പ്രവാസി തൊഴിലാളികളുടെ വിസ മാറ്റം; കുവൈത്തിൽ മെയ്‌മുതൽ അനുമതി

കുവൈത്ത് സിറ്റി : പ്രവാസി തൊഴിലാളികളുടെ വിസ മാറ്റത്തിന് അനുമതി നൽകുന്ന പുതിയ തീരുമാനം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താൽപ്പര്യങ്ങൾ തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ- യൂസഫ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
നടപടി മെയ്‌മുതൽ ജൂൺ അവസാനംവരെ പ്രാബല്യത്തിലുണ്ടാകുമെന്ന് മാനവശേഷി അതോറിറ്റി ഡയറക്ടർ എൻജിനിയർ റബാബ് അൽ ഒസൈമി വ്യക്തമാക്കി. ചെറുകിട–ഇടത്തരം സംരംഭങ്ങൾ, വ്യവസായം, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ നിയന്ത്രിത മേഖലകളിൽനിന്നുള്ള തൊഴിലാളികൾക്കാണ് താൽക്കാലിക ഇളവ് ലഭ്യമാകുക. നിർദിഷ്‌ട വ്യവസ്ഥകളോടെയാണ് വിസ മാറ്റം അനുവദിക്കുക. നിലവിലെ തൊഴിലുടമയുടെ നിർബന്ധിത അനുമതി ഉൾപ്പെടെയുള്ള നിബന്ധന പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു. ഈ കാലയളവിൽ നടക്കുന്ന വിസ മാറ്റവുമായി ബന്ധപ്പെട്ട തൊഴിലാളി പരാതികൾ അതോറിറ്റി സ്വീകരിക്കില്ല. നടപടി താൽക്കാലികവും കർശന നിയന്ത്രണങ്ങൾക്ക് വിധേയവുമാണെന്നും അൽ- ഒസൈമി വ്യക്തമാക്കി.
വിസ മാറ്റത്തിനുള്ള അപേക്ഷകൾ ‘അസൽ/ കമ്പനീസ്’ ഓൺലൈൻ സേവനത്തിലൂടെയായിരിക്കും സ്വീകരിക്കുക. നിയമാനുസൃത നടപടികൾ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനുമാണ് സംവിധാനം ഉപയോഗിക്കുന്നത്. തൊഴിൽ വിപണിയിലെ സ്ഥിരതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനൊപ്പം നിലവിലുള്ള തൊഴിലാളികളെ പരമാവധി പ്രയോജനപ്പെടുത്താനാണ് പുതിയ തീരുമാനം ലക്ഷ്യമിടുന്നത്.









0 comments