ad
Deshabhimani

യുഎഇയിലും കുവൈത്തിലും കോൺസുലർ സേവനങ്ങളിൽ അനിശ്ചിതത്വം; കരാർ റദ്ദാക്കി ഡൽഹി ഹൈക്കോടതി: പുതിയ ടെൻഡറിനും നിർദേശം

uae consular help
വെബ് ഡെസ്ക്

Published on Jul 16, 2026, 02:30 PM | 1 min read

കുവൈത്ത് സിറ്റി : നാല്‌ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ കോൺസുലർ സേവനങ്ങൾ പുറംകരാർ നൽകാനായി വിവിധ ഏജൻസികൾക്ക് നൽകിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി. കുവൈത്ത്‌, യുഎഇ, സിംഗപ്പുർ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട ടെൻഡറുകളാണ്‌ കോടതി റദ്ദാക്കിയത്‌. നാല് രാജ്യങ്ങളിലെയും സേവനങ്ങൾക്കായി ഒരു മാസത്തിനകം പുതിയ ടെൻഡർ നടപടി ആരംഭിക്കണമെന്നും വിദേശമന്ത്രാലയത്തോട് കോടതി നിർദേശിച്ചു.


ടെൻഡറിന്റെ സാങ്കേതിക മൂല്യനിർണയ ഘട്ടത്തിൽ അയോഗ്യരാക്കപ്പെട്ട രണ്ട് കമ്പനികൾ സമർപ്പിച്ച ഹർജിയിലാണ് നിർണായക വിധി. ടെൻഡർ നടപടിയിൽ കമ്പനികൾക്ക് മാർക്ക് നൽകിയതിന്റെ മാനദണ്ഡങ്ങൾ സുതാര്യമായി വെളിപ്പെടുത്തുന്നതിൽ ബന്ധപ്പെട്ട അധികൃതർ പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു. കുവൈത്തിൽ ഡ്യൂഡിജിറ്റൽ ഗ്ലോബലും യുഎഇയിൽ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസുമാണ്‌ സേവനങ്ങൾ നൽകാൻ കരാർ നേടിയിരുന്നത്‌. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകാൻ എത്ര സമയം വേണ്ടിവരുമെന്നത് ഇതുവരെ വ്യക്തതയില്ല. നടപടി പൂർത്തിയാകുംവരെ മുൻ സേവനദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണലിന് താൽക്കാലികമായി തുടരാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.


കോടതി നടപടി ആരംഭിച്ചതിനെ തുടർന്ന് കുവൈത്തിൽ എംബസി നേരിട്ടാണ് കോൺസുലർ സേവനങ്ങൾ നൽകുന്നത്. തത്കാൽ പാസ്‌പോർട്ട്, എൻആർഐ സർട്ടിഫിക്കറ്റ്, സിവിൽ ഐഡിയുടെ കാലാവധി അവസാനിക്കുന്നവർക്ക് ഹ്രസ്വകാല പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, ഇ-–വിസ എന്നിവ ഉൾപ്പെടെയുള്ള അത്യാവശ്യ സേവനങ്ങൾ മാത്രമാണ് നിലവിൽ നൽകുന്നത്. അബുദാബിയിൽ പുതിയ ക്രമീകരണം നിലവിൽ വരുന്നതുവരെ ബിഎൽഎസ് തുടരുമെന്നാണ് സൂചന.


ബിഎൽഎസിന്‌ പകരം ഡ്യൂഡിജിറ്റൽ പ്രവർത്തനം ആരംഭിച്ചതിനുപിന്നാലെ കുവൈത്തിൽ സേവന നിരക്കുകൾ ആറിരട്ടിവരെ ഉയർന്നിരുന്നു. ഇതിനെതിരെ പ്രവാസികളുടെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ്‌ കോടതി വിധി. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾക്ക് ഈടാക്കുന്ന സർവീസ് ഫീസ് വർധിച്ചതും പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്‌ടിച്ചിട്ടുണ്ട്‌. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകാൻ വൈകിയാൽ നാട്ടിലേക്ക്‌ മടങ്ങാനുള്ളവരടക്കമുള്ള പ്രവാസികൾക്ക്‌ ഇരുട്ടടിയാകും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home