ഒറ്റവെടി ചരിത്രം ; മനു ഭാകർ ഫൈനലിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 05:33 PM | 0 min read

പാരിസ്‌
മനു ഭാകർ ഇന്ന്‌ വെടിവയ്‌ക്കുന്നത്‌ ചരിത്രത്തിലേക്കാണ്‌. ഒറ്റ ഒളിമ്പിക്‌സിൽ മൂന്ന്‌ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലീറ്റ്‌ എന്ന ബഹുമതിയാണ്‌ ഇരുപത്തിരണ്ടുകാരിയെ  കാത്തിരിക്കുന്നത്‌. വനിതകളുടെ ഷൂട്ടിങ്ങിൽ 25 മീറ്റർ പിസ്‌റ്റൾ ഫൈനൽ ഇന്ന്‌ പകൽ ഒന്നിനാണ്‌. പാരിസിൽനിന്ന്‌ 300 കിലോമീറ്റർ അകലെയുള്ള ഷാറ്റുറൂവിലെ ഷൂട്ടിങ്‌ സെന്ററിലാണ്‌ മത്സരം. ഇന്നലെ നടന്ന യോഗ്യതാറൗണ്ടിൽ രണ്ടാംസ്ഥാനത്തോടെയാണ്‌ ഹരിയാനക്കാരി ഫൈനലിലേക്ക്‌ ടിക്കറ്റെടുത്തത്‌. സഹതാരം ഇഷാ സിങ് 18–-ാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട്‌ പുറത്തായി.

വനിതകളുടെ 10 മീറ്റർ എയർ പിസ്‌റ്റളിൽ മനു നേടിയ വെങ്കലമായിരുന്നു പാരിസിലെ ആദ്യ ഇന്ത്യൻ മെഡൽ. തുടർന്ന്‌ മിക്‌സഡ്‌ ടീം ഇനത്തിൽ സരബ്‌ജോത്‌ സിങ്ങിനൊത്ത്‌ വെങ്കലം സ്വന്തമാക്കി. മൂന്നാംമെഡലിന്‌ സുവർണാവസരമാണ്‌ കൈവന്നിരിക്കുന്നത്‌. പ്രെസിഷൻ, റാപ്പിഡ്‌ ഫയർ എന്നീ രണ്ടുഘട്ടങ്ങളാണ്‌ മത്സരത്തിലുള്ളത്‌. ആദ്യഘട്ടത്തിൽ 294 പോയിന്റും രണ്ടാമത്തേതിൽ 296 പോയിന്റും കരസ്ഥമാക്കി. ഹംഗറിയുടെ വെറോണിക മേജർ 592 പോയിന്റുമായി ഒന്നാമതെത്തി. മനു 590 പോയിന്റോടെയാണ്‌ രണ്ടാംസ്ഥാനത്ത്‌.   ഇറാന്റെ ഹനിയെഹ്‌ റോസ്‌തമിയൻ 588 പോയിന്റെടുത്ത്‌ മൂന്നാമതെത്തി. എട്ടുപേരാണ്‌ ഫൈനലിലുള്ളത്‌. ഇന്ത്യൻ താരം ഇഷാ സിങ്ങിന്‌ 581 പോയിന്റ്‌ നേടാനേ കഴിഞ്ഞുള്ളൂ.

പുരുഷന്മാരുടെ സ്‌കീറ്റ്‌ ഇനത്തിൽ അനന്ത്‌ജീത്‌ സിങ്‌ നരുക യോഗ്യതാറൗണ്ടിൽ മങ്ങിപ്പോയി. 30 പേർ അണിനിരന്ന മത്സരത്തിൽ 26–-ാംസ്ഥാനംമാത്രം.

മനു പൊന്നാകുമോ
മനു ഭാകർ വിജയകഥകളിലെ രാജകുമാരിയാകുമോ? പാരിസിൽ പൊന്നണിഞ്ഞ്‌ ഇന്ത്യൻ വീരഗാഥ പാടുമോ? ഒരു തോക്ക്‌ അതിനുത്തരം നൽകും. ഷൂട്ടിങ്ങിൽ വനിതകളുടെ 25 മീറ്റർ പിസ്‌റ്റൾ ഫൈനലിൽ ഇന്ത്യയുടെ പൊൻപ്രതീക്ഷയാണ്‌ ഹരിയാനക്കാരി. ശനി പകൽ ഒന്നിനാണ്‌ മെഡൽ പോരാട്ടം. ഒളിമ്പിക്‌സിലെ നാലാമത്തെ മെഡൽ മുഴക്കത്തിനാണ്‌ രാജ്യം കാതോർക്കുന്നത്‌. ഒറ്റ ഒളിമ്പിക്‌സിൽ മൂന്ന്‌ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലീറ്റ്‌ എന്ന അപൂർവതയും മനുവിനെ കാത്തിരിക്കുന്നു. യോഗ്യതാറൗണ്ടിൽ രണ്ടാമതെത്തിയാണ്‌ ഇരുപത്തിരണ്ടുകാരി മുന്നേറിയത്‌.

പുരുഷ ഹോക്കിയിൽ 52 വർഷത്തിനുശേഷം കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്‌ത്താനായതാണ്‌ മറ്റൊരു പ്രധാന നേട്ടം. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ്‌ രക്ഷകനായി അവതരിച്ച മത്സരത്തിൽ 3–-2നാണ്‌ ജയം. ഇന്ത്യ നേരത്തെ ക്വാർട്ടർ ഉറപ്പാക്കിയിട്ടുണ്ട്‌.  അമ്പെയ്‌ത്ത്‌ മിക്‌സഡ്‌ ടീം ഇനത്തിൽ അങ്കിത  ഭഗതും ധീരജ്‌ ബൊമ്മദേവരയും  വെങ്കലല മെഡൽ മത്സരത്തിൽ അമേരിക്കയോട്‌ പരാജയപ്പെട്ടു.

 ബാഡ്മിന്റണിൽ ലക്ഷ്യസെൻ സെമിയിൽ കടന്നു.ഓവറോൾ കിരീടത്തിനുള്ള മുഖാമുഖത്തിൽ ചൈനയും അമേരിക്കയും ബലാബലം നിൽക്കുന്നു. 13 സ്വർണവുമായി ഒന്നാമതുള്ള ചൈനയ്‌ക്ക്‌ 27 മെഡലുണ്ട്‌. അമേരിക്ക ഒമ്പത്‌ സ്വർണമടക്കം 41 മെഡലുമായി പിന്തുടരുന്നു. ഇന്ത്യ മൂന്ന്‌ വെങ്കലവുമായി 44–-ാം സ്ഥാനത്താണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home