നോവൽ‐7
പ്രണയരാഷ്ട്രം

അശോകൻ ചരുവിൽ
Published on Oct 24, 2026, 02:23 PM | 8 min read
എച്ചുവമ്മയും ദെച്ചുവമ്മയും
വർഷങ്ങൾക്ക് മുമ്പ് വാദ്യക്കുടത്തേക്കുള്ള ആദ്യത്തെ വരവിൽ, വയലിലൂടെ നടന്ന് വന്ന് മുളമ്പടി കടക്കുമ്പോൾ തന്നെ എച്ചുവമ്മയേയും ദെച്ചുവമ്മയേയും മേഴ്സി കണ്ടിരുന്നു. ആ വീട് അന്നൊരു പ്രേതമാളികപോലെയാണ് അവൾക്ക് തോന്നിയത്. കുമ്മായമടർന്ന അഴുക്കുപറ്റിയ ചുവരുകൾ. ഒരു ഭാഗത്ത് ഓടുകൾ തകർന്ന് മേൽക്കൂര ഇടിഞ്ഞിരുന്നു. -----
അതേസമയം കബീർ ആശ്ചര്യത്തോടെ ആ വീടിനെ നോക്കിനിന്നു. അതേതാണ്ടും അയാളുടെ കൊടുങ്ങല്ലൂരിലെ വീടുപോലെ ഉണ്ടായിരുന്നു. രണ്ടു നിലയിൽ; മുകളിലെ ജനലുകൾക്ക് മാറ്റമുണ്ടായിരുന്നു. പിന്നെ ഇറയത്തെ തൂണുകൾക്കും.
അവിടെ ഇറയത്ത് കുട്ടിക്കഥകളിലെ മന്ത്രവാദിനികളെപ്പോലെ വൃദ്ധകൾ നിൽപ്പുണ്ടായിരുന്നു. അത്രയ്ക്ക് ദേഷ്യപ്പെട്ട് തീപിടിച്ച രണ്ട് മുഖങ്ങൾ. കളപ്പുരയിലേക്ക് മേഴ്സി കാൽവച്ചപ്പോൾ ഇരുവരും ദൃഷ്ടിയിൽപ്പെടാതിരിക്കാനെന്നോണം അകത്തേക്കു പോയി. അകത്തുനിന്ന് ജനാലയിലൂടെ അവർ നോക്കി. പിന്നീട് പലവട്ടം കേട്ട ഒരു വാചകം അവിടെനിന്ന് അന്ന് പാറിവന്നു:--
“വാദ്യക്കുടത്തെ ഭഗവതീടെ വാളും പരിചേം ഇരിക്കണ വീട്ടിലിക്ക്യാണ് ജാതിയല്ലാത്ത ജാതിക്കാർ താമസിക്കാൻ വന്നേടുക്കണ്. അനുഭവിക്കും.”
എച്ചുവമ്മയേയും ദെച്ചുവമ്മയേയും കുറിച്ച് അതിനകം പലവിധത്തിൽ അവർ കേട്ടിരുന്നു. ചിലർ പറഞ്ഞു: വിചിത്രസ്വഭാവമുള്ള സ്ത്രീകളാണ്. പകൽ മുഴുവൻ എച്ചുവമ്മ ആരോടെന്നില്ലാതെ സംസാരിച്ചുകൊണ്ടിരിക്കും. ആ സമയത്ത് ദെച്ചുവമ്മ നിശ്ശബ്ദയായിരിക്കും. രാത്രിയാണ് അവരുടെ ഊഴം. ഉറങ്ങാതെയുള്ള അവരുടെ വർത്തമാനം വയലിൽനിന്നുള്ള കാറ്റിൽ കലർന്ന് വാദ്യക്കുടത്തിന്റെ പശ്ചാത്തലസംഗീതമായി മാറും.
അത്യധികം മെലിഞ്ഞ രൂപത്തിലാണ് രണ്ടുപേരും. തറ്റുടുത്ത് അതിനുമേൽ ഏറെ മുഷിഞ്ഞ തോർത്തുമുണ്ട് ചുറ്റിയ വേഷം. ദെച്ചുവമ്മയുടെ വായിൽ പല്ലുകളൊന്നും ഉണ്ടായിരുന്നില്ല. എച്ചുവമ്മയുടെ പല്ലുകൾ ചുണ്ടുകൾക്കിടയിലൂടെ മുന്നോട്ട് തള്ളി നിന്നിരുന്നു. നാട്ടുകാർ ആരും ആ വീട്ടിലേക്ക് വരാറില്ല. പറമ്പിൽ കായ്ച്ചു നിന്നിരുന്ന അരിനെല്ലിയിലും നിലത്ത് നിറയെ വീണുകിടന്നിരുന്ന അയനിക്കുരുവിലും ശ്രദ്ധവച്ച കുറെ കുട്ടികൾ പരിസരത്തുണ്ടായിരുന്നു. അവർ വേലികടന്ന് വരുന്നുണ്ടോ എന്ന് കണ്ണുനട്ട് വൃദ്ധകൾ കാത്തിരിക്കും. വന്നാൽ ചാടിവീണ് ചീത്തവിളിക്കും:
“നശൂലങ്ങൾ, നശൂലങ്ങൾ; അൽപ്പായുസ്സായിപ്പോട്ടെ!”
ചിത്രീകരണം: സുനിൽ അശോകപുരം
ചില നിഗൂഢതകൾ ആ വീടിനും പറമ്പിനും ഉണ്ടെന്ന് ആളുകൾ കരുതിയിരുന്നു. അവിടെ രാത്രിയിൽ അജ്ഞാതർ വന്ന് കുരുതി നടത്തുന്നുണ്ടെന്ന് ചിലർ സംശയിച്ചു. വീടിന്റെയും പറമ്പിന്റെയും കാര്യങ്ങൾ അന്വേഷിച്ചിരുന്നതും തീരുമാനിച്ചിരുന്നതും വയലിനക്കരെ വീടുള്ള ചങ്ങൻ നായരാണ്. കല്ലുകടുക്കനിട്ട ഒരു വൃദ്ധൻ. ചങ്ങൻ നായർക്കും എൻജിഒ യൂണിയൻ ബ്രാഞ്ച് സെകട്ടറി വേണുഗോപാലനും ഒപ്പമാണ് മേഴ്സിയും കബീറും അന്നവിടെ ചെന്നത്. മുറി തുറക്കുമ്പോൾ ചങ്ങൻ നായർ ശബ്ദം താഴ്ത്തി പറഞ്ഞു:
“അപ്രത്തിക്ക് നോക്കണ്ട. രണ്ടിനും പ്രാന്താ. ഒരെണ്ണത്തിന് പകൽ പ്രാന്ത്. മറ്റേന് രാത്രിപ്രാന്ത്. അത്ര വെത്യാസേള്ളൂ.”
എച്ചുവമ്മയ്ക്കും ദെച്ചുവമ്മയ്ക്കും മക്കളില്ല. ഇരുവരും വിവാഹം ചെയ്തിട്ടുമില്ല. ദെച്ചുവമ്മ മാനസികരോഗം അധികരിച്ച ഒരു കാലത്ത് വീടുവിട്ടുപോയി നഗരത്തിൽ അലഞ്ഞു നടന്നിരുന്നതായി പറയുന്നു. അക്കാലത്ത് അവർ ഗർഭിണിയായി. വീട്ടിൽ വന്നുകിടന്ന് പ്രസവിച്ചു. കുഞ്ഞ് മരിച്ചതാണെന്നും അമ്മാവന്മാർ കൊന്നതാണെന്നും പറയുന്നുണ്ട്. വൃദ്ധകൾക്ക് വേണ്ടത്ര കാര്യവിവരം ഇല്ലാത്തതുകൊണ്ട് മറ്റ് അവകാശികൾ ചേർന്ന് വീടിന്റെയും പറമ്പിന്റെയും ഉത്തരവാദിത്വം ചങ്ങൻ നായരെ ഏൽപ്പിച്ചിരിക്കുകയാണ്.
“ഇനിക്കിതിന്റെ ഒരാവശ്യോം ഇല്യാലോ?”
ചങ്ങൻ നായർ പറഞ്ഞു:
“ഇനിക്ക് ഭാര്യേടെ വകേൽ തെക്കുമ്പാടത്ത് എട്ടുപറയ്ക്ക് നെലണ്ട്. അതെന്നെ നോക്കിനടത്താൻ സമയല്യാണ്ട് ഒരീഴവൻ കേശവനെ ഏൽപ്പിച്ചിരിക്ക്യാണ്. പിന്നെ ഇരിക്കണ പറമ്പിൽ മേനി അഞ്ഞൂറ് നാളികേരം വീഴും. ഇന്റെ ചെക്കൻ രാമചന്ദ്രന് രാമവർമപുരത്തെ പോലീസ് ക്യാമ്പിൽ പണീണ്ട്. അവനവടത്തെ ഓർഡർലി ആണ്. പോലീസേമാന്മാർക്ക് ഭക്ഷണം ണ്ടാക്കി കൊടുക്കണ ആളായോണ്ട് ആളിപ്പൊ നാട്ടിലെ ഒരു പ്രമാണി ആയിരിക്കണു. ഓരോരോ നിവൃത്തികേടും കൊണ്ട് എത്ര ആൾക്കാരാ ദിവസോം കാണാൻ വരണ്. ഓർഡർലിസാർ ദയവിചാരിച്ച് സ്റ്റേഷണിലിക്ക് വിളിച്ചു പറയണം എന്നൊക്ക്യാണ് പരിദേവനം. എനിക്കു വേണെങ്കി ഉമ്മറത്തെ കസേരേമൽ കാലുമ്മെ കാലുകേറ്റിവെച്ചിരുന്നട്ട് സുഖിക്ക്യാം. എന്നാലും ഒരു കടപ്പാടുണ്ട്. ഈ എച്ചുമുന്റെ അച്ഛൻ മേനാശ്ശേരി മഠത്തിൽ പരമേശ്വരക്കൈമൾ മരിക്കണവരെ ഞാനിവടത്തെ കാര്യസ്ഥനാർന്നു. അപ്പൊ അനന്തരാവകാശികൾ ഒരപേക്ഷ പറഞ്ഞാ ഒഴിയാൻ പറ്റില്ല.
“ഇപ്പൊ ഇവടെ കാര്യസ്ഥതക്കൊള്ള ഒരു വകേം ഇല്ല. ഈയൊരു പെര. കയ്യാല. പിന്നെ രണ്ടേക്ര പറമ്പ്. -ചൊറോലിപ്പാടത്തെ ബാക്കി നെലം. പറമ്പിന്റെ അവസ്ഥ കണ്ടല്ലോ നിങ്ങൾ? അടക്കാമരങ്ങളാണ്. നനകൂട്ടാണ്ട് അടക്കാരം നിക്ക്വോ? ഒക്കെ ഒണങ്ങി ഒടിഞ്ഞുവീണു. പറമ്പീന്ന് നയാപൈസ വരുമാനല്യ. പിന്ന്യൊള്ളത് വാടകക്കാര് തരണ ഈ കാശാണ്. അത് ഞാൻ വക്കുപൊട്ടിക്കാണ്ട് റേഷൻകട വർഗീസിനെ ഏൽപ്പിക്കും. അവനൊരു അനാദിപ്പീട്യ വേറെണ്ട്. ഞാനവനോട് പറഞ്ഞട്ടുണ്ട്. അരീം ഉപ്പും മെളകും വെളിച്ചെണ്ണേം മൊടങ്ങാണ്ട് കൊടുക്കണം. രണ്ടെണ്ണം പട്ടിണി കെടന്ന് ചാവാൻ പാടില്ല. എനിക്കതിൽ ഉത്തരവാദിത്തണ്ട്. വല്ല മാസത്തിലും കാശ് പോരാണ്ട് വരാന്ന്ച്ചാ എന്നോട് പറയ്യാ. ഞാൻ ബോംബേൽക്ക് കത്തയക്കാം. ശീമേലും ഡൽഹീലും പേർസ്യേലും ഒക്കെ ആയിട്ട് അവകാശികൾ ഒരു ജാഥക്കൊള്ള ആൾക്കാര്ണ്ടെങ്കിലും ഇത്തിരി കനിവൊള്ളത് ബോംബെക്കാരൻ ദാമോദരനാണ്. എന്റെ ബന്ധത്തിൽ നിന്നാണ് അവൻ കല്യാണം ചെയ്തിരിക്കുന്നത്. കൊല്ലത്തിലൊരിക്കെ അവൻ വടക്കാഞ്ചേരിൽ ഭാര്യവീട്ടിൽ വരും. ഉത്രാളിക്കാവിലെ പൂരക്കാലത്ത്. അപ്പൊ ഞങ്ങൾ തമ്മിൽ കാണും. ബാക്കി കാശ് ഞാൻ വർഗീസിന് മേടിച്ചു കൊടുക്കും.”
ചിത്രീകരണം: സുനിൽ അശോകപുരം
മേനാശ്ശേരി കൈമൾമാർ എന്നാണ് ആ വീട്ടുകാർ അറിയപ്പെട്ടിരുന്നത്. ഒരുകാലത്ത് വാദ്യക്കുടത്ത് മാത്രമല്ല തലപ്പിള്ളി താലൂക്കിലും പിന്നെ പഴയ കൊച്ചിരാജ്യത്തു മുഴുവനും പ്രശസ്തി ഉണ്ടായിരുന്നു. ചില കാരണവന്മാർ രാജാവിന്റെ കീഴിൽ തൃശൂരും തൃപ്പൂണിത്തുറയും ഉദ്യോഗം വഹിച്ചിട്ടുണ്ട്. രാജഭരണം കഴിഞ്ഞതോടെ പ്രതാപം നിലച്ചു. സിങ്കപ്പൂരിൽ ഉദ്യോഗം ഭരിച്ചിരുന്ന പരമേശ്വരക്കൈമളാണ് പിന്നെ കുടുംബത്തെ പരിപാലിച്ചത്. ഓരോ വരവിലും അദ്ദേഹം കടങ്ങൾ വീട്ടി. ഭൂമികൾ തിരിച്ചെടുത്തു. അദ്ദേഹത്തിന്റെ കാലശേഷം എല്ലാം തകർന്നു.
പ്രതീക്ഷകൾ തകർന്ന രണ്ടാത്മാക്കളായിട്ടാണ് മേഴ്സിയും കബീറും അവിടേക്ക് ചെന്നത്. വാദ്യക്കുടത്തെ ജീവിതം നരകമെങ്കിൽ അങ്ങനെയാകട്ടെ എന്ന് അവർ കരുതി. മലപ്പുറത്തുനിന്നു പോന്നതിനു ശേഷമുള്ള രണ്ടാഴ്ച അയ്യന്തോൾ സിവിൽസ്റ്റേഷനു പിന്നിലുള്ള സർക്കാർ ക്വാർട്ടേഴ്സിൽ വേണുവിന്റെ വീട്ടിൽ താമസിച്ചു. വേണു മലപ്പുറത്തുണ്ടായിരുന്ന കാലത്ത് കബീറിന് പരിചയമുണ്ട്. അവർ സർവീസ് സംഘടനയിൽ ഒന്നിച്ചു പ്രവർത്തിച്ചിരുന്നു.
പെട്ടെന്നാണ് ഇരുവർക്കും മലപ്പുറത്തുനിന്ന് പോരേണ്ടി വന്നത്. വിവാഹം രജിസ്റ്റർ ചെയ്തശേഷം രണ്ടുപേരും അവരവരുടെ താമസസ്ഥലങ്ങളിൽ തുടരുകയായിരുന്നു. പക്ഷേ രണ്ട് താമസസ്ഥലത്തും പ്രശ്നങ്ങളുണ്ടായി. മേഴ്സി പെരിന്തൽമണ്ണ ജൂബിലി റോഡിലെ മാർത്തോമ ബാലികാഭവനോട് ചേർന്നുള്ള കോൺവെന്റിലാണ് താമസിച്ചിരുന്നത്. അവരുടെ ചെറിയമ്മ സിസ്റ്റർ ഗ്രേസ് മരിയൻ ആയിരുന്നു അവിടത്തെ അധിപതി. വിവാഹവാർത്ത അറിഞ്ഞപ്പോൾ തന്നെ മേഴ്സി വിളിക്കപ്പെട്ടു.
സിസ്റ്റർ ചോദിച്ചു:
“അയാൾ മുസ്ലിം ആണ്, അല്ലേ?”
മേഴ്സി നിശ്ശബ്ദയായി തലകുനിച്ച് നിന്നു. ആ മുറിയിൽ വേറെ ആരും ഉണ്ടായിരുന്നില്ല. പക്ഷേ നിരവധി കണ്ണുകൾ പലയിടത്തായി ചുറ്റുംനിന്ന് നോക്കുന്നുണ്ടായിരുന്നു. അവൾക്ക് തല ചുറ്റുന്നതു പോലെ തോന്നി.
സിസ്റ്റർ വീണ്ടും ചോദിച്ചു:
“എന്നാണ് മഠത്തിൽനിന്ന് പോകുന്നത്?”
മേഴ്സി മിണ്ടിയില്ല.
ചിത്രീകരണം: സുനിൽ അശോകപുരം
“എത്രയും വേഗമായാൽ നല്ലത്. എന്നുവെച്ചാൽ നാളെത്തന്നെ ആയാൽ അത്രയും നല്ലത്.”
തെല്ലുകഴിഞ്ഞ് സിസ്റ്റർ തന്റെ ഗൗരവത്തിൽനിന്ന് സങ്കടത്തിലേക്ക് പരിവർത്തനപ്പെട്ടു. അവർ വിതുമ്പി:
“മോളെ, ഈ കുഞ്ഞമ്മയോട് ഇങ്ങനെയൊരു ചതി നീ ചെയ്യാൻ പാടില്ലായിരുന്നു. ഒരു കത്തിയെടുത്ത് എന്നെ കുത്തിക്കൊല്ലുകയായിരുന്നു ഇതിലും ഭേദം.
ഒരു കുടുംബത്തെയാണ് നീ തകർത്തതെന്ന് ഓർക്കണം. മുഷിഞ്ഞുനാറിയ മുണ്ടും ചട്ടയുമിട്ട് അങ്കമാലി തേമാലിപ്പാടത്തുനിന്ന് പൊള്ളുന്ന ഒരു മനുഷ്യസ്ത്രീയെ നീ ഓർക്കണമായിരുന്നു.”
കബീർ അക്കാലത്ത് താമസിച്ചിരുന്നത് ചെറുകരയിൽ ഒരു ബന്ധുവിന്റെ വീട്ടിലാണ്. അവിടെയും ചില പ്രശ്നങ്ങൾ ഉണ്ടായി. അയാളുടെ കസിൻ സിസ്റ്റർ അന്ന് ഭക്ഷണം വിളമ്പിയശേഷം പറഞ്ഞു:
“ഇവിടെ ഇക്ക വല്ലാണ്ട് കോപത്തിലാണ് കബീറെ. ഇനിക്ക് മനുഷ്യരുടെ മുഖത്ത് നോക്കണംന്നാണ് മൂപ്പര് പറയണ്. ഞാനിപ്പൊ ചെകുത്താന്റേം കടലിന്റേം എടക്കായി. എന്താ പറയേണ്ടേന്ന് എനിക്കറിയില്യ.”
മലപ്പുറം വിടാൻ ഇരുവരും നിശ്ചയിച്ചു. കബീറിന് അതൊരു പ്രൊമോഷന്റെ സമയം ആയിരുന്നതുകൊണ്ട് ട്രാൻസ്ഫർ അത്ര പ്രശ്നമായില്ല. സഹപ്രവർത്തകർ ഇടപെട്ട് സ്ഥലംമാറ്റം തൃശൂരിലേക്കാക്കി. “തൃശൂരിൽ താമസിക്കാൻ സ്ഥലം കണ്ടെത്താം.” സുഹൃത്തുക്കൾ പറഞ്ഞു.
“അപ്പൊ മേഴ്സി ടീച്ചർ?”
“ടീച്ചർ തൽക്കാലം ഒരു ട്രാൻസ്ഫർ അപേക്ഷ കൊടുത്ത് ലീവെടുത്ത് തൃശൂരിലേക്ക് പോകട്ടെ. അല്ലാതെ മാർഗമില്ല. അക്കാദമിക് ഇയർ കഴിയാതെ അധ്യാപകരുടെ ട്രാൻസ്ഫർ പ്രശ്നമാണ്. അതും മലപ്പുറത്തുനിന്ന് തൃശൂർക്കാകുമ്പോൾ കൂടുതൽ ബുദ്ധിമുട്ടുണ്ട്. അടുത്ത വർഷം ഇന്റർമാര്യേജ് കപ്പിൾ എന്ന കെയറോഫിൽ ശ്രമിക്കാം.”
കബീറും മേഴ്സിയും താമസിച്ചിരുന്ന കളപ്പുരയെ വെണ്ണീറുപുര എന്നാണ് എച്ചുവമ്മയും ദെച്ചുവമ്മയും വിളിച്ചിരുന്നത് ‘വെണ്ണീറുപുരയിലെ ജന്തുക്കൾ’ എന്ന പരാമർശം ചിലപ്പോൾ അകത്തുനിന്ന് കേൾക്കും. കൃഷിപ്പണിക്കാലത്ത് വളം സൂക്ഷിക്കാനുള്ള മുറിയായിരുന്നുവത്രെ അത്. കടക്കാനൊരു വാതിലും പിന്നെ മുകളിൽ ഒരു കിളിവാതിലും മാത്രം. മണ്ണെണ്ണ സ്റ്റൗവും ഒരു മെത്തപ്പായയുമായി നീണ്ടകാലം അവരവിടെ കഴിഞ്ഞു. ലോസ് ഓഫ് പേ ലീവിലായിരുന്നതുകൊണ്ട് മേഴ്സിക്ക് ശമ്പളം ഉണ്ടായിരുന്നില്ല. ഏറെ കാലമായി ജോലി കിട്ടിയിട്ടെങ്കിലും കബീറിന്റെ കയ്യിൽ ഒന്നും ബാക്കിയില്ല.
മേഴ്സി പറഞ്ഞു: “അന്ന് ബാപ്പ എന്നോട് പറഞ്ഞത് എത്ര ശരി. പടിക്കൽമഠത്തിലെ ചെറുക്കന് വരുമാനത്തിന്റെ നീക്കിബാക്കികൾ ആലോചിക്കണ്ട കാര്യമില്ലല്ലോ?”
വീട്ടുപകരണങ്ങൾ വാങ്ങാൻ പണമില്ല. അഥവാ വാങ്ങിയാൽ വെക്കാൻ സ്ഥലവുമില്ല. മുറിയുടെ ഒരു മൂല കബീർ കൊണ്ടുവന്ന പുസ്തകങ്ങൾ അപഹരിച്ചിരുന്നു. യുക്തിവാദം, ശാസ്ത്രസാഹിത്യം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ്. കനപ്പെട്ട ചില പുസ്തകങ്ങൾ ഇരിപ്പിടമായും തലയിണയായും ഉപകാരപ്പെട്ടു. റസ്സലിന്റെ ‘ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി’ എന്ന ഗ്രന്ഥത്തിന്റെ മുകളിലാണ് മേഴ്സി കന്യാമാതാവിന്റെ ഫോട്ടോ വെച്ചിരുന്നത്. നിലത്ത് അടുക്കിവച്ച പുസ്തകങ്ങളിലേക്ക് ചിതൽ കയറാൻ തുടങ്ങി.
ഏതു സമയത്താണ് വീട്ടിലെ വൃദ്ധകൾക്ക് കോപം വരിക എന്നു നിശ്ചയമില്ല. അതിന് സമയവും കാലവും ഒന്നുമില്ല. വന്നാൽ പിന്നെ പിറുപിറുപ്പുകൾ ആക്രോശമായി മാറും. ചങ്ങൻ നായർ വന്നാലാണ് പരാതികളുടെ കെട്ടഴിക്കുക.
“എറച്ചീം മീനും വെക്കരുതെന്ന് അവരോട് പറയണം.”
“അതു ഞാൻ പറഞ്ഞിട്ടുണ്ട് എച്ച്വമ്മേ.”
“ഒന്നൂടെ പറയണം. എന്താ പറഞ്ഞാൽ ഇയാൾടെ വായേലെ മുത്തു കൊഴിഞ്ഞു പൂവ്വോ? ഇന്നലെ പോത്തെറച്ചി വരട്ടണ ദുർഗന്ധാണ് അവിടെന്ന് വന്നത്. മനുഷ്യജാതീലുള്ളവർ ഇവടെങ്ങനെ ജീവിക്കും?”
കബീറും മേഴ്സിയും മാംസാഹാരങ്ങൾ പാകം ചെയ്തിരുന്നില്ല. വല്ലാതെ ആഗ്രഹം തോന്നുന്ന ചില ദിവസങ്ങളിൽ മേഴ്സി പാഴ്സലായി എന്തെങ്കിലും വാങ്ങിക്കൊണ്ടുവരും. അതുകഴിച്ച് രാത്രി അവശിഷ്ടങ്ങൾ വൃദ്ധകളുടെ കണ്ണുവെട്ടിച്ച് പറമ്പിൽ കൊണ്ടുപോയി കുഴിച്ചിടുകയാണ് പതിവ്.
“കളപ്പുരമുറിയിൽ താമസിക്കുമ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം തമ്മിൽ പിണങ്ങിയാൽ മാറിക്കിടക്കാൻ സ്ഥലമുണ്ടായിരുന്നില്ല എന്നതാണ്. പിണങ്ങിയ മനുഷ്യനോട് ചേർന്നു കിടക്കുന്നതിനേക്കാൾ വലിയ ദുർഘടം വേറെന്താണുള്ളത്?” മേഴ്സി ഓർമിച്ചു പറഞ്ഞു.
“അതുകൊണ്ട് നമ്മൾ കുറച്ചു മാത്രമേ പിണങ്ങാറുണ്ടായിരുന്നുള്ളു.”
“അങ്ങനെയല്ല; തൊട്ടാൽ വാടുന്ന ഈ മനുഷ്യനെ പിണക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. എനിക്ക് നിങ്ങളോട് വലിയ സഹതാപമായിരുന്നു. പടിക്കൽ മഠത്തിലെ മാളികവീട്ടിൽ നിന്നും ഇറങ്ങിവന്ന് വെണ്ണീറുപുരയിൽ കിടക്കുകയല്ലേ? ഒരു സിനിമാപ്പാട്ടില്ലേ? മേലേ മാനത്ത് നീലിപ്പുലയിക്ക് മഴപെയ്താൽ ചോരുന്ന വീട്; അവളെ സ്നേഹിച്ച പഞ്ചമിച്ചന്ദ്രന് കനകം മേഞ്ഞൊരു നാലുകെട്ട്.”
“അത് കൂട്ടുകുടുംബം സിനിമയിലെ പാട്ടാണ്. വയലാർ എഴുതി, ദേവരാജന്റെ സംഗീതം. ബി വസന്തയാണ് പാടിയിരിക്കുന്നത്. ആ സീനിൽ സത്യനും ഷീലയുമാണുള്ളത്. സ്കൂളിൽ പഠിക്കുമ്പൊ ഞാനും ഹൈദരും കൂടി കാളീശ്വരിയിൽ പോയിട്ടാണ് അത് കണ്ടത്. ഹൈദരന്ന് വലിയ സിനിമാപ്രാന്തനാണ്.”
“ഒരിക്കൽ ഒരു കുറ്റം മാത്രം ഞാൻ ചെയ്തു.”
മേഴ്സി പറഞ്ഞു.
ചിത്രീകരണം: സുനിൽ അശോകപുരം
“യുക്തിവാദത്തിന്റെ അടിത്തറ തകർന്ന സംഭവമാണ്. സ്കൂൾ വിട്ടുപോരുമ്പോൾ ഞാൻ ഹോട്ടലിൽനിന്ന് കുറച്ച് പോർക്ക് റോസ്റ്റ് ചെയ്തത് പാഴ്സൽ വാങ്ങിച്ചിരുന്നു. ഒരു അങ്കമാലിക്കാരിയുടെ അടങ്ങാത്ത കൊതി എന്നു പറഞ്ഞാൽ മതി. എത്രയോ കാലമായിരുന്നു പോർക്കു കറി കഴിച്ചിട്ട്. അതിലൊരു പങ്ക് ബീഫ് ആണെന്ന് നുണ പറഞ്ഞ് ഞാൻ നിങ്ങൾക്ക് തന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നിങ്ങൾ കഴിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. നല്ല രുചിയുണ്ടെന്ന് പറഞ്ഞാണ് നിങ്ങൾ കഴിച്ചത്. ജീവിതത്തിൽ ഇത്ര നല്ല ഇറച്ചിക്കറി കഴിച്ചിട്ടില്ലെന്ന് പറഞ്ഞു. നമുക്ക് വീടുണ്ടാവുമ്പോൾ ഇതുപോലെ പാചകം ചെയ്യണം എന്നും പറഞ്ഞു. ഇല്ലേ?”
“പിറ്റേന്ന് കാലത്ത് ഞാൻ അതിന്റെ സത്യം വെളിപ്പെടുത്തി. ആ നിമിഷംമുതൽ നിങ്ങൾ ഛർദിക്കാൻ തുടങ്ങി. ഒരു ദിവസം മുഴുവൻ ഛർദിച്ചു. അവസാനം ഡോക്ടറെ കാണേണ്ടിവന്നു?”
“അതൊക്കെ തന്റെ ഓർമപ്പിശകാണ്. ഡോക്ടറെയൊന്നും കണ്ടില്ല. ഞാൻ ഒരുവട്ടം ഛർദിച്ചു. എന്ത് ചെയ്യാനാണ്. മനുഷ്യന്റെ മനസ്സും ശരീരവും അല്ലേ?”
“ആ രാത്രി മുഴുവൻ ഞാൻ ഉറങ്ങാതെ മുട്ടിന്മേൽ നിന്ന് പ്രാർഥിച്ചു. ചെയ്ത തെറ്റിന് കർത്താവിനോട് മാപ്പപേക്ഷിച്ചു കരഞ്ഞു.”
“പോർക്കിറച്ചിയിലെ പാപം എന്താണെന്ന് എത്ര ആലോചിച്ചിട്ടും കർത്താവിന് മനസ്സിലായിട്ടുണ്ടാവില്ല.”
കബീർ ചിരിച്ചു.
മേഴ്സിയെ ഗർഭിണിയായി കണ്ടതോടെയാണ് വൃദ്ധകളുടെ വെറുപ്പും വിദ്വേഷവും കുറച്ചൊന്ന് അടങ്ങിയത്. അതുവരെ അടച്ച് അകത്തിരുന്നവർ പുറത്തെ വരാന്തയിൽ വന്നിരിക്കാൻ തുടങ്ങി. ദെച്ചുവമ്മ എല്ലായ്പ്പോഴും വിദൂരതയിലേക്കാണ് നോക്കിയിരിക്കുക. എച്ചുവമ്മയുടെ നോട്ടം മേഴ്സിയിലേക്കായി. പതുക്കെ പതുക്കെ ചില ഇളവുകൾ അനുവദിക്കപ്പെട്ടു. ഒരു ദിവസം എച്ചുവമ്മ മേഴ്സിയോട് വിളിച്ചു പറഞ്ഞു:
“കുട്ടി മുറിക്കകത്ത് ഇങ്ങനെ ഇരിക്കാണ്ട് എടയ്ക്കൊക്കെ പൊറത്തെറങ്ങി നടക്കണംട്ടോ. ഈ തളത്തിലും മിറ്റത്തും ഇറയത്തും നടക്കാം. ഇവടെ അകത്തിക്ക് കേറാൻ പാടില്ലാന്നേള്ളൂ. അകത്ത് ഭഗവതി കുടിയിരിക്കണ മച്ചുണ്ടേ... വാദ്യക്കുടത്തെ കുതിരവേലയ്ക്ക് ദേവിക്ക് അകമ്പടി പൂവുമ്പൊ കാർന്നോമ്മാർക്ക് പിടിക്കാനുള്ള വാളും പരിചേംണ്ട്. അത് അയിത്താവാൻ പാടില്ല. അല്ലാണ്ട് ഞങ്ങക്കങ്ങനെ തൊട്ടുകൂടായ്മ ഒന്നും ഇല്ല. എല്ലാരും മനുഷ്യരല്ലേ? മൊളയമ്മാരൊന്നും അല്ലല്ലോ.
ഞാനും ദെച്ചും വാദ്യക്കുടത്തെ ഭഗവതീടെ മക്കളാന്നാണ് ഞങ്ങടെ വല്യമ്മാൻ വല്യ ശങ്കുണ്ണിക്കൈമൾ പറഞ്ഞിട്ടൊള്ളത്. രണ്ടാളടേം ജനനം ഒരു സമയത്താ. ഇവൾ ഇവടെ ജനിച്ചു. ഞാൻ അങ്ങ് കടലിനപ്രത്ത് കോലാലംപൂരിലും. ഞങ്ങടെ ജന്മസമയത്ത് ഇവടത്തെ മച്ചിലും പിന്നെ വാദ്യക്കുടത്തെ അമ്പലത്തിലും ചെല നിമിത്തങ്ങൾ ഉണ്ടായീത്രെ! പ്രസവവേദന വന്ന് പെണ്ണ് കരയണ ഒച്ച. പിന്നെ കുട്ടീടെ ള്ളേള്ളേന്നൊള്ള കരച്ചിൽ. പിന്നത്തെ ദെവസം തിരുമേനി ശ്രീലകത്ത് ചെന്നു നോക്കീപ്പൊ നെലത്ത് രക്തം. ദേവപ്രശ്നം വെച്ച് നോക്ക്യേപ്പൊ രക്തത്തിന് പരിഹാരം വേണ്ടാന്നാണ് നിശ്ചയണ്ടായത്. മണ്ഡപത്തിൽ മൂത്രം, വിഷം, ചോര, വ്രണത്തിലെ വെള്ളം, ഇത്യാദി വീണാലും; പതിതൻ, ആശൗചികൾ, രാജകാദിശൂദ്രരിൽ താണ ജാതികളൊക്കെയും കരേറിയാൽ അശുദ്ധി എന്നാണല്ലോ പ്രമാണം. ഉലുകം, ഗൃദ്ധ്രം, കരടം, ശ്വാവ്, ഖരം, ഉഷ്ടം, കോലം, ക്രോഷ്ടാവ്, ഋഷം, ഡുണ്ഡുഭം ഇത്യാദി ജന്തുക്കൾക്കും അശുദ്ധീണ്ട്. എന്നാൽ ഈ കണ്ട ചോര അങ്ങനെത്തെയല്ല.”
അത്യധികം അത്ഭുതമുണ്ടായത് എച്ചുവമ്മ ഒരു ഇലപ്പൊതിയുമായി കയ്യാലയിൽ വന്നപ്പോഴാണ്. മേഴ്സി ആറോ ഏഴോ മാസം ഗർഭിണിയായിട്ടുണ്ട് അപ്പോൾ. ഡോക്ടർ ബെഡ് റെസ്റ്റ് പറഞ്ഞതുകൊണ്ട് അവൾ കിടക്കുകയായിരുന്നു. എച്ചുവമ്മ വിളിച്ചുണർത്തി പറഞ്ഞു:
“ഇതാ, ഇതവടെ വെച്ചോളൂ. പാചകം നിങ്ങക്ക് പിടിക്കണ മട്ട് ആയിട്ടുണ്ടോന്ന് നിശ്ചയല്യ. വേണെങ്കിൽ ഇത്തിരികൂടി കുരുമൊളക് പൊടീം ഉപ്പുംട്ട് ഒന്നൂടെ ചൂടാക്കിക്കോളൂ. കൊറച്ച് പോത്തെറച്ചി വരട്ട്യേതാണ്. ഈ സമയത്ത് എന്തെങ്കിലും കനപ്പെട്ടത് കഴിക്കണം കുട്ടീ.”
അത്ഭുതത്തോടെ എഴുന്നേറ്റ് മേഴ്സി ചോദിച്ചു:
“എച്ചുവമ്മ എറച്ചി കഴിക്കുമോ?”
“പിന്നില്യാണ്ട്?” അവർ പറഞ്ഞു:
“ഇപ്പഴുണ്ടോ നല്ല എറച്ചി കിട്ടണൂ? പോർക്ക് ഞാൻ കഴിക്കില്ലാട്ടോ. പോത്തെറച്ചി ആണെങ്കിൽ നന്നായി മൊരിച്ച് വരട്ട്യാലെ കഴിക്കൂ. വേലന്റെ മരുന്നുപീടികേന്ന് ഒരു മസാലക്കൂട്ട് മേടിച്ച് ചേർത്ത് വരട്ടും. കറിവെച്ചാൽ ഞാൻ കഴിക്കില്ല. എന്റെ അച്ഛനും അങ്ങന്യാർന്നു. അച്ഛനാണ് എന്നെ എറച്ചിവരട്ടാൻ പഠിപ്പിച്ചത്. അവരൊക്കെ സിങ്കപ്പൂർ, പെനാങ്ക്, ശീമേലൊക്കെ ജീവിച്ചേർന്നോരല്ലേ? സായ്പമ്മാരായിട്ടാ കൂട്ട്. ഇവടെ വന്ന് നിൽപ്പായപ്പൊ ആഴ്ചേലൊരിക്കൽ കൂട്ടുകാർ വരും. രാത്രി പാതിരവരെ നല്ല മേളാണ്. എല്ലാതരം എറച്ചീം മീനും ണ്ടാവും. പിന്നെ വാറ്റുചാരായോം. ഇവടെ വാറ്റണതാണ്.”
പോകുമ്പോൾ അവർ പറഞ്ഞു:
“കുട്ടി ഇത് കഴിക്കാണ്ടിരിക്കരുത് ട്ടോ. എന്റെ ഒരാഗ്രഹാണ് ഇത്. എന്റെ കല്യാണത്തെക്കുറിച്ചൊന്നും ഞാൻ ഒരിക്കലും ആലോചിച്ചിട്ടില്ല. എന്നാൽ ഒരു മോളുണ്ടായി അതിനെ വളർത്തണേനെക്കുറിച്ച് എടക്ക് സ്വപ്നം കാണാറുണ്ട്. അവളെ ചമയിക്കണത്. അവൾടെ കല്യാണം. അവൾ നെറവയറായിട്ടിരിക്കണത്. അവൾടെ കുട്ടി ഓടിക്കളിക്കണത്.”
അതറിഞ്ഞ് കബീർ പറഞ്ഞു:
“ഭദ്രകാളിയുടെ വിവിധ ഭാവങ്ങളാണ്!”
മേഴ്സിയുടെ പ്രസവം കുറച്ചൊന്ന് സങ്കീർണമായിരുന്നു. തൃശൂർ ജില്ലാ ആശുപത്രിയിൽ വെച്ച് പ്രസവം കഴിഞ്ഞ് കുട്ടിയെ പുറത്തേക്ക് തന്നെങ്കിലും അമ്മയുടെ സ്ഥിതി ശരിയായിട്ടില്ലെന്ന് നഴ്സ് പറഞ്ഞു. ബ്ലീഡിങ്ങുണ്ട്. രക്തം വേണം. കബീറിന്റെ ഓഫീസിലെ സഹപ്രവർത്തകരാണ് സഹായത്തിന് ഉണ്ടായിരുന്നത്. മേഴ്സിയുടെ രണ്ട് കൂട്ടുകാരികളും വന്നു.
ആരും വിളിക്കാതെ തന്നെ എച്ചുവമ്മ തനിച്ച് എങ്ങനെയോ ആശുപത്രിയിൽ എത്തി. കുട്ടിയെ അവരുടെ കയ്യിലാണ് ഏൽപ്പിച്ചത്. ഏതാണ്ട് ഒരു പകൽ മുഴുവൻ ആശുപത്രി വരാന്തയിൽ ചുമരിൽ ചാരി കാലുംനീട്ടിയിരുന്ന് കുട്ടിയെ മടിയിൽ കിടത്തി അവർ പരിചരിച്ചു. കൈമാറി വാങ്ങാൻ വന്നവരോട് അവർ പറഞ്ഞു:
“വേണ്ടാന്നേയ്. ഞാൻ പെറ്റിട്ടില്ലാന്നേള്ളൂ. എത്രെത്ര കുട്ട്യോളെ ഈ മടീൽ കെടത്തി വളർത്തീടുക്കണു. അവരുക്കൊക്കെ അത് ഓർമേണ്ടോ ആവോ? ഒക്കെ പരദേശത്തല്ലേ? ചെലര് ബോംബേല്. ചെലർ കൽക്കത്തേൽ. ഇന്യൊരു കൂട്ടർ ദൂരെ വെള്ളക്കാരടെ രാജ്യത്താണ്. എത്ര കടല് കടക്കണം അങ്ങട്ടൊക്കെ പോവാൻ!” .(തുടരും)









0 comments