print edition കേരളത്തിൽ കെട്ട ഭരണം: പിണറായി

കണ്ണൂർ: അധികാരമേറ്റ് മൂന്നുമാസത്തിനകം കേരളത്തിലേത് കെട്ട ഭരണമായി മാറിക്കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. എന്താണ് ഭരണത്തിലൂടെ ലക്ഷ്യംവയ്‌ക്കുന്നതെന്ന് ചുരുങ്ങിയ കാലംകൊണ്ട് യുഡിഎഫ് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തെ മുന്നോട്ടുനയിക്കുകയല്ല, ഒരു ദശാബ്ദത്തെ നേട്ടങ്ങൾ തകർത്ത് പുറകോട്ടേക്ക് നടത്തുകയാണ്. മാങ്ങാട് പുതുക്കിപ്പണിത പി കൃഷ്ണപിള്ള മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ അഭിപ്രായ സ്വാതന്ത്ര്യം എവിടെ എത്തിനിൽക്കുന്നു. സർക്കാരിനെതിരായ വിമർശങ്ങൾ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കംചെയ്യുകയാണ്. മെറ്റ സ്വമേധയാ ഇടപെട്ടതാണെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു. സർക്കാർ ആവശ്യപ്പെട്ടതിനാലാണ് നടപടിയെന്ന് മെറ്റ വ്യക്തമാക്കിയതോടെ കള്ളം വെളിച്ചത്തായി.
വേണ്ടപ്പെട്ട ചിലർ പിടിയിലായപ്പോൾ തൂഫാൻ കാറ്റായത് നമ്മൾ കണ്ടില്ലേ. പരിശോധനക്ക് നേതൃത്വം നൽകിയ ഉന്നതരുടെയുൾപ്പെടെ കസേര തെറിച്ചു. പൊലീസിന്റെ കൈകൾ കെട്ടിവച്ചിരിക്കുകയാണ്. കാലടി സർവകലാശാലയിൽ നാടകം അവതരിപ്പിച്ചവർക്കെതിരെ കേസെടുത്തത് വിസിയെ കൊല്ലാൻ ശ്രമിച്ചെന്നുപറഞ്ഞാണ്.
പുതിയ സർക്കാരിന്റെ വിദ്യാഭ്യാസനയം പൂർണമായും കാവിയാണ്. എൽഡിഎഫ് ധാരണപത്രം ഒപ്പുവച്ചതിനാൽ പിഎം ശ്രീയിൽനിന്ന് പിന്മാറാനാകില്ലെന്ന് പ്രചരിപ്പിച്ചു. ഇപ്പോഴും ഇതേ കള്ളം ആവർത്തിക്കുകയാണ്. കോൺഗ്രസ് വേദിയിലുൾപ്പെടെ വന്ദേമാതരം പൂർണമായി ആലപിച്ചത് യാദൃച്ഛികമാണെന്ന് കരുതാനാകില്ല. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലും ഇതാണ് സംഭവിച്ചത്. വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് സർക്കുലർ ഇറക്കിയ ഏക സംസ്ഥാനം കേരളമാണെന്നും പിണറായി പറഞ്ഞു.










0 comments