ad
Deshabhimani

മന്ത്രി ബിന്ദു ക‍ൃഷ്ണ കാണണം; വേദന കടിച്ചമർത്തി ജീവിക്കുന്ന ഇ‍ൗ കൊച്ചുകായികതാരത്തെ

INJURY.
വെബ് ഡെസ്ക്

Published on Aug 15, 2026, 04:09 PM | 1 min read

കൊല്ലം: ഏപ്രിൽ ഏഴിന്‌ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം കഴിഞ്ഞ് അമിതവേഗത്തിൽപോയ ബിന്ദു കൃഷ്ണയുടെ മകന്റെ കാറിടിച്ച് പരിക്കേറ്റ ഹോക്കിതാരം രാമൻകുളങ്ങര സ്വദേശിനി ധനലക്ഷ്മി മാസങ്ങളായി കിടക്കയിൽ ദുരിതജീവിതം തള്ളിനീക്കുകയാണ്. രാജ്യമറിയേണ്ട കായികതാരം. കിടക്കയിൽ വേദന കടിച്ചമർത്തി ദിവസങ്ങൾ തള്ളി നീക്കുമ്പോൾ ""ഇനി എന്നെനിക്ക്‌ ഹോക്കി കളിക്കാൻ പറ്റും അമ്മൂമേ'' എന്നുമാത്രമാണ്‌ പതിമൂന്നുകാരി ധനലക്ഷ്മിക്ക്‌ ചോദിക്കാനുള്ളത്‌. ആ വേദനയിൽ നെഞ്ചുലഞ്ഞുനിൽക്കുന്ന കുടുംബം അതിജീവനത്തിന്‌ എന്തുചെയ്യണമെന്നറിയാതെ വിധിയെ പഴിക്കുകയാണ്‌.


ഇന്ത്യൻ ഹോക്കി ടീമിലേക്ക്‌ തെരഞ്ഞെടുത്ത ധനലക്ഷ്മി കുടുംബത്തിന്റെ മാത്രമല്ല, നാടിന്റെയാകെ പ്രതീക്ഷയായിരുന്നു. എന്നാൽ, ഒരു ഡ്രൈവറുടെ അശ്രദ്ധയിൽ ആ സ്വപ്നം പൊലിഞ്ഞു. അപകടത്തിൽ ഇടതുകാലിന്റെ തുടയെല്ല്‌ രണ്ടെണ്ണം പൊട്ടി. മുട്ടുകാലിന്റ താഴെ മാംസം അറ്റുപോയി. കണംകാലിന്റെ ഒരുഭാഗം പൊട്ടി. കാലിന്‌ രണ്ടിഞ്ച്‌ നീളംകുറഞ്ഞു. അപകടശേഷം 36 ദിവസം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ ഏഴിന്‌ വീണ്ടും പ്രവേശിപ്പിച്ചു. ശസ്ത്രക്രിയചെയ്ത്‌ ദിവസങ്ങളോളം ആശുപത്രിയിൽ തുടർന്നു. ചികിത്സയിലിരിക്കെ മന്ത്രി ഒരുതവണ വന്നുകണ്ടു. പിന്നീട്‌ തിരിഞ്ഞുനോക്കിയിട്ടില്ല.


അമ്മ മോനിഷ വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലാണ്‌. അമ്മൂമ്മ ശ്യാമളയാണ്‌ ധനലക്ഷ്മിയെ നോക്കുന്നത്‌. ഫിസിയോതെറാപ്പിസ്റ്റായ ശ്യാമളയ്ക്കും ഇതോടെ ജോലിക്ക്‌ പോകാൻ കഴിയാത്ത സ്ഥിതിയായി. ഒമ്പതിലേക്ക്‌ വിജയിച്ച ധനലക്ഷ്മിയുടെ പഠനവും മുടങ്ങിയ നിലയിലാണ്‌. വീട്ടിലിരുന്ന്‌ പഠിച്ച്‌ പരീക്ഷ എഴുതാമെന്നാണ്‌ പ്രതീക്ഷ.ആശുപത്രി ചെലവ്‌ നോക്കുന്നുണ്ടെങ്കിലും വീടിന്റെ വാടകയും മറ്റുചെലവുകളും കണ്ടെത്താനാകാതെ കുടുംബം ദുരിതത്തിലാണ്‌.


ഇതിനിടെ കുടുംബത്തിന്‌ പത്തുലക്ഷം രൂപ മന്ത്രി നൽകിയെന്ന്‌ പലരും പ്രചരിപ്പിച്ചു. ഇതോടെ സഹായിക്കാനെത്തിയ പലരും പിന്തിരിഞ്ഞു. എന്നാൽ മൂന്നുതവണയായി 30,000 രൂപ മാത്രമാണ്‌ മന്ത്രി നൽകിയത്‌. കുടുംബത്തിന്‌ കഴിഞ്ഞുകൂടാൻ സഹായം നൽകണമെന്നും അപകട ഇൻഷുറൻസ്‌ തുക കിട്ടിയാൽ തിരിച്ചുതരാമെന്നും ആവശ്യപ്പെട്ട്‌ കുടുംബം മന്ത്രിയെ കാണാൻ പോയെങ്കിലും കാണാനായില്ല. പരിഗണിക്കാമെന്ന്‌ പറഞ്ഞ്‌ ഓഫീസ്‌ ജീവനക്കാർ ഇവരെ തിരിച്ചയച്ചു. വാടകമുടങ്ങിയതോടെ വീട്ടിൽനിന്ന്‌ ഇറങ്ങേണ്ട അവസ്ഥയിലാണ്‌ കുടുംബം. ""ആരോടും പരാതിയും പരിഭവവുമില്ല. നിലനിൽപ്പിനുള്ള ആശ്രയം മാത്രമാണ്‌ തേടുന്നത്‌. മന്ത്രി ഇതു കാണണമെന്നും സഹായിക്കണമെന്നും മാത്രമാണ്‌ അഭ്യർഥന''– ശ്യാമള പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home