‘ഓർമയിൽ ഒരോണം’ സംഘടിപ്പിച്ചു

ദുബായ്: ഇന്ത്യയിൽ നിലവിൽ ‘നാനാത്വത്തിൽ ഏകത്വം’ എന്ന സങ്കൽപം നിലനിർത്തിപ്പോരുന്ന ഏക സംസ്ഥാനം കേരളമാണെന്ന് എം നൗഷാദ് എംഎൽഎ. യുഎഇയിലെ സാംസ്‌കാരിക കൂട്ടായ്മ ആയ ‘ഓർമ’ സംഘടിപ്പിച്ച ‘ഓർമയിൽ ഒരോണം’ എന്ന ഓണാഘോഷ പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പൂർണ സാക്ഷരത, സമ്പൂർണ വിദ്യാഭ്യാസം, മികച്ച ആരോഗ്യരക്ഷ തുടങ്ങിയ നേട്ടങ്ങളുടെ തുടർച്ചയായി അതി ദരിദ്രരില്ലാത്ത സംസ്ഥാനം എന്ന പദവിയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് കേരളം ലോകമെമ്പാടുമുള്ള മലയാളികളുടെ അഭയകേന്ദ്രമായി കേരളം നിലനിർത്തുന്നത് ഭരണഘടനാ മൂല്യങ്ങളിൽ ആധാരമാക്കി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്ന ഇടതു സർക്കാരിന്റെ മുന്നേറ്റ നിലപാടുകളാണെന്നും എം നൗഷാദ് ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളിൽ നിന്നുള്ള 'ഓർമ'യുടെ അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. 100 അംഗങ്ങൾ പങ്കെടുത്ത പുതിയ വാദ്യമേള സംഘത്തിന്റെ അരങ്ങേറ്റവും നടന്നു. ഏഴായിരത്തോളം പേർ ഓണസദ്യയിൽ പങ്കെടുത്തു. ഓണപ്പൂക്കളവും ഒരുക്കിയിരുന്നു.
സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷനായി. യുഎഇയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ അൽ മർസൂക്കി ഗ്രൂപ്പിന്റെ ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ മർസൂക്കി മുഖ്യാതിഥിയായിരുന്നു. നോർക ഡയറക്ടർ ഒ വി മുസ്തഫ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ്, ഓണാഘോഷം കൺവീനർ പ്രദീപ് തോപ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കേരളോത്സവം 2025ന്റെ ലോഗോ പ്രകാശനം എം നൗഷാദ് എംഎൽഎ നിർവഹിച്ചു.
ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും സെക്രട്ടറി കാവ്യ സനത് നന്ദിയും പറഞ്ഞു.










0 comments