ad
Deshabhimani

സർവകലാശാലകളുടെ മികവ് വിലയിരുത്തൽ; എഐ പ്ലാറ്റ്‌ഫോമുമായി യുഎഇ

artifitial intelligence
വെബ് ഡെസ്ക്

Published on Aug 15, 2026, 03:28 PM | 1 min read

ദുബായ് : രാജ്യത്തെ സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനമികവ് നിരീക്ഷിക്കാൻ എഐ അധിഷ്ഠിത ദേശീയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി യുഎഇ. ഉന്നത വിദ്യാഭ്യാസ–ശാസ്ത്ര ഗവേഷണ മന്ത്രാലയം ‘ഹയർ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻഡിക്കേറ്റേഴ്സ് കോമ്പസ്’ എന്ന പേരിലാണ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ​രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സൂചികകളും വിവര ഗുണനിലവാരവും ഏകോപിപ്പിക്കുന്ന ഏകീകൃത സംവിധാനമാണിത്. കേന്ദ്രീകൃതവും സംവേദനാത്മകവുമായ ഡാഷ്ബോർഡുകളിലൂടെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ പ്രവർത്തനനില തത്സമയം നിരീക്ഷിക്കാനും ഡാറ്റയുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കാനും സാധിക്കും.


അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മാത്രമായിരിക്കും പ്ലാറ്റ്‌ഫോമിൽ പ്രവേശനം. ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഏറ്റവും പുതിയ ഏകോപിത ഡാറ്റ ലഭ്യമാണോയെന്നും ഉറപ്പുവരുത്തും. അവസാനമായി ഡാറ്റ പുതുക്കിയ സമയം പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ​


പുതിയ സംവിധാനം പരിചയപ്പെടുത്താനായി മന്ത്രാലയം രണ്ട് പ്രത്യേക ശിൽപ്പശാലകൾ സംഘടിപ്പിച്ചു. യുഎഇയിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നായി 370ലേറെ അക്കാദമിക്, ഭരണനിർവഹണ മേധാവികളും ഗുണനിലവാര ഉറപ്പാക്കൽ ഉദ്യോഗസ്ഥരും ഡിജിറ്റൽ പരിവർത്തന വിഭാഗം പ്രതിനിധികളും പങ്കെടുത്തു.


ഉന്നത വിദ്യാഭ്യാസ മേഖലയുടെ ആധുനികവൽക്കരണത്തിൽ പുതിയ പ്ലാറ്റ്‌ഫോം നിർണായക മാറ്റത്തിന് വഴിയൊരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ–ശാസ്ത്ര ഗവേഷണ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് സുൽത്താൻ അൽ ഷുഐബി പറഞ്ഞു. തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി അക്കാദമിക് ഫലങ്ങളെ കൂടുതൽ യോജിപ്പിക്കുന്നതിന് പുതിയ സംവിധാനം സഹായിക്കും. വിവരാധിഷ്ഠിത ആസൂത്രണം, സുതാര്യത, നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഭാവിയിലെ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾക്കനുസരിച്ച് സജ്ജമാക്കുകയാണ് ലക്ഷ്യം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home