എച്ച്പിയുടെ വാലറന്റ് ലിമിറ്റഡ് എഡിഷൻ ഗെയിമിങ് ലാപ്‌ടോപ്പ് ഇന്ത്യയിലെത്തി; സവിശേഷതകൾ അറിയാം

ഹൈപ്പർഎക്സ് ഒമെൻ 16 വാലറന്റ് ലിമിറ്റഡ് എഡിഷൻ ഗെയിമിങ് ലാപ്‌ടോപ്പ് |Photo: HP
ന്യൂഡൽഹി : പ്രമുഖ കമ്പനിയായ എച്ച്പി, പ്രശസ്ത ഗെയിം ഡെവലപ്പർമാരായ റയറ്റ് ഗെയിംസുമായി സഹകരിച്ച് പുതിയ 'ഹൈപ്പർഎക്സ് ഒമെൻ 16 വാലറന്റ് ലിമിറ്റഡ് എഡിഷൻ' ഗെയിമിങ് ലാപ്‌ടോപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കംപറ്റീറ്റീവ് ഗെയിമർമാരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ ലിമിറ്റഡ് എഡിഷൻ മോഡലിന് ഇന്ത്യയിൽ 2,24,999 രൂപ മുതലാണ് വില വരുന്നത്. ഷാഡോ ബ്ലാക്ക് ഫിനിഷിലും ബ്ലാക്ക് ക്രോം ലോഗോയിലുമെത്തുന്ന ഈ ലാപ്‌ടോപ്പ് എച്ച്പി ഓൺലൈൻ സ്റ്റോർ, എച്ച്പി വേൾഡ് സ്റ്റോറുകൾ, തെരഞ്ഞെടുത്ത റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ എന്നിവയ്ക്ക് പുറമെ ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്വന്തമാക്കാം.
ജനപ്രിയ ഗെയിമായ വാലറന്റിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള പ്രത്യേക ഡിസൈൻ ഘടകങ്ങൾ, കസ്റ്റമൈസ്ഡ് കീക്യാപ്പുകൾ, ഗെയിമിനെ അടിസ്ഥാനമാക്കിയുള്ള ഒളിഞ്ഞിരിക്കുന്ന ഈസ്റ്റർ എഗ്ഗുകൾ എന്നിവയാണ് ഈ ലാപ്‌ടോപ്പിന്റെ പ്രധാന ആകർഷണം. 240Hz റീഫ്രഷ് റേറ്റ്, 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, ആന്റി-ഗ്ലെയർ കോട്ടിങ്, ലോ ബ്ലൂ ലൈറ്റ് സപ്പോർട്ട്, 87 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷ്യോ എന്നിവയുള്ള 16 ഇഞ്ച് 2K (1,920 x 1,200 പിക്സൽസ്) ഐപിഎസ് ഡിസ്‌പ്ലേയാണ് ഈ ലാപ്‌ടോപ്പിന് നൽകിയിരിക്കുന്നത്.
ആഗോളതലത്തിൽ ഈ ലാപ്‌ടോപ്പ് എഎംഡി റൈസൻ 9 9955HX സിപിയു, എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 5070 ജിപിയു (8GB VRAM) വരെ കോൺഫിഗർ ചെയ്യാൻ സാധിക്കുമെങ്കിലും, ഇന്ത്യയിലെത്തുന്ന വേരിയന്റിൽ എട്ട് കോറുകളും 16 ത്രെഡുകളുമുള്ള എഎംഡി റൈസൻ 7 8745HX ചിപ്പാണ് ഉള്ളത്. 5.1GHz വരെ ബൂസ്റ്റ് ക്ലോക്ക് വേഗതയുള്ള ഈ പ്രൊസസറിനൊപ്പം 8GB GDDR7 മെമ്മറിയുള്ള എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 5060 ജിപിയുവും ഉൾപ്പെടുത്തിയിട്ടുണ്ട്. 5,200 MT/s വേഗതയുള്ള 16GB DDR5 റാം (ഉപയോക്താക്കൾക്ക് മാറ്റാൻ സാധിക്കുന്ന രണ്ട് റാം സ്ലോട്ടുകൾ ലഭ്യമാണ്), 1TB PCIe Gen4 NVMe M.2 എസ്എസ്ഡി സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. കൂടാതെ, ഇതിലുള്ള ഒമെൻ എഐ (OMEN AI) ഒപ്റ്റിമൈസേഷൻ ഫീച്ചർ വഴി വാലറന്റ് ഉൾപ്പെടെയുള്ള ഗെയിമുകൾ കളിക്കുമ്പോൾ ഒറ്റ ക്ലിക്കിലൂടെ സിസ്റ്റം, ഹാർഡ്‌വെയർ, ഇൻ-ഗെയിം സെറ്റിങ്സുകൾ സ്വയം ക്രമീകരിക്കാൻ സാധിക്കും.
വിൻഡോസ് 11 ഹോം ഒപറേറ്റിങ് സിസ്റ്റത്തിലാണ് ഈ ലാപ്‌ടോപ്പ് പ്രവർത്തിക്കുന്നത്. ഡിടിഎസ് എക്സ് അൾട്രാ, എച്ച്പി ഓഡിയോ ബൂസ്റ്റ്, ഹൈപ്പർഎക്സ് ഓഡിയോ സാങ്കേതികവിദ്യകളുടെ പിന്തുണയുള്ള ഡ്യുവൽ സ്പീക്കറുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. വീഡിയോ കോളുകൾക്കായി എച്ച്ഡിആർ ഓട്ടോ-സ്വിച്ചിങ്ങും പ്രൈവസി ഷട്ടറുമുള്ള 1080p ഫുൾ എച്ച്ഡി വെബ്ക്യാമും ഇതിലുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈ-ഫൈ 6, ബ്ലൂടൂത്ത് 5.4, ഗിഗാബിറ്റ് ഈഥർനെറ്റ്, ഡിസ്‌പ്ലേ പോർട്ട് 1.4 പിന്തുണയുള്ള ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട്, യുഎസ്ബി പവർ ഡെലിവറി 3.0, എച്ച്.പി സ്ലീപ്പ് ആൻഡ് ചാർജ് പിന്തുണ, മൂന്ന് യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ, ഒരു എച്ച്ഡിഎംഐ 2.1 പോർട്ട്, ഒരു ആർജെ 45 ഈഥർനെറ്റ് പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ/മൈക്രോഫോൺ കോംബോ ജാക്ക് എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
6-സെൽ, 83 Wh ലിഥിയം-പോളിമർ ബാറ്ററിയാണ് ലാപ്‌ടോപ്പിന് കരുത്ത് പകരുന്നത്. ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ഈ ബാറ്ററി വെറും 30 മിനിറ്റുകൊണ്ട് 50 ശതമാനം വരെ ചാർജ് ചെയ്യാനാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. 280W എസി പവർ അഡാപ്റ്ററാണ് ലാപ്‌ടോപ്പിനൊപ്പം ലഭിക്കുന്നത്. മുന്നിൽ 35.75 × 26.9 × 2.7 സെന്റിമീറ്ററും പിന്നിൽ 35.75 × 26.9 × 3 സെന്റിമീറ്ററും അളവുകളുള്ള ഈ ഗെയിമിങ് ലാപ്‌ടോപ്പിന്റെ ഭാരം 2.47 കിലോഗ്രാമാണ്. ന്യൂമെറിക് കീപാഡ്, 26-കീ റോൾഓവർ ആന്റി-ഘോസ്റ്റിങ് ടെക്നോളജി, 8k പോളിങ് റേറ്റ് എന്നിവയോടുകൂടിയ ഫുൾ സൈസ്, ഫോർ-സോൺ ആർജിബി ബാക്ക്‌ലിറ്റ് ഹൈപ്പർആക്ഷൻ കീബോർഡാണ് ഈ മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്.










0 comments