ജിസിസി പ്രവാസികൾക്ക് കുവൈത്തിൽ വിനോദസഞ്ചാര വിസ

Image: Gemini AI

സ്വന്തം ലേഖകൻ
Published on Aug 11, 2025, 03:19 PM | 1 min read
കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് കുവൈത്തിൽ ‘ഓൺ അറൈവൽ’ വിനോദസഞ്ചാര വിസ അനുവദിക്കുന്നതായി ആഭ്യന്തര മന്ത്രാലയം. ഇതിനായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹിന്റെ നിർദേശപ്രകാരം 2025-ലെ 1386–-ാം നമ്പർ മന്ത്രിതല പ്രമേയം പുറത്തിറക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു.
പുതിയ നിയമപ്രകാരം, യോഗ്യരായ യാത്രക്കാർക്ക് ജിസിസി രാജ്യങ്ങളിൽ കുറഞ്ഞത് ആറുമാസത്തെ സാധുവായ താമസാനുമതി ഉണ്ടായിരിക്കണം. ഇതോടെ, കുവൈത്തിലെ വിമാനത്താവളങ്ങളിലും കര അതിർത്തി കവാടങ്ങളിലും എത്തിച്ചേരുമ്പോൾ നേരിട്ട് വിനോദസഞ്ചാര വിസ ലഭ്യമാകും. ഈ തീരുമാനം 2008-ലെ 1228–-ാം നമ്പർ മന്ത്രിതല പ്രമേയം പൂർണമായും മാറ്റിസ്ഥാപിക്കുന്നു. പഴയ വ്യവസ്ഥകൾ പുതുക്കിയ നിയന്ത്രണവുമായി പൊരുത്തപ്പെടുത്തുന്നതിനായി റദ്ദാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
മേഖലയ്ക്കുള്ളിൽ യാത്ര സുഗമമാക്കുകയും വിനോദസഞ്ചാര മേഖലയെ കൂടുതൽ സജീവമാക്കുകയും ചെയ്യുന്നതിനുള്ള കുവൈത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. ഉത്തരവ് നടപ്പാക്കാനുള്ള ചുമതല മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയെ ഏൽപ്പിച്ചിട്ടുണ്ട്.









0 comments