ബ്രിട്ടീഷ് സര്‍വ്വകലാശാലകളെ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് പട്ടികയില്‍ നിന്ന് ഒഴിവാക്കി യുഎഇ

അനസ് യാസിന്‍
Published on Jan 10, 2026, 08:15 PM | 2 min read
മനാമ: ബ്രിട്ടനിലെ സര്‍വ്വകലാശാലാ കാമ്പസുകളില്‍ മുസ്ലീം ബ്രദര്‍ഹുഡ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനം വര്‍ദ്ധിക്കുന്നതിലുള്ള ആശങ്കയെത്തുടര്‍ന്ന്, സ്വന്തം പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ പഠിക്കാന്‍ നല്‍കുന്ന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ യുഎഇ നിര്‍ത്തലാക്കി. യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അംഗീകൃത വിദേശ സര്‍വ്വകലാശാലകളുടെ പുതിയ പട്ടികയില്‍ നിന്നും ബ്രിട്ടനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയതായി ബ്രിട്ടീഷ് ദിനപത്രമായ ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വിദേശ പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മന്ത്രാലയം മാറ്റം വരുത്തിയിരിക്കയാണ്. ഇതനുസരിച്ച്, 2025 ജൂണില്‍ പുതുക്കിയതും 2026-ലെ പ്രവേശനത്തിന് ബാധകവുമായ അംഗീകൃത വിദേശ സര്‍വ്വകലാശാല പട്ടികയില്‍ നിന്നാണ് ബ്രിട്ടനിലെ പ്രമുഖ സര്‍വ്വകലാശാലകളെ ഒഴിവാക്കിയത്. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ വിദേശത്ത് പഠിക്കാന്‍ പോകുന്ന യുഎഇ പൗരന്‍മാരായ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ ബ്രിട്ടനിലെ സര്‍വ്വകലാശാലകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കില്ല.
നിലവില്‍ അമേരിക്ക, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സര്‍വ്വകലാശാലകള്‍ ഈ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍, ഓക്‌സ്ഫഡ്, കേംബ്രിഡ്ജ് ഉള്‍പ്പെടെയുള്ള ബ്രിട്ടനിലെ സര്‍വ്വകലാശാലകള്‍ ലിസ്റ്റില്‍ നിന്ന് പുറത്തായി. ഇത് കൃത്യമായ ലക്ഷ്യത്തോടെ എടുത്ത തീരുമാനമാണെന്ന് യുഎഇ അധികൃതര്‍ ബ്രിട്ടനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ വിദ്യാര്‍ഥികള്‍ വിദേശ കാമ്പസുകളില്‍ തീവ്രവാദ ചിന്താഗതികളിലേക്ക് ആകൃഷ്ടരാകുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബ്രിട്ടനിലെ കാമ്പസുകളില്‍ മുസ്ലീം ബ്രദര്‍ഹുഡ് പോലെയുള്ള സംഘടനകള്‍ക്ക് ലഭിക്കുന്ന പ്രവര്‍ത്തന സ്വാതന്ത്ര്യമാണ് യുഎഇയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലീം ബ്രദര്‍ഹുഡിനെ യുഎഇ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടന്‍ ഇതുവരെ അത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ല. 2023-24 അധ്യയന വര്‍ഷത്തില്‍ ബ്രിട്ടനിലെ കാമ്പസുകളില്‍ തീവ്രവാദ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 70 ഓളം വിദ്യാര്‍ത്ഥികളെ സര്‍ക്കാരിന്റെ ഡീ-റാഡിക്കലൈസേഷന്‍ പ്രോഗ്രാമുകളിലേക്ക് റഫര്‍ ചെയ്തതും യുഎഇയുടെ ആശങ്കക്കുകാരണമായി.
യുഎഇയുടെ തീരുമാനം ബ്രിട്ടനിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ സാമ്പത്തിക തിരിച്ചടിയാകും. നിലവില്‍ 8,500 ഓളം യുഎഇ വിദ്യാര്‍ഥികള്‍ ബ്രിട്ടനില്‍ പഠിക്കുന്നുണ്ട്. സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതോടെ 2025 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം ബ്രിട്ടനിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 27 ശതമാനം മുതല്‍ 55 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
സമ്പന്നരായ കുടുംബങ്ങള്‍ക്ക് സ്വന്തം ചിലവില്‍ കുട്ടികളെ ബ്രിട്ടനിലേക്ക് അയക്കാമെങ്കിലും, അംഗീകൃത പട്ടികയില്‍ ഇല്ലാത്ത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദങ്ങള്‍ ഭാവിയില്‍ യുഎഇയില്‍ തൊഴില്‍ ആവശ്യങ്ങള്‍ക്കായി അംഗീകരിക്കപ്പെടാന്‍ പ്രയാസമായേക്കുമെന്നും ആശങ്കയുണ്ട്. സ്വദേശികളും യുഎഇയിലെ പ്രവാസികളും ഉപരിപഠനത്തിനായി ബ്രിട്ടനിലെ സര്‍വ്വകലാശാലകള്‍ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അക്രഡിറ്റഡ് ലിസ്റ്റ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.










0 comments