വെനസ്വേല ഭൂചലനം: 70 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ച് യുഎഇ

ദുബായ്: ശക്തമായ ഭൂചലനങ്ങളിൽ 5000-ൽ അധികംപേർ മരിക്കുകയും വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്ത വെനസ്വേലയിലേക്ക് 70 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ അയച്ച് യുഎഇ. വെനസ്വേലൻ അധികൃതരുടെ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനായാണ് സഹായം. മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ടെന്റുകൾ, താൽക്കാലിക പാർപ്പിടത്തിനുള്ള സാമഗ്രികൾ എന്നിവ ഉൾപ്പെടുന്നതാണ് സഹായം. യുഎഇ എയ്ഡ് ഏജൻസിയുടെ നേതൃത്വത്തിൽ കാരക്കാസിലെ യുഎഇ എംബസിയുമായി സഹകരിച്ചാണ് സഹായവിതരണം നടത്തിയത്.
പരിക്കേറ്റവരുടെ ചികിത്സയ്ക്കും അടിയന്തര പാർപ്പിട സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ സഹായം നിർണായകമാകുമെന്ന് യുഎഇ എയ്ഡ് ഏജൻസി ചെയർമാൻ ഡോ. താരിഖ് അഹമ്മദ് അൽ അമേരി അറിയിച്ചു. ഭൂചലനത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ലാഗ്വൈറ സംസ്ഥാനത്ത് നാശനഷ്ടങ്ങളും മാനുഷിക ആവശ്യങ്ങളും വിലയിരുത്താനായി ഏജൻസിയുടെ സംഘം സ്ഥലപരിശോധന തുടരുകയാണ്. കാരക്കാസിലെ ടെന്റ് സ്ഥാപിച്ച കേന്ദ്രങ്ങളും മെഡിക്കൽ ഗോഡൗണുകളും പതിവായി പരിശോധിച്ച് സഹായവിതരണം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തുന്നുണ്ട്. യുഎഇയുടെ അതിവേഗ ഇടപെടലിനെ വെനസ്വേല ആരോഗ്യ ഉപമന്ത്രി അലക്സാണ്ട്ര ജോസഫിന ഹെർണാണ്ടസ് പ്രശംസിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് മെഡിക്കൽ സാമഗ്രികൾ എത്തിച്ച ആദ്യ രാജ്യമാണ് യുഎഇയെന്നും അവർ പറഞ്ഞു.










0 comments