പങ്കാളിയെ പീഡിപ്പിക്കാൻ ശ്രമം; യുട്യൂബിൽ നോക്കി പഠിച്ച ശേഷം കൊലപാതകം നടത്തി യുവാവ്; ഒടുവിൽ പിടിയിൽ

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം
കരിംനഗർ: തന്റെ പങ്കാളിയെ അപമാനിക്കാനും പീഡിപ്പിക്കാനും ശ്രമം നടത്തിയ ആളെ യുട്യൂബ് വീഡിയോകൾ കണ്ട് എങ്ങനെയാണ് കൊലപാതകം ചെയ്യുക എന്ന് പഠിച്ച ശേഷം കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. ബംഗാരപു മഹേഷി(40)നെയാണ് പൊലീസ് പിടികൂടിയത്. പൈതരി മൊഗിലി എന്ന 52 കാരനാണ് കൊല്ലപ്പെട്ടത്. പ്രതിയെ റിമാൻഡ് ചെയ്തു.
കൃഷിക്കാരനായ പൈതരി മൊഗിലി കഴിഞ്ഞ വർഷം വിവാഹിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജയിലിലായിരുന്നു. ജയിൽ മോചിതനായ ശേഷം ഇയാൾ ആ സ്ത്രീയെ ശല്യം ചെയ്യുന്നത് തുടരുകയും, അവരുമായി ബന്ധമുണ്ടായിരുന്ന മഹേഷിനെ നിരന്തരം അപമാനിക്കുകയും ചെയ്തു. കൂടാതെ ഇവരുടെ ബന്ധത്തെക്കുറിച്ച് അടുത്ത ഗ്രാമങ്ങളിൽ മൊഗിലി പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ രണ്ട് കുടുംബങ്ങൾ തമ്മിൽ തർക്കവും നടന്നു.
സ്ത്രീ നിരന്തരമായ ശല്യവും അപമാനവും നേരിടുന്നത് സഹിക്കവയ്യാതെയാണ് മഹേഷ് മൊഗിലിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനായി കൃത്യം നടത്തുന്നതിന് മുമ്പ് മഹേഷ് യൂട്യൂബിൽ കൊലപാതകത്തെക്കുറിച്ചും ആയുധങ്ങൾ തയ്യാറാക്കുന്നതിനെക്കുറിച്ചും തെരച്ചിൽ നടത്തിയിരുന്നു. ശനിയാഴ്ച രാത്രി മടിപ്പള്ളി ഗ്രാമത്തിലെ പീരില (മൊഹറം) ഉത്സവത്തിൽ പങ്കെടുത്ത ശേഷം മൊഗിലി സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
കലുങ്കിന് സമീപം കാത്തുനിന്ന മഹേഷ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അയാളെ പിന്നിൽ നിന്ന് ആക്രമിച്ചു. തലയിൽ ആവർത്തിച്ച് അടിച്ച ശേഷം മൊഗിലി മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മഹേഷ് വീട്ടിലേക്ക് മടങ്ങിയത്. രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിലാണ് മഹേഷ് കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡ്, യൂട്യൂബ് സെർച്ച് ഹിസ്റ്ററി അടങ്ങിയ മൊബൈൽ ഫോൺ, ഇരുചക്ര വാഹനം, കൃത്യം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു.










0 comments