ്യങ്ങൾ ഇന്ത്യയെക്കാൾ മുന്നോട്ടുപോയി. ഇന്ത്യ ഓടിയത്‌ പിന്നോട്ടാണ്‌. ഇതിനുമുമ്പ്‌ 1996ൽ അറ്റ്‌ലാന്റയിലും 2000ൽ സിഡ്‌നിയിലുമാണ്‌ 71–-ാംസ്ഥാനമുണ്ടായിരുന്നത്‌. അന്ന്‌ രണ്ട്‌ ഒളിമ്പിക്‌സിലും ഓരോ വെങ്കലംമാത്രം. ഇത്തവണ ഇന്ത്യക്ക്‌ 117 അംഗ സംഘമായിരുന്നു. മുൻ ഷൂട്ടിങ് താരവും ഒളിമ്പ്യനുമായ ഗഗൻ നരംഗ്‌ സംഘത്തലവനായ ടീമിൽ 140 ഒഫീഷ്യലുകളും സപ്പോർട്ടിങ്‌ സ്‌റ്റാഫും ഉണ്ടായിരുന്നു.

അത്‌ലറ്റിക്‌സിൽ 29 അംഗ ടീമായിരുന്നു. ജാവലിൻത്രോയിൽ നീരജ്‌ ചോപ്രയുടെ വെള്ളി മെഡൽമാത്രം. അവിനാഷ്‌ സാബ്‌ലേ 3000 മീറ്റർ സ്‌റ്റീപ്പിൾചേസിൽ ഫൈനലിലെത്തിയെന്ന്‌ മേനിനടിക്കാം. ഇന്ത്യൻ വനിതാറിലേ ടീമിന്റെ ദയനീയപ്രകടനം മാത്രംമതി ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ വളർച്ച എങ്ങോട്ടെന്നറിയാൻ. 4 x 400 മീറ്റർ റിലേയിൽ ഹീറ്റ്‌സിൽ അവസാനസ്ഥാനത്തായാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. വിത്യരാമരാജ്‌, ജ്യോതിക ശ്രീനന്ദി, എം ആർ പൂവമ്മ, ശുഭ വെങ്കിടേശൻ എന്നിവർ ഉൾപ്പെട്ട ടീം മൂന്നു മിനിറ്റ്‌ 32.51 സെക്കൻഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. 40 വർഷംമുമ്പ്‌ 1984 ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീം ഫൈനലിലെത്തിയിരുന്നു. അന്ന്‌ മലയാളികളായ പി ടി ഉഷയും ഷൈനി വിൽസനും എം ഡി വത്സമ്മയും കർണാടകക്കാരി വന്ദനാറാവുവും ഫൈനലിലെത്തിയിരുന്നു. അവർ ഫൈനലിൽ എടുത്തസമയം ഇപ്പോഴത്തെ ടീമിനെക്കാൾ കുറവായിരുന്നു (മൂന്നു മിനിറ്റ്‌ 32.49 സെക്കൻഡ്‌).  
അമ്പെയ്‌ത്തിൽ ആറംഗസംഘത്തെ അണിനിരത്തിയെങ്കിലും മെഡൽ സാധിച്ചില്ല. ധീരജ്‌ ബൊമ്മദേവരയും അങ്കിത ഭഗതും നാലാംസ്ഥാനം നേടിയതാണ്‌ പ്രധാനനേട്ടം. പുരുഷവിഭാഗം ടീം ഇനത്തിൽ ധീരജ്‌, തരുൺദീപ്‌ റായ്‌, പ്രവീൺ ജാദവ്‌ എന്നിവർ ക്വാർട്ടറിലെത്തി. വനിതകളിൽ ദീപിക കുമാരിയും ടീം ഇനത്തിൽ ദീപിക, അങ്കിത, ഭജൻ കൗർ സഖ്യവും ക്വാർട്ടറിൽ മടങ്ങി.

ബാഡ്‌മിന്റണിൽ മെഡൽ ഉറപ്പിച്ചാണ്‌ ഏഴംഗ ടീം പാരിസിലെത്തിയത്‌. ലക്ഷ്യസെൻ നേടിയ നാലാംസ്ഥാനംമാത്രം. രണ്ട്‌ ഒളിമ്പിക്‌ മെഡലുള്ള പി വി സിന്ധു പ്രീക്വാർട്ടറിൽ കീഴടങ്ങി. മലയാളിതാരം എച്ച്‌ എസ്‌ പ്രണോയിയും പ്രീക്വാർട്ടറിൽ തീർന്നു. ഡബിൾസിൽ സാത്വിക്‌ സായ്‌രാജ്‌–-ചിരാഗ്‌ ഷെട്ടി സഖ്യം ക്വാർട്ടറിൽ കീഴടങ്ങി. താനിഷ്‌ ക്രസ്‌റ്റോ–-അശ്വിനി പൊന്നപ്പ സഖ്യം ഗ്രൂപ്പ്‌ഘട്ടത്തിൽ അവസാനിച്ചു.

ഇടിക്കൂട്ടിൽ കടുത്ത നിരാശയായിരുന്നു. നിഷാന്ത്‌ ദേവും ലവ്‌ലിന ബൊർഗൊഹെയ്‌നും ക്വാർട്ടറിൽ കടന്നതാണ്‌ ഏകനേട്ടം. അമിത്‌പംഗൽ, നിഖാത്‌ സരീൻ, പ്രീതി പവാർ എന്നിവർക്ക്‌ പ്രീക്വാർട്ടറിനപ്പുറം ആയുസ്സുണ്ടായില്ല. ജാസ്‌മിൻ ലംബോറിയ ആദ്യകളിയിൽ തോറ്റു. ടെന്നീസ്‌ ടീം തീർത്തും മങ്ങിപ്പോയി. സുമിത്‌ നാഗൽ ആദ്യറൗണ്ടിൽ തോറ്റു. രോഹൻ ബൊപ്പണ്ണ–-ശ്രീരാം ബാലാജി സഖ്യവും ആദ്യറൗണ്ടിൽ വീണു. അശ്വാഭ്യാസത്തിൽ അനുഷ്‌ അഗർവല്ലയ്‌ക്ക്‌ 52–-ാംസ്ഥാനം. ജുഡോയിലെ ഏക പ്രതിനിധി തൂലിക മാൻ ആദ്യകളിയിൽ തോറ്റു. ഭാരോദ്വഹനത്തിൽ മീരാഭായ്‌ ചാനുവിന്‌ കഴിഞ്ഞതവണത്തെ മെഡൽ പ്രകടനം ആവർത്തിക്കാനായില്ല. 199 കിലോ ഉയർത്തിയെങ്കിലും  നാലാമതായി. സെയ്‌ലിങ്ങിൽ വിഷ്‌ണു ശരവണൻ 18, നേത്ര കുമനൻ 21 സ്ഥാനങ്ങളിൽ ഒതുങ്ങി. തുഴച്ചിലിൽ ബൽരാജ്‌ പൻവർ 23–-ാംസ്ഥാനത്തായി.

നീന്തലിൽ ശ്രീഹരി നടരാജനും ധിനിധി ദേസിങ്കുവിനും മുന്നേറാനായില്ല. ശ്രീഹരിക്ക്‌ 33–-ാംസ്ഥാനമാണ്‌. ധിനിധിക്ക്‌ 23. ടേബിൾടെന്നീസിൽ ഇന്ത്യൻ ക്യാപ്‌റ്റൻ ശരത്‌ കമൽ ആദ്യറൗണ്ടിൽ തോറ്റു. മണിക ബാത്ര, ശ്രീജ അകുല, അർചന കാമത്ത്‌ എന്നിവർ ടീം ഇനത്തിൽ ക്വാർട്ടറിൽ കടന്നു.
ഗോൾഫിൽ ശുഭാങ്കർ 40, ഗഗൻജീത്‌ 45, അദിതി അശോക്‌ 29, ദിക്ഷ സാഗർ 49 എന്നിവർ പിന്തള്ളപ്പെട്ടു.

ഇന്ത്യൻടീമിന്‌ 
ചെലവിട്ടത്‌ 
470 കോടി
ഇന്ത്യൻടീമിന്റെ  ഒളിമ്പിക്‌സ്‌ തയ്യാറെടുപ്പിനായി കഴിഞ്ഞ മൂന്നുവർഷം ചെലവിട്ടത്‌ 470 കോടി രൂപ. അത്‌ലറ്റിക്‌സിനാണ്‌ കൂടുതൽ തുക ചെലവായത്‌. 96.08 കോടിയാണ്‌ 29 അംഗ ടീമിനായി ഉപയോഗിച്ചത്‌.ബാഡ്‌മിന്റൺ 72.02 കോടി, ബോക്‌സിങ്‌ 60.93 കോടി, ഷൂട്ടിങ്‌ 60.43 കോടി, ഹോക്കി 41.29 കോടി, അമ്പെയ്‌ത്ത്‌ 39.18 കോടി എന്നിങ്ങനെയാണ്‌ പ്രധാന ഇനങ്ങൾക്ക്‌ ചെലവഴിച്ച തുക. ഗുസ്‌തിക്കാർക്ക്‌ 37.80 കോടി ചെലവിട്ടു. ഭാരോദ്വഹനത്തിൽ 26.98 കോടിയുണ്ട്‌. കളിക്കാരുടെ വിദേശ പരിശീലനം ഉൾപ്പെടെയുള്ള തുകയാണിത്‌. ഒളിമ്പിക്‌സിന്‌ തൊട്ടുമുമ്പായി അത്‌ലറ്റിക്‌സ്‌ ടീം മൂന്നു രാജ്യങ്ങളിൽ പരിശീലനത്തിലായിരുന്നു. ഷൂട്ടിങ്ങിനും അമ്പെയ്‌ത്തിനുമാണ്‌ കൂടുതൽ ദേശീയ ക്യാമ്പുകൾ നടത്തിയത്‌–-41 വീതം. അത്‌ലറ്റിക്‌സിന്‌ 36.

 



deshabhimani section

Related News

View More
0 comments
Sort by

Home