ഹിസ്ബുള്ളയുമായി ബന്ധം; 21 പേരെയും സ്ഥാപനങ്ങളെയും ഭീകര പട്ടികയിൽപ്പെടുത്തി യുഎഇ

ദുബായ്: ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്നാരോപിച്ച് 21 വ്യക്തികളെയും സ്ഥാപനങ്ങളെയും ഭീകര പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ. 2026ലെ 63ാം നമ്പർ മന്ത്രിസഭാ പ്രമേയത്തിലൂടെയാണ് നടപടി. 16 വ്യക്തികളെയും അഞ്ച് സ്ഥാപനങ്ങളെയുമാണ് പുതുതായി ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭീകരവാദത്തിനും അതിനായുള്ള സാമ്പത്തിക സഹായങ്ങൾക്കും എതിരെ രാജ്യം സ്വീകരിക്കുന്ന കർശന നിലപാടിന്റെ ഭാഗമായാണ് ഈ നീക്കം.
ഭീകരപ്രവർത്തനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ പണം എത്തിക്കുന്ന ശൃംഖലകളെ തകർക്കുക എന്നതാണ് യുഎഇ ലക്ഷ്യമിടുന്നത്. പട്ടികയിലുള്ളവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ നിയന്ത്രണ ഏജൻസികൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. നിയമപ്രകാരം ഇവരുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും 24 മണിക്കൂറിനകം മരവിപ്പിക്കാനും ഉത്തരവുണ്ട്.
രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തീവ്രവാദ നിലപാടുകളെ അടിച്ചമർത്തുന്നതിൽ യുഎഇ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദ ധനസഹായം തടയുന്നതിലൂടെ ഇത്തരം സംഘടനകളുടെ പ്രവർത്തന അടിത്തറ തകർക്കാനാണ് രാജ്യം ഇതിലൂടെ ശ്രമിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.










0 comments