Deshabhimani

രണ്ടാമത് മാക്ട- രാജ​ഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ; ഒക്ടോബർ 13 മുതൽ 15 വരെ

film
വെബ് ഡെസ്ക്

Published on Oct 09, 2026, 06:31 PM | 2 min read

കൊച്ചി: മാക്ടയും രാജ​ഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് രാജ​ഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ 13 മുതൽ 15 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.


​13-ന് ഉച്ചയ്ക്ക് 12 -ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ഉദ്ഘാടനം നിർവഹിക്കും. കോളേജ് ഡയറക്ടർ റവ. ഫാ. അജീഷ് പുതുശേരി സിഎംഐ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത നടി റിമ കല്ലിങ്കൽ, സംവിധായകനും നടനുമായ മധുപാൽ, മാക്ട ചെയർമാൻ ജോഷി മാത്യു, മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, പ്രിൻസിപ്പൽ ഡോ. ലാലി മാത്യു, ഫെസ്റ്റിവൽ കൺവീനറും കോളജ് ആനിമേഷൻ ആൻഡ് ​ഗ്രാഫിക് ഡിസൈൻ വിഭാ​ഗം മേധാവിയുമായ രഞ്ജു എ.സി എന്നിവർ പങ്കെടുക്കും.


മലയാള സിനിമയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ അന്തരിച്ച പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ജോൺ പോൾ അനുസ്മരണവും ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടക്കും. ചടങ്ങിൽ അദ്ദേഹം രചിച്ച അമൂല്യ പുസ്തകങ്ങളുടെ ശേഖരം മകൾ ജിഷ ജോൺ മാക്ടയ്ക്കും രാജ​ഗിരി കോളജിനും കൈമാറും.


​വിവിധ ഫെസ്റ്റിവലുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മികച്ച ചിത്രങ്ങളാണ് മേളയിൽ പ്രദർശനത്തിന് എത്തുന്നത്. നടന്മാരായ ശ്രീനിവാസൻ, സലിം കുമാർ എന്നിവരുടെ പേരിലുള്ള രണ്ട് വേദികളിലായാണ് സിനിമകളുടെ പ്രദർശനം. കോളേജിലെ മെയിൻ ഓഡിറ്റോറിയം 'ശ്രീനിവാസൻ നഗർ' (സ്ക്രീൻ 1) ആയും കോൺഫറൻസ് റൂം 'സലിം കുമാർ നഗർ' (സ്ക്രീൻ 2) ആയുമാണ് ഒരുക്കിയിട്ടുള്ളത്. മൂന്ന് ദിവസങ്ങളിലായി മലയാളത്തിലും വിദേശഭാഷകളിലുമായി ആകെ 13 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

​ആദ്യ ദിനമായ ഒക്ടോബർ 13-ന് തിയേറ്റർ: മിത്ത് ഓഫ് റിയാലിറ്റി, ആദി സ്നേഹത്തിന്റെ വിരുന്നുമേശ, ഭൂതലം എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.


രണ്ടാം ദിനം നിഴലാഴം, ചാവുകല്യാണം, അനന്തതയിലേക്ക് (ഡോക്യുമെന്ററി), ശേഷിപ്പുകൾ, ഖിഡ്കി ഗാവ് (ഹിന്ദി), കോലാഹലം എന്നീ ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. സമാപന ദിവസമായ 15-ന് പ്രളയശേഷം ഒരു ജലകന്യക, പ്രൈവറ്റ്, ഫിറ്റ്സ്കാരാൾഡോ (ഇംഗ്ലീഷ്), മസ്തിഷ്കമരണം എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.


​സിനിമാ പ്രദർശനങ്ങൾക്കൊപ്പം എല്ലാ ദിവസവും പ്രദർശിപ്പിക്കുന്ന സിനിമകളെയും വിവിധ വിഷയങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഓപ്പൺ ഫോറങ്ങളും മേളയുടെ ഭാ​ഗമായി നടക്കും. ജോൺ പോൾ നഗറിലാണ്(സ്പോർട്ടിക്കോ ബാസ്കറ്റ്ബോൾ കോർട്ട് ) ഓപ്പൺ ഫോറങ്ങൾ നടക്കുന്നത്. കൂടാതെ, ദിവസവും വൈകുന്നേരങ്ങളിൽ സംഗീതപരിപാടികൾ, ഡാൻസ്, മ്യൂസിക് ബാൻഡ് തുടങ്ങിയ വിവിധ കൾച്ചറൽ പ്രോ​ഗ്രാമുകളും അരങ്ങേറും. ഒക്ടോബർ 15-ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ സംവിധായകൻ കമൽ, നടൻ വിനയ് ഫോർട്ട് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.


ചടങ്ങിൽ ഷോർട്ട് ഫിലിം പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. പുതുതലമുറയിൽ മികച്ച ചലച്ചിത്ര സംസ്കാരം സൃഷ്ടിക്കുക, വിദ്യാർത്ഥികളിൽ സിനിമാവബോധം വളർത്തുക എന്നിവയാണ് ചലച്ചിത്രമേളയുടെ ലക്ഷ്യം.


"2031-ൽ നടക്കുന്ന സിഎംഐ സഭയുടെ ബൈസെന്റിനറി ആഘോഷങ്ങളുടെ മുന്നോടിയായി ഈ വർഷം 'സിഎംഐ ഇയർ ഓഫ് മീഡിയ' ആയാണ് സഭ ആചരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്"- കോളേജ് ഡയറക്ടർ റവ. ഫാ. അജീഷ് പുതുശേരി സിഎംഐ പറഞ്ഞു.


​വാർത്താ സമ്മേളനത്തിൽ മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, മാക്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഫെസ്റ്റിവൽ കൺവീനറുമായ ബാബു പള്ളാശേരി, കോളജ് പ്രിൻസിപ്പാൾ ഡോ. ലാലി മാത്യു, ഫെസ്റ്റിവൽ കൺവീനർ രഞ്ജു എ സി, സ്റ്റുഡൻ്റ് കോർഡിനേറ്റർ വിജയ് വികാസ് എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home