വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതിയുമായി യുഎഇ; നാലു പുതിയ സന്ദർശന വിസകൾ

അബുദാബി : വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികളും കൂട്ടിച്ചേർക്കലുകളുമായി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവ തിങ്കളാഴ്‌ചയാണ് പുതിയ വിസ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക വിസാ വിഭാഗങ്ങൾ ഉൾപ്പെടുത്തിയതാണ് ഏറ്റവും പ്രധാന മാറ്റം. നിർമിതബുദ്ധി(എഐ), വിനോദം, ഇവന്റുകൾ, ക്രൂയിസ് കപ്പലുകൾ, ഒഴിവുസമയ ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് പുതിയ വിസകൾ.
പുതുക്കിയ വിസ നിയമ പ്രകാരം പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരു വർഷത്തേയ്ക്ക് സാധുതയുള്ള ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ് അനുവദിക്കും. അതോറിറ്റിയുടെ തീരുമാനപ്രകാരം ഇത് നീട്ടാനും സാധ്യതയുണ്ട്.
പങ്കാളി മരണപ്പെട്ട വിദേശ വനിതയ്ക്കോ വിവാഹമോചിതയ്ക്കോ ഒരു വർഷത്തേക്ക് താമസാനുമതി ലഭിക്കും. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി സമാനമായ കാലയളവിലേക്ക് ഇത് പുതുക്കാം. മൂന്നാം തലമുറയിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സ്പോൺസറുടെ വരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന വിസിറ്റ് വിസയാണിത്. യുഎഇയിൽ ഒരു കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക സ്ഥിരത തെളിയിക്കുന്നവർക്കോ, രാജ്യത്തിന് പുറത്തുള്ള നിലവിലെ കമ്പനിയിൽ ഓഹരി ഉടമസ്ഥതയുള്ളവർക്കോ, അല്ലെങ്കിൽ പ്രഫഷനൽ വൈദഗ്ധ്യം തെളിയിക്കുന്നവർക്കോ വിസ ലഭിക്കും.
സ്പോൺസറുടെ സാന്നിധ്യം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ഗ്യാരണ്ടി എന്നിവ ഈ വീസയ്ക്ക് നിർബന്ധമാണ്. ഓരോ വിസാ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന കൃത്യമായ ഷെഡ്യൂളുകൾ പുറത്തിറക്കിയിട്ടുണ്ട്.
യുഎഇയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയ്ക്കും പ്രത്യേക വൈദഗ്ധ്യമുള്ള പ്രവാസികളെ ആകർഷിക്കുന്നതിനും ഈ പുതിയ വിസ നിയമങ്ങൾ സഹായകമാവുമെന്നാണ് വിലയിരുത്തൽ.









0 comments