ad
Deshabhimani

ഓൺലൈൻ അപകടത്തിൽനിന്ന് കുട്ടികളെ സംരക്ഷിക്കൽ: പുതിയ നിയമം നിർമിച്ച്‌ യുഎഇ സർക്കാർ

online
വെബ് ഡെസ്ക്

Published on Dec 29, 2025, 11:09 AM | 1 min read

ദുബായ്: ഡിജിറ്റൽ ലോകത്തിലെ അപകടങ്ങളിൽനിന്നും ഹാനികരമായ ഉള്ളടക്കങ്ങളിൽനിന്നും കുട്ടികളെ സംരക്ഷിക്കാനായി പുതിയ നിയമം നിർമിച്ച്‌ യുഎഇ സർക്കാർ. ശാരീരികവും മാനസികവും നൈതികവുമായ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്ന ഓൺലൈൻ ഭീഷണികളെ തടയുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.


ഇന്റർനെറ്റ് സേവനദാതാക്കൾക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഈ നിയമം ബാധകമാണ്. യുഎഇയിൽ പ്രവർത്തിക്കുന്നതോ രാജ്യത്തിനകത്തെ ഉപയോക്താക്കളെ ലക്ഷ്യമിടുന്നതോ ആയ വെബ്‌സൈറ്റുകൾ, സ്‌മാർട്ട് ആപ്പുകൾ, ഓൺലൈൻ ഗെയിമിങ്‌ പ്ലാറ്റ്‌ഫോമുകൾ, സമൂഹ മാധ്യമം, സ്ട്രീമിങ്‌ സേവനങ്ങൾ എന്നിവയെല്ലാം നിയമപരിധിയിൽ ഉൾപ്പെടും. 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുക, പ്രോസസ് ചെയ്യുക, പ്രസിദ്ധീകരിക്കുക, പങ്കുവയ്ക്കുക എന്നിവ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് വിലക്കിയിട്ടുണ്ട്. വിദ്യാഭ്യാസമോ ആരോഗ്യപരമോ ആയ ആവശ്യങ്ങൾക്കായി മാത്രമേ ഇതിന് ഒഴിവുള്ളൂ. അതും യുഎഇ മന്ത്രിസഭയുടെ പ്രത്യേക തീരുമാനത്തിന് വിധേയമായിരിക്കും.


ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഡിഫോൾട്ട് പ്രൈവസി ക്രമീകരണങ്ങൾ നടപ്പാക്കണം, പ്രായപരിശോധന സംവിധാനങ്ങൾ ഒരുക്കണം, പ്രായപരിധി നടപ്പാക്കാനുള്ള ഉപകരണങ്ങൾ നൽകണം, ഉള്ളടക്കം ബ്ലോക്ക്‌ ചെയ്യണം, ഫിൽറ്റർ ചെയ്യണം, പ്രായവർഗ നിർണയ സംവിധാനങ്ങൾ സജീവമാക്കണം. ലക്ഷ്യമിട്ട ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കുന്നതും നിയമത്തിന്റെ ഭാഗമാണ്. പണമിടപാടുകളുള്ള ബെറ്റിങ്‌ ഉൾപ്പെടുന്ന ഓൺലൈൻ കൊമേഴ്ഷ്യൽ ഗെയിമുകളിൽ കുട്ടികൾക്ക് അക്കൗണ്ട് സൃഷ്ടിക്കാനോ പങ്കെടുക്കാനോ പ്രവേശിക്കാനോ അനുവദിക്കരുതെന്നും നിയമം വ്യക്തമാക്കുന്നു.


കുട്ടികളുടെ പരിചാരകർക്ക് ബാധ്യതകളും നിയമം നിർദേശിക്കുന്നു. കുട്ടികളുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, പാരന്റൽ കൺട്രോൾ ഉപകരണങ്ങൾ ഉപയോഗിക്കുക, മേൽനോട്ടമില്ലാതെ കുട്ടികൾക്കായി അക്കൗണ്ടുകൾ സൃഷ്ടിക്കുന്നത് ഒഴിവാക്കുക എന്നിവ പ്രധാന ഉത്തരവാദിത്വങ്ങളായി ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാനായി ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവയെ ഏകോപിപ്പിക്കുന്ന ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി’ കൗൺസിൽ രൂപീകരിക്കും. കുടുംബകാര്യ മന്ത്രി കൗൺസിലിന്റെ അധ്യക്ഷനാകും. 2026നെ ‘കുടുംബ വർഷം’ ആയി പ്രഖ്യാപിച്ച യുഎഇയുടെ ദർശനത്തോടും കുട്ടികളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നയങ്ങളോടും പുതിയ നിയമം പൊരുത്തപ്പെടുന്നതാണെന്ന് സർക്കാർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home