പോളിയോ നിർമാർജനത്തിന് ആഗോള പിന്തുണയുമായി യുഎഇ

പ്രതീകാത്മകചിത്രം
ദുബായ്: ലോകത്തുനിന്ന് പോളിയോ നിർമാർജനം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി യുഎഇ. 1992 മുതൽ രാജ്യത്ത് പോളിയോ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ–പ്രതിരോധ മന്ത്രി അഹമ്മദ് അലി അൽ സായെഗ് പറഞ്ഞു. ഒക്ടോബർ 24 ലോക പോളിയോ ദിനത്തോടനുബന്ധിച്ചാണ് ആഗോള വാക്സിനേഷൻ പ്രവർത്തനങ്ങളിൽ യുഎഇയുടെ പങ്കാളിത്തം വ്യക്തമാക്കിയത്. രാഷ്ട്രപതി ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ 2011 മുതൽ പോളിയോ നിർമാർജന പ്രവർത്തനങ്ങൾക്കായി 52.5 കോടി ഡോളറിന്റെ അന്താരാഷ്ട്ര സഹായം നൽകിയിട്ടുണ്ട്. 2014 മുതൽ പാകിസ്ഥാനിൽ യുഎഇ പോളിയോ വാക്സിനേഷൻ പദ്ധതിയിലൂടെ 85 കോടിയിലധികം ഡോസ് വാക്സിൻ വിതരണം ചെയ്തു.
മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യൂമാനിറ്റി, ആഗോള പോളിയോ നിർമാർജന സംരംഭവുമായി സഹകരിച്ച് 2025 ഡിസംബറിൽ അബുദാബിയിൽ സംഘടിപ്പിച്ച ധനസമാഹരണ പരിപാടിയിൽ വിവിധ രാജ്യങ്ങൾ ഏകദേശം 190 കോടി ഡോളറിന്റെ സഹായവാഗ്ദാനങ്ങൾ നൽകിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കുന്നതിൽ ദുബായ് ഹ്യൂമാനിറ്റേറിയനും പങ്കുവഹിക്കുന്നുണ്ട്. പോളിയോ കണ്ടെത്തുന്നതിനുള്ള ലബോറട്ടറി സാമഗ്രികളുടെ വിതരണവും ഇതിൽ ഉൾപ്പെടുന്നു. ദുബായ് ഹ്യൂമാനിറ്റേറിയൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇഹെൽത്ത് ആഫ്രിക്ക 26 ആഫ്രിക്കൻ രാജ്യങ്ങളിലായി 50-ലധികം പോളിയോ പ്രതിരോധ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സഹായിച്ചു. നൈജീരിയയിലെ ആറു സംസ്ഥാനങ്ങളിലായി 1.46 കോടിയിലധികം കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനും സംഘടനയുടെ പദ്ധതികൾ സഹായകമായി. വാക്സിനേഷൻ വ്യാപനം വർധിപ്പിക്കുക, രോഗനിരീക്ഷണം ശക്തമാക്കുക, പോളിയോ വിമുക്ത ലോകമെന്ന ലക്ഷ്യം കൈവരിക്കുക എന്നിവയ്ക്കായി രാജ്യാന്തര പങ്കാളികളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് അൽ സായെഗ് പറഞ്ഞു.









0 comments