ad
Deshabhimani

യുഎഇ സാമ്പത്തിക വളർച്ച മന്ദഗതിയിൽ

uae central bank
വെബ് ഡെസ്ക്

Published on Jul 02, 2026, 02:01 PM | 2 min read

ദുബായ് : മേഖലയിലെ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വവും മൂലം യുഎഇയുടെ സാമ്പത്തിക വളർച്ച 2026ൽ 1.7 ശതമാനം മാത്രമാകുമെന്ന്‌ യുഎഇ സെൻട്രൽ ബാങ്ക്. എന്നാൽ സാഹചര്യം താൽക്കാലികമാണെന്നും എണ്ണ ഉൽപ്പാദന വർധനയും എണ്ണയിതര മേഖലകളുടെ ശക്തമായ മുന്നേറ്റവും പിന്തുണയാകുന്നതോടെ 2027ൽ സാമ്പത്തിക വളർച്ച 9.8 ശതമാനത്തിലെത്തുമെന്നും സെൻട്രൽ ബാങ്കിന്റെ ജൂൺ ത്രൈമാസ സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു.


​മേഖലയിലെ സംഘർഷങ്ങൾ വ്യാപാരം, ഷിപ്പിങ്, വിനോദസഞ്ചാരം, സ്വകാര്യ മേഖലയിലെ നിക്ഷേപവിശ്വാസം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതാണ് വളർച്ചാ മന്ദഗതിക്ക് പ്രധാന കാരണം. ​അതേസമയം, എണ്ണ ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ, എണ്ണയിതര മേഖലകളുടെ തുടർച്ചയായ വികസനം, പൊതുമേഖലാ ചെലവിടൽ വർധിപ്പിക്കൽ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വേഗം കൂട്ടൽ എന്നിവ 2027ലെ വളർച്ചയ്ക്ക്‌ കരുത്തേകുമെന്നാണ് സെൻട്രൽ ബാങ്കിന്റെ വിലയിരുത്തൽ.


​ധനകാര്യ മേഖലയെ കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കാനും പൊതുനിക്ഷേപം നിലനിർത്താനും ബിസിനസുകൾക്ക് പിന്തുണ ഉറപ്പാക്കാനും സർക്കാർ സ്വീകരിച്ച നടപടികൾ സമ്പദ്‌വ്യവസ്ഥയ്ക്ക്‌ ശക്തമായ അടിത്തറയാകുന്നതായും റിപ്പോർട്ടിൽ പറയുന്നു. ആഗോള വെല്ലുവിളികളുടെ ആഘാതം കുറയ്ക്കുന്നതിനൊപ്പം നിക്ഷേപകരുടെ വിശ്വാസവും വിപണിയുടെ സ്ഥിരതയും നിലനിർത്താൻ ഈ നയങ്ങൾ സഹായിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


​രാജ്യത്തെ ബാങ്കിങ് മേഖലയിലെ വളർച്ചയും തുടരുകയാണ്. ബാങ്കുകളുടെ ആകെ ആസ്തി മൂല്യം 5.56 ട്രില്യൺ ദിർഹത്തിലെത്തി. വായ്പ, നിക്ഷേപം, ആസ്തി എന്നിവയിലെ സ്ഥിരതയാർന്ന വളർച്ച, മതിയായ മൂലധനശേഷി, മെച്ചപ്പെട്ട ആസ്തി നിലവാരം എന്നിവയാണ് ബാങ്കിങ് മേഖലയെ കൂടുതൽ കരുത്തുറ്റതാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ​പണപ്പെരുപ്പം നിയന്ത്രണവിധേയമായി തുടരുമെന്നും സെൻട്രൽ ബാങ്ക് പ്രവചിക്കുന്നു. 2026ൽ ശരാശരി പണപ്പെരുപ്പം 2.3 ശതമാനവും 2027ൽ 1.9 ശതമാനവുമായി കുറയുമെന്നും, ഇത് ആഗോള ശരാശരിയേക്കാൾ താഴെയായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.


​സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം, മുൻകരുതലോടെയുള്ള സർക്കാർ നയങ്ങൾ, ശക്തമായ ധനശേഖരം, മൂലധന വിപണിയിലെ പുരോഗതി, കരുത്തുറ്റ ബാങ്കിങ് സംവിധാനവും ഇൻഷുറൻസ് മേഖലയിലെ വളർച്ചയും യുഎഇയുടെ സാമ്പത്തിക പ്രതിരോധശേഷി വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു. ബാഹ്യ വെല്ലുവിളികൾക്കിടയിലും നിക്ഷേപകർക്കും ബിസിനസുകൾക്കും സർക്കാർ നൽകുന്ന തുടർച്ചയായ പിന്തുണ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത നിലനിർത്താൻ സഹായിക്കുമെന്നും സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home