റഹിം പെരുന്നാളിന് മുൻപ് നാട്ടിലെത്തുമോ?; എക്സിറ്റ് വിസക്കായി കാത്തിരിക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കൊടമ്പുഴ സ്വദേശി അബ്ദുൾ റഹിമിന്റെ മോചനത്തിനായുള്ള നടപടികൾ പുരോഗമിക്കുന്നതായി സഹായ സമിതി. ഏതുനിമിഷവും നടപടി പൂർത്തിയാക്കി സ്വദേശത്തേക്ക് മടങ്ങാനുള്ള എക്സിറ്റ് വിസ കിട്ടുമെന്ന പ്രതീക്ഷയിലാണെന്നും സമിതി അറിയിച്ചു. എക്സിറ്റ് വിസ ലഭിച്ചാൽ രാജ്യം വിടാൻ ആവശ്യമായ രേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.
സൗദിയിൽ ബലി പെരുന്നാൾ അവധി തുടങ്ങുന്നതിനാൽ നടപടി വൈകുമോയെന്ന ആശങ്കയുണ്ട്. എങ്കിലും ജയിലിലും മറ്റ് വകുപ്പുകളിലും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂരും അന്തിമ നടപടികൾ പൂർത്തിയാക്കാനായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ലോക മലയാളികൾ കാതോർക്കുന്ന വാർത്ത എത്രയും പെട്ടന്ന് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.
രാമനാട്ടുകര നഗരസഭയിലെ കോടമ്പുഴ പരേതനായ മച്ചിലകത്ത് പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമ (പാത്തു)യുടെയും മകനായ അബ്ദുറഹീം 2006 നവംബർ 28ന് 26-ാം വയസിലാണ് ഡ്രൈവർ ജോലിക്കായി റിയാദിലെത്തിയത്. ഡിസംബർ 24നാണ് സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ അസുഖമുള്ള മകൻ അനസ് അൽ ശഹ്‌രി(15)യുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായി അബ്ദുറഹീമിനെ റിയാദ് ഇസ്കാനിലെ ജയിലിലടക്കപ്പെട്ടത്.
കേസിൽ വധശിക്ഷ വിധിച്ച് 18 വർഷം പിന്നിട്ടപ്പോഴാണ് 34 കോടി രൂപ ദിയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയത്. ഇതേ തുടർന്നാണ് കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. ദിവസങ്ങൾക്കകം 48 കോടി രൂപ റഹീമിന്റെ മോചനത്തിനായി സമാഹരിച്ചു. ഇതിൽ 34 കോടി രൂപ മരണപ്പെട്ട സൗദി ബാലന്റെ കുടുംബത്തിനും ഒന്നര കോടി രൂപ സൗദിയിൽ അഭിഭാഷകനും നൽകി.









0 comments