തൃക്കാക്കര നഗരസഭ
മോണിറ്ററിങ് കമ്മിറ്റിയെച്ചൊല്ലി യുഡിഎഫിൽ ചേരിപ്പോര്

കാക്കനാട്
തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളിലെ വടംവലിയും ഭിന്നതയും രൂക്ഷമാകുന്നു. നഗരസഭയിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ മേൽനോട്ടത്തിനായി രൂപീകരിക്കേണ്ട മോണിറ്ററിങ് കമ്മിറ്റിയെച്ചൊല്ലിയാണിപ്പോൾ ഭരണപക്ഷത്ത് ചേരിപ്പോര്.
വ്യാഴാഴ്ച ചേർന്ന പൊതുമരാമത്ത് സ്ഥിരംസമിതി യോഗം യുഡിഎഫ് അംഗങ്ങൾതന്നെ ബഹിഷ്‌കരിച്ചു. പി കെ അലി, ഷേർളി ടോമി, പി എം യൂനസ് എന്നിവരാണ് ചെയർമാനെതിരെ കലാപക്കൊടിയുയർത്തി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. ഇതോടെ യോഗം ചേരാനായില്ല.
മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാൻ നേരത്തേ ധാരണയായതാണെങ്കിലും ചെയർമാൻ അന്തിമ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണെന്ന് ഇവർ ആരോപിക്കുന്നു. കോൺഗ്രസ് കൗൺസിലർ പി കെ അലി കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, വ്യാഴാഴ്ച ചേർന്ന യോഗത്തിലും വിഷയം ചർച്ചയ്ക്കെടുക്കാൻ പൊതുമരാമത്ത് ചെയർമാൻ തയ്യാറാകാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ഭരണപക്ഷത്തെ കടുത്തഭിന്നതയും ഗ്രൂപ്പ് പോരും നഗരസഭയിലെ വികസനപ്രവർത്തനങ്ങളെയും സുപ്രധാന ഭരണനടപടികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യുഡിഎഫ് ഭരണസമിതിയുടെയും പൊതുമരാമത്ത് ചെയർമാന്റെയും ധാർഷ്ട്യവും തന്നിഷ്ടവും സ്ഥിരംസമിതിയെ നോക്കുകുത്തിയാക്കുന്നതായി എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.











0 comments