രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാന്‍ പണമാവശ്യപ്പെട്ടെന്ന് പരാതി

രാജേഷ്
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട രാജേഷിന്റെ മൃതദേഹം കൊണ്ടുവരാൻ പണമാവശ്യപ്പെട്ടെന്ന് പരാതി. പയ്യന്നൂർ തഹസിൽദാർ പണമാവശ്യപ്പെട്ടതായാണ് ചെറുപുഴ റിവർ റാഫ്റ്റിങ് സൊസൈറ്റി പ്രസിഡന്റ് വി എ അനൂപ് പറഞ്ഞു. ആംബുലൻസ് വിളിക്കാൻ 25,000 രൂപ വേണമെന്നാണ് ആവശ്യപ്പെട്ടത്. തുക പണമായി നൽകാൻ നിർദേശിച്ചെന്നും ആരോപണമുണ്ട്.
പഞ്ചായത്ത് അംഗത്തിന് 10,000 രൂപ നൽകിയെന്നും ഈ തുക പിന്നീട് തിരിച്ചുനൽകിയെന്നും അനൂപ് പറഞ്ഞു. കണ്ണൂർ കളക്ടർക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു ജീവൻ രക്ഷിക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ രാജേഷിനോട് അനാദരവ് കാണിച്ചെന്ന പരാതികള്‍ക്ക് പിന്നാലെയാണ് പുതിയ ആരോപണം. ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട മറ്റൊരാളെ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് അഴിച്ചുനൽകിയ ശേഷമാണ് രാജേഷ് തിരികെ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ചത്. നാലുദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
രാജേഷിനായി തിരച്ചിൽ നടക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന്റെ ഏകോപനച്ചുമതലയുള്ള തഹസിൽദാർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. വിഐപി വിവാഹച്ചടങ്ങിന്റെ അകമ്പടി ചുമതലയിലായിരുന്നതിനാലാണ് തഹസിൽദാർ സ്ഥലത്തെത്താതിരുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.
മൃതദേഹം കണ്ടെത്തിയ ശേഷവും അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. നാല് ദിവസം വെള്ളത്തിൽ കിടന്ന മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ മൊബൈൽ മോർച്ചറി സൗകര്യമുള്ള ആംബുലൻസ് ലഭ്യമാക്കാൻ തഹസിൽദാറും പരിയാരം മെഡിക്കൽ കോളേജ് അധികൃതരും സഹായിച്ചില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. പരിയാരത്തുനിന്ന് വിട്ട മൃതദേഹം മൊബൈൽ മോർച്ചറി സൗകര്യമില്ലാത്ത ആംബുലൻസിലാണ് കൊണ്ടുപോയത്. മൃതദേഹം എംബാം ചെയ്തിരുന്നില്ല.
കോഴിക്കോട് എത്തിയപ്പോഴേക്കും മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിക്കുകയും ചാവക്കാട് എത്തിയപ്പോൾ മൃതദേഹം പൊതിഞ്ഞിരുന്ന കവചം പൊട്ടിയൊലിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. തുടർന്ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മൃതദേഹം വീണ്ടും പൊതിഞ്ഞ് മൊബൈൽ മോർച്ചറി സൗകര്യമുള്ള ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു. ഈ ആംബുലൻസ് പന്തളത്ത് എത്തിയപ്പോൾ കേടായതിനെ തുടർന്ന് മറ്റൊരു ആംബുലൻസിലാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.
ജീവൻ പണയംവെച്ച് മറ്റൊരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാജേഷിനെ കാണാതായത്. എന്നാൽ രക്ഷാപ്രവർത്തനം മുതൽ മൃതദേഹം വീട്ടിലെത്തിക്കുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായെന്ന പരാതികളാണ് തുടർച്ചയായി പുറത്തുവരുന്നത്.










0 comments