‘ഡൈവിങ്’ ; ഒന്നാമതെത്താൻ ചൈനയും
 അമേരിക്കയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 11:09 PM | 0 min read

 

പാരിസ്‌
പാരിസ്‌ ഒളിമ്പിക്‌സ്‌ അവസാനിക്കാൻ രണ്ടുദിവസംമാത്രംശേഷിക്കെ ഒന്നാമതെത്താൻ അമേരിക്കയും ചൈനയും കടുത്ത പോരിൽ. അത്‌ലറ്റിക്‌സിലും നീന്തലിലും മെഡൽ വാരിയാണ്‌ അമേരിക്കയുടെ കുതിപ്പ്‌. ഷൂട്ടിങ്ങിലേയും ഡൈവിങ്ങിലേയും മികവിലൂടെ ചൈന മറുപടി നൽകുന്നു. അത്‌ലറ്റിക്‌സിലും ഡൈവിങ്ങിലും മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ  ചാമ്പ്യൻപട്ടത്തിനായി അവസാന ദിവസങ്ങളിൽ  മത്സരം കടുക്കും.

എട്ട്‌ സ്വർണവും 13 വെള്ളിയും ഏഴ്‌ വെങ്കലവുമടക്കം 28 മെഡലുകൾ അമേരിക്ക നീന്തൽക്കുളത്തിൽനിന്ന്‌ വാരി. ടോക്യോയിൽ 11 സ്വർണമടക്കം 30 മെഡലുകൾ നേടിയിരുന്നു. സ്വർണഖനിയായ അത്‌ലറ്റിക്‌സ്‌ ഇത്തവണയും അമേരിക്കയെ തുണച്ചു. ഒമ്പത്‌ സ്വർണവും 10 വെള്ളിയും എട്ട്‌ വെങ്കലവുമടക്കം 27 മെഡലുകൾ ഇതിനകം നേടി. റിലേയടക്കം അമേരിക്ക സ്വർണം പ്രതീക്ഷിക്കുന്ന ഇനങ്ങൾ നടക്കാനുണ്ട്‌. ജിംനാസ്റ്റിക്‌സിൽ മൂന്ന്‌ സ്വർണമടക്കം 10 മെഡലും അമേരിക്ക കരസ്ഥമാക്കി.

ആറ്‌ സ്വർണവും രണ്ട്‌ വെള്ളിയും ഡൈവിങ്ങിൽ നേടിയ ചൈന ‘വെടിവച്ചിട്ടത്‌’ 10 മെഡലുകളാണ്‌. ഷൂട്ടിങ്ങിൽ അഞ്ച്‌ സ്വർണം, രണ്ട്‌ വെള്ളി, മൂന്ന്‌ വെങ്കലം. നാല്‌ സ്വർണമാണ്‌ കഴിഞ്ഞ ഒളിമ്പിക്‌സിൽ നേടിയത്‌. ടേബിൾ ടെന്നിസും ബാഡ്‌മിന്റണും ചൈനയുടെ കുതിപ്പിന്‌ ബലമേകി. ടേബിൾ ടെന്നിസിൽ മൂന്ന്‌ സ്വർണവും ബാഡ്‌മിന്റണിൽ രണ്ട്‌ സ്വർണവും കരസ്ഥമാക്കി. 2008നുശേഷം ഒളിമ്പിക്‌ കിരീടം തിരികെപ്പിടിക്കാൻ ശക്തമായ പോരാട്ടമാണ്‌ ചൈന നടത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home