ഹിമാചലിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 8 പേർക്ക് ദാരുണാന്ത്യം

ചമ്പ: ഹിമാചൽ പ്രദേശിലെ ചമ്പയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് മരണം. പത്തോളം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം. ബൈരാഗഡിൽ നിന്ന് ചമ്പയിലേക്ക് പോവുകയായിരുന്ന ശർമ്മ ബസ് സർവീസിന്റെ വാഹനമാണ് ചമ്പ ജില്ലയിലെ ദേവികോത്തി പ്രദേശത്ത് ചലുഞ്ച് മോറിന് സമീപം അപകടത്തിൽപ്പെട്ടത്.
രാവിലെ 6.30 ഓടെ പുറപ്പെട്ട വാഹനം കനത്ത മഴയെത്തുടർന്നുള്ള വഴുക്കലിൽ അപകടത്തിൽ പെട്ടതാകാമെന്നാണ് നിഗമനം. അപകടസമയത്ത് ബസിൽ 18 പേരുണ്ടായിരുന്നു. വാഹനം മറിഞ്ഞ് താഴെയുള്ള റോഡിലേക്ക് പതിക്കുകയായിരുന്നു. യാത്രക്കാരുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.
യാത്രക്കാരിൽ പലരും ബസിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു. പൊലീസ്, ഫയർ ഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പത്തോളം പേരെ ഗുരുതരപരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിലെ 185 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. മണ്ണിടിച്ചിലും വെള്ളക്കെട്ടും മൂലം പലയിടത്തും ഗതാഗതം പൂർണമായും സ്തംഭിച്ച അവസ്ഥയാണ്.










0 comments