സംസ്ഥാനത്ത് പച്ചക്കറി-അരി വില കുതിച്ചുയരുന്നു; ഓണത്തിന് മുമ്പേ വിലക്കയറ്റം കടുത്തു

തിരുവനന്തപുരം : ഓണത്തിന് നാടൊരുങ്ങുമ്പോൾ ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിച്ച് സംസ്ഥാനത്ത് അവശ്യസാധന വില കുതിച്ചുയരുന്നു. അരിയുടെയും പച്ചക്കറികളുടെയും വില വർധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണ്. യുഡിഎഫ് സർക്കാർ കാര്യക്ഷമമായ വിപണി ഇടപെടൽ നടത്താത്തതും ഹോർട്ടിക്കോർപ്പ് വഴി പച്ചക്കറി സംഭരിക്കുന്നതിൽ വീഴ്ച വരുത്തിയതുമാണ് വിലക്കയറ്റത്തിന്റെ കാഠിന്യം കൂട്ടിയതെന്ന് വ്യാപാരികളും പൊതുജനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
മുൻ സർക്കാരിന്റെ കാലത്ത് ജനക്ഷേമ പദ്ധതികളിലൂടെ അവശ്യസാധന വില നിയന്ത്രണവിധേയമാക്കിയിരുന്നു. സപ്ലൈകോ വഴി കൂടുതൽ അരി ലഭ്യമാക്കിയിരുന്നെങ്കിൽ ഇപ്പോഴത്തെ വിലവർധന തടയാമായിരുന്നെന്ന് മുൻകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങൾ അഭിപ്രായപ്പെടുന്നു. നിലവിൽ പൊന്നി അരിക്ക് 10 രൂപയുടെ വർധനയാണുണ്ടായത്. ആന്ധ്ര കുറുവയ്ക്ക് മൂന്ന് രൂപയും തമിഴ്‌നാട് കുറുവയ്ക്ക് അഞ്ച് രൂപയും കൂടി. ഇതിനൊപ്പമാണ് പച്ചക്കറി വിലയും കുതിക്കുന്നത്.
തുടർച്ചയായി പെയ്യുന്ന കനത്ത മഴയാണ് പച്ചക്കറി വില ഉയരാൻ ഇടയാക്കിയത്. മണ്ണിലടിയിൽ വളരുന്ന കാരറ്റ്, ബീറ്റ്‌റൂട്ട്, ചേന തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾക്ക് വെള്ളം കെട്ടിക്കിടന്ന് ചീഞ്ഞുപോകുന്നതിനാൽ വില കുത്തനെ കൂട്ടിയിരിക്കുകയാണ്. സവാള, ഏത്തക്ക, രസകദളി എന്നിവയ്ക്കും വില വർധിച്ചു. കനത്ത മഴ കാരണം കീടനാശിനി തളിക്കാൻ സാധിക്കാത്തതിനാൽ ഏത്തക്ക ഉൾപ്പെടെയുള്ള വിളകളിൽ കീടബാധയും വർധിച്ചിട്ടുണ്ട്.
നിലവിൽ വിപണിയിൽ പച്ചക്കറികൾക്ക് ക്ഷാമമില്ലെങ്കിലും ഉയർന്ന വില പ്രതിസന്ധി സൃഷ്ടിക്കുന്നു. കത്തരിയുടെ വില രണ്ടുദിവസത്തെ വർധനവിന് ശേഷം അല്പം കുറഞ്ഞിട്ടുണ്ട്. എന്നാൽ, സർക്കാരിന്റെ വിപണി ഇടപെടൽ ഇല്ലാത്തതിനാൽ വരുംദിവസങ്ങളിൽ ഓണവിപണി സജീവമാകുന്നതോടെ അരിയുടെയും പച്ചക്കറികളുടെയും വില ഇനിയും ഉയരാനാണ് സാധ്യത.









0 comments