ad
Deshabhimani

വി എസ്‌ ഏവർക്കും മാതൃക: പി ജയരാജൻ

v s jayarajan
വെബ് ഡെസ്ക്

Published on Aug 06, 2026, 03:12 PM | 1 min read

ദുബായ് : എട്ട് പതിറ്റാണ്ടിലധികം നീണ്ട വി എസിന്റെ പൊതുജീവിതം ഓരോ പൊതുപ്രവർത്തകനും മാതൃകയാക്കേണ്ടതാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായുമൊക്കെ പ്രവർത്തിച്ച കാലഘട്ടങ്ങളിൽ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് വി എസ് നേതൃത്വം നൽകിയത്‌. കൈയേറ്റക്കാരുടെയും അഴിമതിക്കാരുടെയും സ്‌ത്രീപീഡകരുടെയും വർഗീയ ശക്തികളുടെയും പേടിസ്വപ്നമായിരുന്നു അദ്ദേഹമെന്നും ജയരാജൻ പറഞ്ഞു. വി എസ് അച്യുതാനന്ദന്റെ ഓർമപുതുക്കി ദുബായ്‌ പ്രവാസികൾ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കുട്ടനാട്ടിലെ തൊഴിലാളികളെ സംഘടിപ്പിക്കാനായി തുടക്കകാലത്ത് പ്രവർത്തിച്ച വി എസ്, സാധാരണ ജനങ്ങൾക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിൽ തന്റെ പ്രസംഗശൈലി രൂപപ്പെടുത്തി. പിന്നീട് അതിനെ ജനകീയ രാഷ്‌ട്രീയത്തിന്റെ ശക്തമായ ആയുധമാക്കി മാറ്റിയതും ജയരാജൻ അനുസ്മരിച്ചു. പതിനേഴാം വയസ്സിൽ പാർടി അംഗമായതും പുന്നപ്ര-വയലാർ സമരകാലത്ത് അറസ്റ്റിലായി ക്രൂരമർദനമേറ്റതും ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ എ കെ ജിയെപ്പോലെ ജയിലിലായിരുന്നതും അദ്ദേഹത്തിന്റെ പോരാട്ടജീവിതത്തിന്റെ ഭാഗമാണെന്നും പി ജയരാജൻ പറഞ്ഞു.


തെരഞ്ഞെടുപ്പ് പരാജയങ്ങൾക്കുശേഷവും ജനങ്ങൾക്കൊപ്പമുള്ള ഇടപെടലിലൂടെ ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ ആദ്യമാസങ്ങളിലെ നടപടികൾ തന്നെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടുന്നതാണ്‌. വിഴിഞ്ഞം തുറമുഖത്തിലെ ഓഹരികൾ കോർപറേറ്റുകൾക്ക് കൈമാറാനുള്ള തീരുമാനം പ്രതിഷേധാർഹമാണ്‌. എൽഡിഎഫ് സർക്കാർ മരവിപ്പിച്ച നടപടികൾ വീണ്ടും മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമം സംഘപരിവാർ അനുകൂല സമീപനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.


ലോക കേരള സഭാംഗം എൻ കെ കുഞ്ഞമ്മദ് അധ്യക്ഷനായി. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, പ്രസിഡന്റ് അംബുജാക്ഷൻ, ട്രഷറർ സാദിഖ് പാനൂർ എന്നിവർ സമസാരിച്ചു. അനീഷ് മണ്ണാർക്കാട് സ്വാഗതവും കെ വി സജീവൻ നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home