പ്രകാശം പരക്കട്ടെ ; പാരിസിൽ ഒളിമ്പിക് ദീപം തെളിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 01:27 AM | 0 min read

പാരിസ്‌
ഈഫൽ ഗോപുരം സാക്ഷി. സെൻ നദിയുടെ ഹൃദയത്തിലൂടെ ഒഴുകിയെത്തിയ അത്‌ലീറ്റുകൾ ഒറ്റ മനസ്സോടെ സംഗമിച്ചപ്പോൾ പാരിസിൽ ദീപം തെളിഞ്ഞു. അതിന്റെ പ്രകാശം ലോകമാകെ പരന്നു. നൂറ്റാണ്ടിനുശേഷം വിപ്ലവമണ്ണിലെത്തിയ ഒളിമ്പിക്‌സിന്‌ സ്വാഗതം. ഇനി 16 ദിവസം കണ്ണും കാതും ‘വെളിച്ചത്തിന്റെ നഗരത്തിലേക്ക്‌’ തുറന്നുവയ്‌ക്കാം.

പാരിസ്‌ ഇനി കളിയുടെ മാത്രമല്ല വിശ്വസാഹോദര്യത്തിന്റെയും കളിത്തട്ടായി മാറും. സമത്വവും സ്വാതന്ത്ര്യവും വാഴ്‌ത്തിപ്പാടിയ ജനത കൂടുതൽ വേഗത്തിലും ദൂരത്തിലും ഉയരത്തിലും ചുവടുവയ്‌ക്കാൻ ആഹ്വാനം ചെയ്യും. ലോകത്തിലെ ചെറുതും വലുതുമായ രാജ്യങ്ങളുടെ കൊടിക്കീഴിൽ അണിനിരന്ന  പതിനൊന്നായിരത്തോളം അത്‌ലീറ്റുകൾക്ക്‌ അതൊരു വിജയമന്ത്രമാകും. 35 വേദികളിലായി 32 കായിക ഇനങ്ങളിൽ 329 സ്വർണമെഡലുകൾക്കായി പോരാട്ടം മുറുകും. പാരിസ്‌ അങ്ങനെ ഒരിക്കൽക്കൂടി പോരാട്ടഭൂമിയായി മാറും. കനത്ത സുരക്ഷാവലയത്തിലായിരുന്നു ഉദ്‌ഘാടനച്ചടങ്ങ്‌. ഫ്രാൻസിൽ റെയിൽ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമം നടന്നതിനാൽ സുരക്ഷ കൂട്ടി. ഇന്ത്യൻ സമയം രാത്രി 11ന്‌ തുടങ്ങിയ ഉദ്‌ഘാടനച്ചടങ്ങുകൾ നാല്‌ മണിക്കൂറോളം  നീണ്ടു. സെൻ നദിയിലൂടെയുള്ള അത്‌ലീറ്റുകളുടെ മാർച്ച്‌പാസ്റ്റായിരുന്നു മുഖ്യ ആകർഷണം. ഏകദേശം 7000 അത്‌ലീറ്റുകൾ 94 ബോട്ടുകളിൽ ആറ്‌ കിലോമീറ്റർ നദിയിലൂടെ സഞ്ചരിച്ചു. ചരിത്രത്തിലാദ്യമായാണ്‌ ഉദ്‌ഘാടനച്ചടങ്ങുകൾ സ്റ്റേഡിയത്തിന്‌ പുറത്തുനടന്നത്‌. ഇന്ത്യക്കായി ബാഡ്‌മിന്റൺ താരം പി വി സിന്ധുവും ടേബിൾ ടെന്നീസ്‌ താരം ശരത്‌ കമലും പതാകയേന്തി. 117 അത്‌ലീറ്റുകളാണ്‌ അണിനിരന്നത്‌.

ഓസ്റ്റർ ലിറ്റ്‌സ്‌ പാലത്തിനടുത്തുനിന്ന്‌ തുടങ്ങിയ ‘ബോട്ട്‌മാർച്ച്‌’ ഈഫൽ ഗോപുരത്തിന്‌ അഭിമുഖമായുള്ള തുറന്നവേദിയായ ദ്രൊക്കാഡെറൊ ഉദ്യാനത്തിൽ അവസാനിച്ചു. തുടർന്ന്‌ ഫ്രഞ്ച്‌ കലയും സംസ്‌കാരവും പ്രതിഫലിപ്പിച്ച ദൃശ്യമേള. പോപ്‌ ഗായകരായ സെലിൻ ഡിയോണും ലേഡി ഗാഗയും ആരാധകരെ ത്രസിപ്പിച്ചു. ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ 33–-ാം ഒളിമ്പിക്‌സ്‌ ഉദ്‌ഘാടനം ചെയ്‌തതായി പ്രഖ്യാപിച്ചു.

ഒളിമ്പിക് ദീപം 
കൊളുത്തിയത്‌ പെരക്കും 
ടെഡ്ഡിയും
നാലുമണിക്കൂർ നീണ്ട ഉദ്‌ഘാടന ചടങ്ങിനൊടുവിൽ ഫ്രാൻസിന്റെ ഒളിമ്പിക്‌ ജേതാക്കളായ മേരി ജോസ്‌ പെരക്കും ടെഡ്ഡി റൈനറും ചേർന്ന്‌ ദീപം കൊളുത്തി. അമ്പത്താറുകാരിയായ പെരക്‌ 1992 ബാഴ്‌സലോണ ഒളിമ്പിക്‌സിൽ 400 മീറ്ററിൽ സ്വർണം നേടിയിട്ടുണ്ട്‌. 1996ൽ അത്‌ലാന്റയിൽ 200, 400 മീറ്റർ ജയിച്ച്‌ ഡബിൾ തികച്ചു. 35കാരനായ ടെഡ്ഡിയ്‌ക്ക്‌ മൂന്ന്‌ ഒളിമ്പിക്‌ സ്വർണ്ണവും 11 ലോകചാമ്പ്യൻഷിപ്പുമുണ്ട്‌. ഇവർ കൊളുത്തിയ ബലൂൺ വാനിലേക്ക്‌ പറന്നുയർന്നു.

  സെൻ നദിയിലൂടെയുള്ള ബോട്ട്‌ പര്യടനത്തിന്‌ ശേഷം അത്‌ലീറ്റുകൾ ഈഫൽ ഗോപുരത്തിന്‌ അരികിലുള്ള ദ്രൊക്കാർഡെറോ ഉദ്യാനത്തിൽ സംഗമിച്ചശേഷമായിരുന്നു ദീപം തെളിഞ്ഞത്‌. യന്ത്രക്കുതിപ്പുറത്ത്‌ ഒളിമ്പിക്‌സ്‌ പതാകയും വേദിയിലെത്തിച്ചു.  സംഘാടകസമിതി തലവൻ ടോണി എസ്റ്റാൻബുട്ട്‌ പാരിസിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്‌തു. രാജ്യാന്തര ഒളിമ്പിക്‌ സമിതി പ്രസിഡന്റ്‌ തോമസ്‌ ബാക്ക്‌ സംസാരിച്ചു. ഒളിമ്പിക്‌ സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്‌തു.  ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ ഉദ്‌ഘാടനം ചെയ്‌തു. അത്‌ലീറ്റുകൾ ഒളിമ്പിക്‌ പ്രതിജ്ഞയെടുത്തു. തുടർന്ന്‌ വേദിയിലെത്തിയ ഫ്രഞ്ച്‌ ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാൻ ദീപശിഖ സ്‌പാനിഷ്‌ ടെന്നീസ്‌ താരം റാഫേൽ നദാലിന്‌ കൈമാറി.

ദീപശിഖയുമായി സെൻ നദിയിൽ ബോട്ട്‌യാത്ര നടത്തിയ നദാലിനെ അമേരിക്കയുടെ ടെന്നീസ്‌ വിസ്‌മയം സെറീന വില്യംസ്‌, അമേരിക്കൻ സ്‌പ്രിന്റ്‌ ഇതിഹാസം കാൾ ലൂയിസ്‌, റുമാനിയൻ ജിംനാസ്റ്റിക്‌ താരം നാദിയ കൊമനേച്ചി എന്നിവർ അനുഗമിച്ചു. ദീപശിഖ നദാലിൽ നിന്ന്‌ ഫ്രഞ്ച്‌ ടെന്നീസ്‌ താരം അമേലി മൗറെസ്‌ മോയുടെ കൈകളിലേക്കും തുടർന്ന്‌ ഫ്രഞ്ച്‌ അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ മുൻതാരം ടോണി പാർക്കർ, പാരലമ്പിക്‌ താരങ്ങൾ, ഒളിമ്പിക്‌ മെഡൽ ജേതാക്കൾ എന്നിവരിലൂടെയാണ്‌ പെരക്കിന്റെയും ടെഡ്ഡിയുടെയും കൈയിൽ ദീപമെത്തിയത്‌.

മലയാളി താരങ്ങൾക്കും കോച്ചിനും 
അഞ്ച് ലക്ഷം വീതം
പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിലെ അഞ്ച് മലയാളി താരങ്ങൾക്കും അത്‍ലറ്റിക്സ് ചീഫ് കോച്ച് പി രാധാകൃഷ്ണൻ നായർക്കും സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം നൽകും. വെെ മുഹമ്മദ് അനസ്,  വി മുഹമ്മദ് അജ്മൽ (റിലേ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), പി ആർ ശ്രീജേഷ് (ഹോക്കി), എച്ച് എസ് പ്രണോയ് (ബാഡ്മിന്റൻ ) എന്നിവർക്കാണ് തുക അനുവദിച്ചതെന്ന് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു.   ഒളിമ്പിക്സിനുള്ള ഒരുക്കങ്ങൾക്കാണ്  തുക.   ഇന്ത്യൻ ടീമിന് മന്ത്രി വിജയാശംസകൾ നേർന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home