Deshabhimani

നോവൽ-5

പ്രണയരാഷ്‌ട്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2026, 05:42 PM | 8 min read


നിശ്ശബ്ദതയുടെ പ്രത്യയശാസ്ത്രം

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

രാത്രിയിൽ മേഴ്സിയുടേയും കബീറിന്റേയും മുറിയിൽ താഴെ ഷീറ്റുവിരിച്ചാണ് സജിത അന്ന് കിടന്നത്. അതവളുടെ ആഗ്രഹമായിരുന്നു. പണ്ട് ഗൗതം ഇല്ലാതെ അവിടെ താമസിക്കാൻ വന്നപ്പോൾ ആദ്യ ദിവസങ്ങളിൽ മുകൾനിലയിലെ വലിയ മുറിയിൽ ഒറ്റയ്‌ക്ക് കിടക്കാൻ അവർ ഭയപ്പെട്ടിരുന്നു. അന്ന് മേഴ്സി വന്ന് കൂട്ടുകിടന്നത് അവൾ ഓർമിച്ചു.

ഉറങ്ങാൻ കിടക്കുമ്പോൾ സജിത ചോദിച്ചു.

“ഗൗതം വിളിക്കാറുണ്ടോ അമ്മേ? അവന് സുഖമാണോ?”

മേഴ്സി കുറച്ചുസമയം നിശ്ശബ്ദയായി. പിന്നെ പറഞ്ഞു.

“ഇങ്ങോട്ട് വിളിക്കാറൊന്നുമില്ല. അങ്ങോട്ടു വിളിച്ചാൽ ചിലപ്പോൾ മാത്രം ഫോണെടുക്കും. മോളെ ഉപേക്ഷിച്ചതോടെ അവൻ സ്വന്തം ജീവിതവും ഉപേക്ഷിച്ചു എന്നാണ് തോന്നുന്നത്. ജോലി രാജിവച്ചാണല്ലോ ഓസ്ട്രിയയിലേക്ക് പോയത്. അവിടെ സെലിന്റെ ഹസ്ബന്റ്‌ പ്രസാദ് ഒരു ജോലി ശരിയാക്കി കൊടുത്തിട്ടുണ്ട്. അവരുടെ തൊട്ടുള്ള അപ്പാർട്ടുമെന്റിലാണ് താമസിക്കുന്നത്. മൊസാർട്ടിയം യൂണിവേഴ്സിറ്റിയിൽ മ്യൂസിക്കിൽ റിസർച്ചിന് ചേരാനാണത്രെ ശ്രമം. അതൊന്നും ശരിയായിട്ടില്ല. ഇപ്പോൾ വൈകുന്നേരങ്ങളിൽ എവിടെയോ പോയി പിയാനോ പരിശീലിക്കുന്നുണ്ടെന്ന് പറഞ്ഞു.

“ഇവിടെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന മുത്തശ്ശിമാരിൽ ഒരാൾക്ക് സംഗീതത്തിൽ കുറച്ചൊരു ഭ്രമം ഉണ്ടായിരുന്നു. സത്യം പറയാലോ? അവർക്കത് അവരുടെ ഉന്മാദത്തിന്റെ ഭാഗമായിരുന്നു. അവരെപ്പൊഴും എന്തെങ്കിലും പാടിക്കൊണ്ടിരിക്കും. അതുകേട്ട് കുട്ടിയും പാടും. പാട്ടിൽ താൽപ്പര്യമുണ്ടെന്ന് കണ്ട് ഞങ്ങളവനെ ഇവിടെ ഒരു ആശാന്റെ അടുത്ത് പാട്ട് പഠിപ്പിക്കാനയച്ചു. ഒരു വെക്കേഷൻ കാലം മുഴുവൻ ആൾ പഠിച്ചു. പഠനത്തിന്റെ ഫലം എന്താന്ന് വച്ചാൽ, അവൻ പാടുന്നത് പാടെ നിർത്തി എന്നതാണ്.”

മേഴ്സി ചിരിച്ചു.

“എനിക്ക് അവനെക്കുറിച്ച് പറയാൻ അവകാശമില്ല.”

സജിത പറഞ്ഞു: “എങ്കിലും അവൻ സന്തോഷത്തോടെ ഇരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സംഗീതമാണെങ്കിൽ അത്. അവന് ഒരു വഴി തുറന്നു കിട്ടട്ടെ. ഈ ഐടി എന്നത് ഒരു നരകമാണമ്മേ? വലിയ സമ്മർദമാണ്. അതു മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കും. ഞാനും ജോലിമാറാൻ ഉദ്ദേശിക്കുന്നുണ്ട്. സേവ്യറിന്റെ പാലിയേറ്റീവ്, എൽഡർ കെയറിന്റെ വഴിക്ക് പോയാലോ എന്നാലോചിക്കുകയാണ്.”

സജിത സേവ്യറിനെക്കുറിച്ച് പറഞ്ഞു:

“ഫ്രാൻസിസ് സേവ്യർ എന്നാണ് ശരിക്കുള്ള പേര്. ജർമനിയിൽ അഭയം തേടിയ ശ്രീലങ്കൻ തമിഴ് വംശജനാണ്. 1995‐ലെ റയോട്ടിന്റെ കാലത്ത് തലൈമന്നാറിൽനിന്ന് ബോട്ടിൽ ഇന്ത്യയിലേക്ക് കടന്ന ഒരു അഭയാർഥി സ്‌ത്രീയുടെ മകൻ. അച്ഛൻ ആരെന്ന് നിശ്ചയമില്ല. തിരുച്ചിറപ്പിള്ളി റിലീഫ് ക്യാമ്പിലാണ് വളർന്നത്. പിന്നെ ജർമനിയിലേക്ക് പോയി.

“അടുത്ത കാലംവരെ അവന്റെ അമ്മ ജർമനിയിൽ കൂടെയുണ്ടായിരുന്നു. അവരവിടെ ഡോർട്ട്മുണ്ട് എന്ന സ്ഥലത്ത് ഒരു പാനീയക്കട നടത്തുകയായിരുന്നു. പിന്നീട് ശ്രീലങ്കയിലേക്ക് തിരിച്ചുപോയി. ഈ യാത്രയിൽ ഞങ്ങൾ അവിടെ പോയി അവരെ കാണുന്നുണ്ട്. ഇപ്പോൾ തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്ന് ജാഫ്നയിലേക്ക് ബോട്ട് സർവീസുണ്ടത്രെ!


“ഇവിടെന്ന് മധുക്കരയിലേക്ക്. പിന്നെ നാഗപട്ടണത്തേക്ക്. അവിടെന്ന് ജാഫ്നയിലേക്ക്. മധുക്കരയിൽ എന്റെ വീട്ടിൽ ഇപ്പോൾ ആരുമില്ല. ബാപ്പ മരിച്ചു. അമ്മ ബ്രദറിന്റെ ഒപ്പം യുകെയിലാണ്. ചേച്ചി ആസ്ട്രേലിയയിലും. ബാപ്പയുടെ ഒപ്പം റെയിൽവേയിൽ ജോലി ചെയ്‌തിരുന്ന രണ്ടോ മൂന്നോ ഫാമിലികൾ പരിസരത്ത് കാണും. അത്രതന്നെ.

“ജനിച്ചു വളർന്ന സ്ഥലം നമ്മുടെ മനസ്സിൽനിന്ന് ഒരിക്കലും വിട്ടുപോവുകയില്ല. സിമന്റ്‌ ഫാക്ടറികളുടെ പ്രശ്നമൊക്കെ ഉണ്ട്. നിറയെ പൊടിയും പൊള്യൂഷനും ആണ്. പക്ഷേ മധുക്കര ഈ വാദ്യക്കുടം പോലെത്തന്നെയാണ്. നല്ല ഭംഗിയുള്ളത്. അത് പശ്ചിമഘട്ടത്തിന്റെ താഴ്‌വരയാണല്ലോ. നോക്കുന്നേടത്തെല്ലാം കുന്നുകളാണ്. അവയ്‌ക്ക് താഴെ കൃഷിയിടങ്ങളും.

“സേവ്യറിനെ മധുക്കരയിലെ ധർമലിങ്കേശ്വരർ കോവിലിലേക്ക് കൊണ്ടുപോകാമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു മലയുടെ മുകളിലാണ് കോവിൽ. ആയിരം പടികൾ കയറണം. അതൊന്നും പ്രശ്നമല്ലെന്ന് സേവ്യർ പറയുന്നു. ട്രിച്ചിയിൽ റോക്ക് ഫോർട്ടിലെ ഉച്ചിപ്പിള്ളയാർ കോവിലിലേക്ക് നിത്യവും കയറിയിരുന്നതാണത്രെ. കുട്ടിക്കാലത്ത് അവിടേക്ക് പാൽ കൊണ്ടുകൊടുക്കുന്ന വേലയുണ്ടായിരുന്നു അവന്.”

“സേവ്യർ പൊതുവെ നിശ്ശബ്ദനാണ് അല്ലേ?”

മേഴ്‌സി ചോദിച്ചു.

സജിത ചിരിച്ചു:

“നിശ്ശബ്ദതയാണ് അവന്റെ പ്രത്യയശാസ്‌ത്രം.”

ബർളിനടുത്ത് വിറ്റൻബർഗ് എന്ന ചെറുപട്ടണത്തിൽ പഴയൊരു മൊണാസ്ട്രിയിൽ വച്ചാണ് സജിത സേവ്യറിനെ ആദ്യം കാണുന്നത്. അവിടത്തെ മഠം അധികാരികളുമായി സഹകരിച്ച് സജിത ജോലിചെയ്യുന്ന എൻജിഒ വയോജനങ്ങളെ പരിചരിക്കുന്നവർക്ക് ഒരു പരിശീലന പരിപാടി നടത്തുന്നുണ്ടായിരുന്നു. സന്നദ്ധപ്രവർത്തകരായി വന്നവരുടെ ബയോഡാറ്റ ശേഖരിക്കുകയായിരുന്നു സജിതയും സഹപ്രവർത്തക എമ്മയും. ഒരാൾ നൽകിയ വിവരങ്ങൾ അപൂർണമാണ് എന്ന് എമ്മ സൂചിപ്പിച്ചു.

സജിത അദ്ദേഹത്തോട് പറഞ്ഞു: “നിങ്ങൾ എല്ലാ കോളങ്ങളും പൂരിപ്പിച്ചിട്ടില്ലല്ലോ?”

“ഏതാണ് വിട്ടുപോയിരിക്കുന്നത്?”

“നിങ്ങൾ അച്ഛന്റെ പേര് എഴുതിയിട്ടില്ല.”

“അമ്മയുടെ പേരുണ്ടല്ലോ? ഒരാൾ പോരെ?”

“അച്ഛന്റെ പേരെഴുതാൻ ഇവിടെ ഒരു കോളമുണ്ട്. അതുകൊണ്ട് ചോദിച്ചുവെന്ന് മാത്രം. എഴുതാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?”

“ഉണ്ട്. എന്റെ അമ്മ വിവാഹിതയല്ല.”

സരിത അപ്പോഴാണ് ആ മുഖത്തേക്ക് നോക്കിയത്. കംപ്യൂട്ടർ സ്‌ക്രീനിൽനിന്ന് തലയുയർത്തി എമ്മയും അദ്ദേഹത്തെ നോക്കി. നന്നായി കറുത്ത് മുടി പറ്റെ വെട്ടിയ ഒരു മുഖം. ഏറെ പഴകിയ ഒരു കോട്ടാണ് ധരിച്ചിട്ടുള്ളത്. അതാകട്ടെ അയാൾക്ക് ഒട്ടും പാകമുള്ളതല്ല. പക്ഷേ നോക്കുന്നവർക്ക് സമാധാനം നൽകുന്ന എന്തോ ആ കണ്ണുകളിൽ ഉണ്ടായിരുന്നു.

“ഞാൻ നിർവ്യാജം ഖേദിക്കുന്നു.”

സജിത പറഞ്ഞു.

“ഖേദത്തിന്റെ ആവശ്യമില്ല. നമ്മൾ തമ്മിൽ വസ്‌തുതകൾ മാത്രമാണ് സംസാരിച്ചിട്ടുള്ളത്.”

അന്നു രാത്രിയിൽ കിടക്കുന്ന നേരത്ത് സജിത എമ്മയോട് ചോദിച്ചു:

“നമ്മൾ ആ മനുഷ്യനെ അപമാനിച്ചുവോ?”

“അത് നീ ഇന്ത്യക്കാരിയായതുകൊണ്ടു തോന്നുന്നതാണ്. സിംഗിൾ മദർ, അവളുടെ കുട്ടികൾ എന്നത് ഇവിടെ വലിയ കൗതുകമൊന്നും ഉണ്ടാക്കാത്ത സംഗതിയാണ്. ബാധ്യതകളൊന്നുമില്ലാത്ത ബന്ധത്തിലൂടെ ഒരു കുഞ്ഞിനെ നേടണമെന്ന് ആഗ്രഹിക്കുന്ന നിരവധി യുവതികൾ ഇവിടെ ഇപ്പോൾ ഉണ്ട്. കുഞ്ഞിനു വേണ്ടി അതിന്റെ അച്ഛനെന്നു പറയുന്ന ഒരു പുരുഷനെ ജീവിതകാലം മുഴുവൻ സഹിക്കണോ?”

പക്ഷേ സജിതയെ ആ വാദഗതിയൊന്നും സമാധാനിപ്പിച്ചില്ല. രാത്രി മുഴുവൻ അവൾ ഉറങ്ങാതെ കിടന്നു. അച്ഛനില്ലാത്ത ഒരു കുഞ്ഞും അവന്റെ അമ്മയും രാത്രി മുഴുവൻ അവളെ വേട്ടയാടി.


ഒരാഴ്‌ചയായിരുന്നു വളന്റിയർമാർക്കുള്ള പരിശീലനം. ആ ദിവസങ്ങൾ മുഴുവൻ സജിതയും അവളുടെ ഐടി ടീമും ഓർഗനൈസേഷന്റെ ഡയറക്ടറെ സഹായിക്കാനായി അവിടെ ഉണ്ടായിരുന്നു. എൽബി എന്ന നദിയുടെ കരയിലാണ് ആ മൊണാസ്ട്രി. വലിപ്പമുള്ളതും പുരാതനവുമായ എടുപ്പുകളാണ്. നദിക്കരയിൽ ഒരുപാട് ഭാഗങ്ങളിലായി അത് ചിതറിക്കിടക്കുന്നു. ഒരു ചെറിയ ഭാഗത്താണ് ഇപ്പോൾ മഠം പ്രവർത്തിക്കുന്നത്. അതിലൊരു വൃദ്ധസദനമുണ്ട്. അവിടെ വച്ചാണ് പരിശീലനം. മൊണാസ്ട്രിയുടെ ബാക്കി ഭാഗങ്ങൾ കാലപ്പഴക്കംകൊണ്ട് ദ്രവിച്ചതും തകർന്നതുമാണ്. മേൽക്കൂര നഷ്ടപ്പെട്ട നിരവധി കെട്ടിടങ്ങൾ. കാര്യമായ കേടുപാട്‌ പറ്റാത്ത ഒരു പള്ളിയുണ്ട്. പ്രാർഥനാസമയങ്ങൾ എഴുതിവച്ചിട്ടുണ്ടെങ്കിലും അതെല്ലായ്‌പ്പോഴും പൂട്ടിക്കിടക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്.

ഈ മൊണാസ്ട്രിയുടെ അധികാരികളായ സഭയിലെ ഒരു സ്റ്റാഫ് ആണ് ഫ്രാൻസിസ് സേവ്യർ എന്ന് പിന്നീട് സജിതയ്‌ക്ക് മനസ്സിലായി. ബവേറിയ മേഖലയിലുള്ള ടെഗർസീ എന്ന സ്ഥലത്തെ അവരുടെ വൃദ്ധപരിപാലനകേന്ദ്രത്തിൽ അയാൾ ജോലി ചെയ്യുന്നു. സിസ്റ്റേറിയൻ ഓർഡർ അനുസരിച്ച് പ്രവർത്തിക്കുന്ന സഭയാണവരുടേത്. ഫ്രാൻസിലെ ക്ലെയർവാക്‌സിലെ സന്യാസി സെയിന്റ്‌ ബർണാഡ് സ്ഥാപിച്ചത്. കടുത്ത സഹനവും ലളിതജീവിതവും പുലർത്തുന്ന ക്രമമാണ്. അധ്വാനിക്കുക; പ്രാർഥിക്കുക എന്നതാണ് മുദ്രാവാക്യം. യൂറോപ്പിൽ പൊതുവെ തകർന്നുപോയെങ്കിലും സഭ ചില മേഖലകളിൽ ബാക്കി നിൽക്കുന്നുണ്ട്. ഏകാന്തതയും നിശ്ശബ്ദതയുമാണ് അനുയായികളുടെ കൈവഴികൾ. നദിക്കരയിൽ നിശ്ശബ്ദനായി ഒറ്റയ്‌ക്കിരിക്കുന്നത് കണ്ടപ്പോൾ സജിത സേവ്യറിനോട് ചോദിച്ചു:

“അങ്ങ് സഭയിലെ പുരോഹിതനാണോ?”

സേവ്യർ തിരിഞ്ഞ് അവളെ നോക്കി. അയാൾക്ക് തന്റെ നിശ്ശബ്ദതയിൽനിന്ന് വിട്ടുപോരാൻ കുറച്ചു സമയം വേണ്ടിവന്നു. അയാൾ മറുപടി പറഞ്ഞു:

“അല്ല.”

“പുരോഹിതനാവാനുള്ള പരിശീലനത്തിലാണോ?”

“അല്ല. പുരോഹിതനാവണമെന്ന് ആഗ്രഹിക്കുന്നില്ല.”

ശ്രീലങ്കക്കാരനായ തമിഴ് വംശജനാണ് എന്നറിഞ്ഞപ്പോൾ അയാളോട് സംസാരിച്ച് തന്റെ തമിഴ് ഗൃഹാതുരതയിലേക്ക് കടക്കാമെന്ന് സജിത ആഗ്രഹിച്ചു. മധുക്കരയിൽനിന്ന് പോന്നതിനുശേഷം തമിഴ് സംസാരിക്കാൻ അധികം അവസരങ്ങളൊന്നും ഉണ്ടായില്ല. പക്ഷേ തന്റെ അനുഭൂതിയായ നിശ്ശബ്ദതയെ കൈവിടാൻ സേവ്യർ തയ്യാറായില്ല.

പിന്നീട് എങ്ങനെയാണ് ആ നിശ്ശബ്ദതയുമായി താൻ സമന്വയിച്ചതെന്ന് സജിത സ്വയം ചോദിക്കാറുണ്ട്. ശരിക്കൊരു ഉത്തരം കിട്ടിയിട്ടില്ല. ആ ഒരാഴ്‌ചയ്‌ക്കുള്ളിൽ അവർ ഏതാണ്ടും അടുത്തുകഴിഞ്ഞിരുന്നു. ഒരു സിംഗിൾ മദറിന്റെ മകൻ എന്ന നിലയ്‌ക്കുള്ള കാരുണ്യമാണോ അതിനു കാരണം? അവൾക്ക് അവനോട് ആദ്യം തോന്നിയത് വാത്സല്യം എന്ന വികാരമാണ്. കടുത്ത വാത്സല്യം പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയതാവാം.

ഒരുപക്ഷേ ഗൗതവുമായി പിരിഞ്ഞതിന്റെ അരക്ഷിതബോധമാവും കാരണമായിട്ടുണ്ടാവുക. ആരെങ്കിലും നമ്മെ ഉപേക്ഷിക്കുമ്പോൾ തോൽക്കരുത് എന്ന വാശി ഉണ്ടാകുമല്ലോ. ആ കാലത്ത് സജിതയുടെ ജീവിതസാഹചര്യം കുറച്ചു കുഴപ്പത്തിലായിരുന്നു. ബംഗളൂരുവിലുണ്ടായിരുന്ന നല്ല ജോലി ഉപേക്ഷിച്ച് ഗൗതമിനെ അനുഗമിച്ച് ജർമനിയിൽ എത്തിയതാണ്. അന്വേഷിച്ചിരുന്നെങ്കിൽ ഭേദപ്പെട്ട ഒരു ജോലി അവിടെ കിട്ടുമായിരുന്നു. ശ്രമിച്ചില്ല. ഒരാൾക്ക് ജോലിയുണ്ട്. ആവശ്യത്തിലേറെ പണം കിട്ടുന്നുണ്ട്. രണ്ടാമത്തെയാൾ കഷ്ടപ്പെടേണ്ട എന്ന് ഗൗതം പറഞ്ഞു. സമയം കളയാൻ വേണ്ടിയാണ് ഓർഗനൈസേഷന്റെ പ്രവർത്തനങ്ങളെ സഹായിക്കാൻ നിശ്ചയിച്ചത്. അവർ കഴിയാവുന്ന ഒരു വേതനം നൽകിയിരുന്നു. പക്ഷേ അതുകൊണ്ടു മാത്രം ജർമനിയിൽ ജീവിച്ചുപോകാനാവില്ല. ആയിരത്തിയഞ്ഞൂറ്‌ യൂറോ പ്രതിമാസ വാടക കൊടുക്കേണ്ട വീടാണ് അവളെ കുഴക്കിയത്.


ഡൈവേഴ്‌സിന്റെ പേപ്പറുകൾ തയ്യാറാക്കുന്ന സമയത്ത് വീട്ടുവാടക താൻ തുടർന്നും അടച്ചുകൊള്ളാം എന്ന് ഗൗതം മെസേജ് ചെയ്‌തിരുന്നു. “നന്ദി, അതുവേണ്ട” എന്നുമാത്രം അവൾ മറുപടി നൽകി.

സേവ്യറിന്റെ ജീവിതപരിതസ്ഥിതിയും അത്ര മെച്ചപ്പെട്ടതായിരുന്നില്ല. അമ്മ തിരിച്ചു പോയപ്പോൾ പാനീയക്കട വേറൊരാളെ നടത്താനായി ഏൽപ്പിച്ചു. അതിന്റെ വാടകയാണ് പ്രധാന വരുമാനം. വല്ലപ്പോഴും ജോലിസ്ഥലത്തുനിന്നു തിരിച്ചു ചെല്ലുമ്പോൾ കടയോട് ചേർന്നുള്ള ചെറിയ മുറിയിൽ താമസിക്കും. അയാൾ പറഞ്ഞു:

“എനിക്ക് ജീവിക്കാൻ അധികം പണം ആവശ്യമില്ല. കെയർഹോമിൽ ഭക്ഷണമുണ്ട്. വീട്ടിലെത്തുന്ന ദിവസങ്ങളിൽ കാലത്ത് എഴുന്നേറ്റ് അടുക്കളയിൽ അവശേഷിക്കുന്ന എന്തെങ്കിലും - ചിക്കൻ, മുട്ട, കാബേജ്, കോളിഫ്ലവർ, മഷ്റൂം, കാപ്സിക്കം - എന്നിവ ഒന്നിച്ചെടുത്ത് വെള്ളമൊഴിച്ച് തിളപ്പിക്കും. ഉപ്പും കുരുമുളകും ചേർത്ത് കഴിക്കും. ജാഫ്ന സൂപ്പ് എന്നാണ് ഞാനതിന് പേരിട്ടിരിക്കുന്നത്.”

ഒട്ടുമിക്ക യാത്രകൾക്കും അയാൾ സൈക്കിൾ ഉപയോഗിക്കുന്നു. അയാൾ പറഞ്ഞു: “ഒരു ദിവസം നൂറുകിലോമീറ്റർ വരെ സൈക്കിൾ ചവിട്ടാൻ എനിക്ക് പ്രയാസമില്ല.”

ഒരു റെസ്‌ക്യു മിഷനുമായി ബന്ധപ്പെട്ടാണ് അയാളുടെ അമ്മ ആഗ്നസ് ഫെർണാണ്ടസ് ശ്രീലങ്കയിലേക്ക് പോയിരിക്കുന്നത്. അവർക്കിപ്പോൾ അറുപത്തിയഞ്ച് വയസ്സുണ്ട്. ജർമനിയിൽ ശ്രീലങ്കൻ തമിഴരുടെ നിരവധി കൂട്ടായ്‌മകളുണ്ട്. തമിഴ് സംസ്‌കാരവും ശ്രീലങ്കയിലെ ഭാവിജീവിതവും ചർച്ച ചെയ്യുന്ന വാട്സാപ്പ് ഗ്രൂപ്പുകളുമുണ്ട്. കവികളുടെ മാത്രം ഗ്രൂപ്പുകളുണ്ട്. ആഗ്നസ് ഫെർണാണ്ടസും കവിത എഴുതാറുണ്ട്.

“അറുപത് വയസ്സു കഴിഞ്ഞ ശേഷമാണ് അമ്മ എഴുത്ത് തുടങ്ങിയത്. വാട്സാപ്പിലൂടെ നിരവധി കവിതകൾ വരുന്നു. കവിതകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നു. അപ്പോൾ അവർക്കു തോന്നിയിരിക്കണം, അഭയാർഥികൾ കവിത എഴുതേണ്ടതുണ്ടെന്ന്. എന്നെക്കുറിച്ചാണ് അമ്മ ആദ്യത്തെ കവിത എഴുതിയത്. മകൻ എന്ന പേരിൽ.”

സേവ്യർ പറഞ്ഞു.

“ആ കവിതയിലെ വരികൾ എനിക്ക് ഓർമയുണ്ട്. ഞാൻ മനപ്പാഠമാക്കിയ ഒരേ ഒരു കവിതയാണ്:

“മകൻ എന്താൽ വഴിയും സത്യവും;

പുനിത മേരിക്ക് ഇരുന്തതുപോലേവേ എനക്കും.

തായ്‌പ്പാലിൽ കസപ്പ് ഇരിക്കും,

ആനാൽ അവളതു കണ്ണീർ ഇനിക്കും.

ഇളമെയിൽ കുടിത്ത തായ്‌പ്പാൽ കസപ്പാക ഇരുന്തതാൽ,

ഇറുതിയിൽ രാജഭടർകൾ കൊടുക്കും കസപ്പുനീർ അവനുക്ക് ഇനിക്കും.

അമ്മ എനും സിലുവയിൽ താൻ അവൻ അറൈയപ്പെടുവാൻ.

തനതു ഉയിരിൽ കടൈസി നൊടിയിലും കടവുളൈ തേടാമൽ അമ്മാവൈയേ തേടുവാൻ.”

2009‐ൽ ജാഫ്ന പാടെ തകർന്ന വിവരം അറിഞ്ഞതുമുതൽ തിരിച്ചു പോകണമെന്ന് സേവ്യറിന്റെ അമ്മ ആഗ്രഹിച്ചു. തന്റെ മരണം ദ്വീപിൽ വച്ചാവണം. കഴിയുമെങ്കിൽ തലൈമന്നാർ സെന്റ്‌ ലോറൻസ് പള്ളിയിൽ അടക്കണം. കുറച്ചു വർഷങ്ങൾക്കുശേഷം ജാഫ്നയുടെ ദുരിതാശ്വാസത്തിനും പുനർനിർമാണത്തിനുമുള്ള ഒരു മിഷൻ ജർമനിയിൽ ആരംഭിച്ചു. ഒരുകൂട്ടം സന്നദ്ധപ്രവർത്തകർ ശ്രീലങ്കയിലേക്ക് പോകാൻ തയ്യാറെടുത്തു. തന്നെ കൂടെ കൂട്ടണമെന്ന് അമ്മ അവരോട് ആവശ്യപ്പെട്ടു.

തലൈമന്നാറിലെ വീട് തകർന്നു പോയതുകൊണ്ട് അവരിപ്പോൾ ഒരു പള്ളിയിലാണ് താമസിക്കുന്നത്. വീട്‌ നഷ്ടപ്പെട്ട ധാരാളം പേർ പള്ളികളിലും സമീപത്തുണ്ടാക്കിയ ഷെഡ്ഡുകളിലുമായി താമസിക്കുന്നുണ്ട്. തമിഴ് ടൈഗർ ഫോഴ്സ് കീഴടങ്ങിയതിനുശേഷം സ്വന്തം വീടുകളിൽ കഴിയാൻ ഭയമുള്ളവരുണ്ട്. പള്ളിയിൽ തന്നെ ജർമൻ മിഷന്റെ ഓഫീസ് പ്രവർത്തിക്കുന്നു. അമ്മ അവരുടെ വളന്റിയറായി ജോലി ചെയ്യുന്നു.

ഇതിനകം ഒരു തവണ സേവ്യർ അമ്മയെ കാണാൻ ശ്രീലങ്കയിലേക്ക് പോയി. ജന്മം നൽകിയ രാജ്യത്തേക്കുള്ള അയാളുടെ ആദ്യയാത്രയായിരുന്നു അത്. തലൈമന്നാർ ഉപദ്വീപിൽ ബീച്ചിനോട് ചേർന്നാണ് അവരുടെ ഗ്രാമം. മുക്കുവച്ചേരിയാണ്. എങ്ങും അതിഭയങ്കരമായ ചൂട്. ഉപ്പുകാറ്റ്. യുദ്ധത്തിൽ തകർന്നു കിടക്കുന്ന സ്‌കൂളുകളും ആരാധനാലയങ്ങളും അയാൾ കണ്ടു. വിജനമായ അന്തരീക്ഷമാണ് പൊതുവെ. അമ്മ അയാളെ പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയി. ധാരാളം പേരെ പരിചയപ്പെടുത്തി.


1995‐ൽ അയാൾക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് ബോട്ടിൽ അമ്മയോടൊപ്പം ഇന്ത്യയിലേക്ക് കടന്നത്. എങ്ങും തീവെപ്പും ബോംബിങ്ങും ആയിരുന്നു. പൊലീസിന്റെയും പട്ടാളത്തിന്റെയും കൂടെ സിംഹളരും ഇരച്ചെത്തി. ഫിഷിങ്‌ ബോട്ടുകളിലാണ് അതീവ രഹസ്യമായി ആളുകൾ കടൽ കടന്നിരുന്നത്. ഒരു ബോട്ടിൽ തന്നെ നൂറുകണക്കിന് പേർ. അയാൾക്കും അമ്മയ്‌ക്കും കിട്ടിയത് മേൽക്കൂരയില്ലാത്ത ചെറിയൊരു ബോട്ടാണ്.

രാത്രിയായിരുന്നു. ചില സമയത്ത് മഴ പെയ്‌തിരുന്നു. അമ്മ പറഞ്ഞുകേട്ട് ആ യാത്രയുടെ ഒരു ചിത്രം അയാളുടെ മനസ്സിലെപ്പോഴും ഉണ്ട്. ആ രാത്രിയിൽ ആകാശത്തെ നക്ഷത്രങ്ങളെ കണ്ടതു കൊണ്ട് താൻ സന്തോഷിക്കുകയാവാം ഉണ്ടായതെന്ന് അയാൾ കരുതി.

എന്തുകൊണ്ടാവാം സ്വന്തം വീട്ടുകാരിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി അമ്മ ഒറ്റയ്‌ക്ക് യാത്ര ചെയ്‌തതെന്ന് അയാൾ ആലോചിച്ചിട്ടുണ്ട്. അമ്മ ശ്രീലങ്കൻ തമിഴ് ആക്ടിവിസ്റ്റ് ആയിരുന്നോ? അല്ലെങ്കിൽ അവിഹിതബന്ധത്തിൽ കുഞ്ഞ് ജനിച്ചതിന്റെ പേരിൽ വീട്ടിൽനിന്നും സമൂഹത്തിൽനിന്നും ബഹിഷ്‌കൃതയായിരുന്നോ? അയാൾ ചോദിച്ചിട്ടില്ല. ചില ചോദ്യങ്ങൾ അരുതെന്ന് അമ്മ അയാളുമായി കരാറുണ്ടാക്കിയിരുന്നു. അയാൾക്ക് പത്തുവയസ്സ്‌ തികഞ്ഞപ്പോഴാണത്.

അമ്മ പറഞ്ഞു:

“സേവ്യർ, നിനക്ക് എന്നോട് എന്തു കാര്യങ്ങൾ വേണമെങ്കിലും ചോദിക്കാം. ചോദ്യങ്ങളാണ് പ്രധാനം. ഉത്തരങ്ങളല്ല. സദാ ചോദ്യങ്ങൾ ചോദിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. മറുപടി ചിലപ്പോൾ കിട്ടിയില്ലെന്ന് വരും. അത് കാര്യമാക്കരുത്. പക്ഷേ നീ അമ്മയോട് ഒരു കാര്യം മാത്രം ചോദിക്കരുത്. നിന്റെ അച്ഛൻ ആരാണെന്ന്. അങ്ങനെ ചോദിക്കയില്ലെന്ന് നീ എനിക്കു വാക്കുതരണം.’’

അമ്മയുടെ കൈകളിൽ കൈ ചേർത്തുവച്ച് അവൻ വാക്കുകൊടുത്തു. അപ്പോൾ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു: “നിന്റെ അമ്മ കർത്താവിന് നിരക്കാത്ത ഒരു കാര്യവും ചെയ്‌തിട്ടില്ല.”

ഉലയുന്ന കടലിലൂടെ സാഹസികമായ ആ യാത്രയിൽ പെരിയപട്ടണത്തിനടുത്ത് ഒരു മുക്കുവഗ്രാമത്തിലാണ് അവർ കരപറ്റിയത്. പിന്നെ പൊലീസ് കണ്ടെത്തി മണ്ഡപം ക്യാമ്പിലേക്കു മാറ്റി. രണ്ടുമാസങ്ങൾക്കു ശേഷം തിരിച്ചിറപ്പള്ളിയിലേക്കും. അവിടെത്തെ തട്ടികമറച്ച് ഷീറ്റുമേഞ്ഞ അസംഖ്യം കുടിലുകളിലൊന്നിലായിരുന്നു പിന്നെ സേവ്യറുടെ ജീവിതവും വളർച്ചയും. അവന് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ജർമനിയിലേക്ക് പോകാൻ അവസരം കിട്ടിയത്. ഫ്രാങ്ക്ഫർട്ടിലെ ഹാർവെസ്റ്റ് മിഷണറി ചർച്ച് സഹായിച്ചു. യാത്രയ്‌ക്കുള്ള പേപ്പറുകൾ ശരിയാക്കാൻ ആഗ്നസും സേവ്യറും ചെന്നൈയിലും മധുരയിലുമുള്ള സർക്കാർ ആപ്പീസുകൾ പലവട്ടം കയറിയിറങ്ങി.

സജിത പറഞ്ഞു:

“സേവ്യർ, മേൽക്കൂരയില്ലാത്ത ഒരു ചെറുബോട്ടിൽ നൂറുപേർക്കിടയിൽ അമ്മയുടെ മടിയിൽ കിടന്ന് യാത്രചെയ്യുന്ന ഒന്നര വയസ്സുകാരനെ ഞാൻ മനസ്സിൽ കാണുന്നു. ആകാശത്തേക്ക് നോക്കുന്ന അവന്റെ കണ്ണുകൾ. അതേ നോട്ടം തന്നെയാണ് നിനക്കിപ്പോഴും. നീ അന്ന് വല്ലാതെ ഭയന്നിട്ടുണ്ടാവും അല്ലേ?”

അവൻ പറഞ്ഞു: “അത്ര ചെറിയ പ്രായത്തിലെ ഓർമകളെ നമുക്ക് പുറത്തെടുക്കാനാവില്ലല്ലോ. പക്ഷേ അത് ശരീരത്തിലെവിടെയെങ്കിലും ഒളിച്ചു കിടക്കുന്നുണ്ടാവും. ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ ആ ഓർമകൾ പങ്കെടുക്കുന്നുണ്ടാവും. അന്ന് പേടിയുണ്ടായിരിക്കാൻ സാധ്യതയില്ല. മത്സ്യം പിടിക്കുന്നവരുടെ ജീനുകളല്ലേ എന്റെ ശരീരത്തിൽ മുഴുവൻ. കടലിലെത്തിയപ്പോൾ സുരക്ഷിതത്വമാവും തോന്നിയിട്ടുണ്ടാവുക. രാത്രിയായിരുന്നതുകൊണ്ട് നക്ഷത്രങ്ങളെ കണ്ട് സന്തോഷിച്ചിട്ടുണ്ടാവും.

ഓർമയിലുള്ളത് തിരുച്ചിയിലെ കോട്ടപ്പട്ടു റെഫ്യൂജി ക്യാമ്പിലെ ജീവിതമാണ്. ആ ക്യാമ്പ് സമുദ്രത്തേക്കാൾ ഇളകിമറിയുന്നതായിരുന്നു. കുടിലുകൾക്കിടയിലൂടെ ഒഴുകിയിരുന്ന അഴുക്കുചാലുകളാണ് ഓർമയിൽ തെളിഞ്ഞുനിൽക്കുന്നത്. നിറയെ ഈച്ചയും കൊതുകും. പരിചയമായതുകൊണ്ട് ദുർഗന്ധമൊന്നും അങ്ങനെ തോന്നിയിരുന്നില്ല. അലഞ്ഞുതിരിയുന്ന ഒരുപാട് നായ്‌ക്കളുണ്ട്. പലതിന്റെയും ശരീരത്തിൽ വ്രണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ആ നായ്‌ക്കളായിരുന്നു അവിടത്തെ കുട്ടികളായ ഞങ്ങൾക്ക് തെല്ലെങ്കിലും സ്‌നേഹം തന്നിരുന്നത്. എത്ര അകലെനിന്നും എന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഓടി വന്നിരുന്ന ഒരു നായയുണ്ടായിരുന്നു. യമൻ എന്നായിരുന്നു അതിന് ആരോ പേരിട്ടിരുന്നത്. അത്ഭുതം തന്നെ. യമനെന്നാൽ ഹിന്ദുക്കളുടെ വിശ്വാസപ്രകാരം മരണത്തിന്റെ രാജാവല്ലേ?

“മുതിർന്നവരെപ്പോലെത്തന്നെ ഞങ്ങൾ കുട്ടികളും തമ്മിൽ വഴക്കിടുകയും ആക്രമിക്കുകയും ചോര വീഴ്‌ത്തുകയും പിന്നെ അതെല്ലാം മറന്ന് സ്‌നേഹിക്കുകയും ചെയ്‌തിരുന്നു. ഇടയ്‌ക്ക് ഒളിച്ച് പുറത്തുപോയി യാചിക്കാറുണ്ട്. കിട്ടുന്ന പണംകൊണ്ട് സിറ്റിയിൽ പോയി സിനിമ കാണും. അലുവയോ പൊങ്കലോ വാങ്ങിച്ചു തിന്നും. ആ പ്രായത്തിൽ ഒന്നോ രണ്ടോ വട്ടം ഞാൻ ബീഡി വലിക്കുകയും മദ്യപിക്കുകയും ചെയ്‌തിട്ടുണ്ട്. ഒരിക്കൽ തിയേറ്ററിൽ വച്ച് പരിചയപ്പെട്ട ഒരാളുടെ ലൈംഗികാവശ്യത്തിന് വിധേയനാവേണ്ടി വന്നു.

ചില മനുഷ്യസ്‌നേഹികൾ ക്യാമ്പിൽ വന്ന് പഴയ വസ്ത്രങ്ങളും ഭക്ഷണപ്പാക്കറ്റുകളും വിതരണം ചെയ്യും. കേയ്‌ക്കോ ബിരിയാണിയോ മറ്റോ. അങ്ങനെ ഉദാരമതികൾ എത്തിയിരുന്ന ദിവസങ്ങളാണ് കൂടുതൽ വേദനിപ്പിച്ചുകൊണ്ട് ഓർമയിൽ നിൽക്കുന്നത്. അന്ന് ആസക്തിയും ആക്രമണവും അപമാനവും കൂടുതലായിരിക്കും. ഒരു തുണ്ട് ഭക്ഷണത്തിനുവേണ്ടി എല്ലാവരും യുദ്ധം ചെയ്യും. ആ യുദ്ധം കാണാനുള്ള കൗതുകമായിരുന്നോ ഉദാരമതികളുടെ ഉദ്ദേശ്യമെന്ന് പിന്നീട് സംശയിച്ചിട്ടുണ്ട്. ഇതിനിടെ ഞാനവിടത്തെ സ്‌കൂളിൽ ചേർന്നു പഠിച്ചിരുന്നു. റെഫ്യൂജി കുട്ടികൾ മറ്റു കൂട്ടങ്ങളിൽ പെടാതെയാണ് നടന്നിരുന്നത്. എല്ലാ ദിവസവും മായക്കുടി കറുപ്പയ്യസ്വാമി കോവിലിലും വിനായകൻ ക്ഷേത്രത്തിലും പോകും. അവിടന്ന് ചക്കരപ്പൊങ്കൽ കിട്ടിയിരുന്നു.

എല്ലാ ഞായറാഴ്‌ചയിലും അമ്മയൊന്നിച്ച് ആരോഗ്യമാതാവിന്റെ ചർച്ചിൽ പോകും. കുറച്ചു ദൂരമുണ്ട് അങ്ങോട്ട്. അവിടത്തെ ഫാദർ അന്തോണിസ്വാമിയാണ് ജർമനിയിലേക്ക് പോകാനുള്ള അവസരമുണ്ടാക്കിയത്.” .

(തുടരും)





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home