യുഎഇയിലെ വേനൽച്ചൂട്; 8350 തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന

ദുബായ് : കടുത്ത വേനൽച്ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനായി ദുബായിൽ 8350 തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ പരിശോധന നടത്തി. തൊഴിലിടങ്ങളിൽ നേരിട്ടെത്തിയാണ് പരിശോധനയും ബോധവൽക്കരണവും സംഘടിപ്പിച്ചത്. 28 ആരോഗ്യവിദഗ്ധരുടെ സഹകരണത്തോടെയായിരുന്നു പരിശോധന. പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച് തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസുകളും നൽകി.
മുഹൈസിന, അൽ മൻഖൂൾ, അൽ ജദ്ദാഫ്, അൽ ഖിസൈസ്, അൽ മുറഖബാത്ത് എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. വിവിധ മേഖലകളിലുള്ള തൊഴിലാളികളിലേക്ക് സേവനം എത്തിക്കാനായി മുഹൈസിനയിൽ രണ്ടുഘട്ടങ്ങളിലായി പരിശോധനയും നടത്തി.
‘അപകടമില്ലാത്ത വേനൽക്കാലം’ എന്ന പേരിലുള്ള ക്യാമ്പയിൻ ജൂൺ 16ന് ആരംഭിച്ച് ആഴ്ചകളോളം തുടർന്നതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, ദീർഘനേരം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതിന്റെ അപകടങ്ങൾ എന്നിവയെക്കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കി. വേനൽക്കാലത്ത് ജോലി ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളും ആരോഗ്യകരമായ ശീലങ്ങളും സംബന്ധിച്ച വിവരങ്ങളും നൽകി. തൊഴിലാളികൾക്ക് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാനായി വിവിധ ഭാഷകളിലാണ് സന്ദേശങ്ങൾ നൽകിയത്.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബോധവൽക്കരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുരൂർ പറഞ്ഞു. തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലേക്കുതന്നെ പ്രതിരോധ ആരോഗ്യസേവനങ്ങൾ എത്തിക്കുന്നത് സുരക്ഷ ഉറപ്പാക്കുന്നതിന്റെ പ്രധാന ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വേനൽച്ചൂട് രൂക്ഷമായ മാസങ്ങളിൽ തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് വിദഗ്ധരുടെ സേവനവും ബോധവൽക്കരണവും ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. തൊഴിലിടങ്ങളിലെ ആരോഗ്യ-സുരക്ഷ മെച്ചപ്പെടുത്താനും വേനൽക്കാലവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കാനുമുള്ള വിപുലമായ നടപടികളുടെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.








0 comments