മതേതര പാരമ്പര്യത്തെ കോൺഗ്രസ് ചവറ്റുകുട്ടയിലെറിഞ്ഞു; വന്ദേമാതരം പൂർണമായി ആലപിച്ചത് കടുത്ത വഞ്ചന: പിണറായി

പിണറായി വിജയൻ (ഇടത്), എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചപ്പോൾ രാഹുൽഗാന്ധി (വലത്)
തിരുവനന്തപുരം: എഐസിസി ആസ്ഥാനത്തും കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങുകളിലും വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിച്ച നടപടി കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ വനം വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലും സമാനമായ സംഭവമുണ്ടായത് അതീവ ഗൗരവതരമാണ്. ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചിരിക്കുകയാണെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
നേരത്തെ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലും വന്ദേമാതരം പൂർണ്ണമായും ആലപിച്ചിരുന്നു. ഗാനത്തിലെ മതപരമായ ബിംബങ്ങൾ ബഹുസ്വര സമൂഹത്തിന് യോജിക്കാത്തതിനാൽ, വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമേ ദേശീയ പ്രസ്ഥാനത്തിന്റെ വേദികളിൽ പാടാവൂ എന്ന് 1937 ൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി തന്നെ തീരുമാനിച്ചതാണ്.1950 ൽ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തിന് ദേശീയ ഗീതം എന്ന പദവി നൽകിയപ്പോഴും ആദ്യ രണ്ടു ചരണങ്ങളെയാണ് ഉദ്ദേശിച്ചത്. തങ്ങളുടെ തന്നെ ആ മതേതര പാരമ്പര്യത്തെയാണ് ഗാനം പൂർണമായി ആലപിക്കുക വഴി കോൺഗ്രസ് ഇന്ന് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്.
സർക്കാർ ചടങ്ങുകളിൽ വന്ദേമാതരം പാടുന്നത് ഒരു കാരണവശാലും നിർബന്ധമല്ല എന്ന് മുഹമ്മദ് സയീദ് നൂറി കേസിൽ 2026 മാർച്ചിലാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. കേന്ദ്രത്തിന്റെ പുതിയ ഭേദഗതി നിയമപ്രകാരവും ഇത് പാടാതിരിക്കുന്നത് യാതൊരുവിധത്തിലും ശിക്ഷാർഹമായ കുറ്റമല്ല.
നിയമപരമായ യാതൊരു ബാധ്യതയുമില്ലാതിരുന്നിട്ടും ആർഎസ്എസ് തിട്ടൂരങ്ങൾക്ക് കീഴ്പ്പെട്ട് ഗാനം മുഴുവനായും ആലപിക്കുന്നത് രാജ്യത്തെ മതനിരപേക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണ്. ഭൂരിപക്ഷ വർഗീയതയുമായി മത്സരിക്കാൻ സംഘപരിവാർ അജണ്ടകൾ അതേപടി പകർത്തുന്ന കോൺഗ്രസ് നിലപാട് അവർ ആർഎസ്എസിന്റെ ബി-ടീമായി മാറി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്നും പിണറായി പറഞ്ഞു.









0 comments