ഉള്ളി അലർജിയുള്ള ജീവനക്കാരിയെ പിരിച്ചുവിട്ടു; കമ്പനിക്കെതിരെ കോടതിയെ സമീപിച്ച് യുഎസ് തൊഴിൽ സുരക്ഷാ കമ്മീഷൻ

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം
ഒക്ലഹോമ: ഉള്ളി അലർജിയുള്ള ജീവനക്കാരിയെ പിരിച്ചുവിട്ട നടപടിക്കെതിരെ കോടതിയെ സമീപിച്ച് യുഎസ് തൊഴിൽ സുരക്ഷാ കമ്മീഷൻ. ഒക്ലഹോമ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ കമ്പനിയായ പേകോമിനെതിരെയാണ് യുഎസ് ഈക്വൽ എംപ്ലോയ്‌മെന്റ് ഓപ്പർച്യൂണിറ്റി കമ്മീഷൻ (EEOC) കോടതിയെ സമീപിച്ചത്. കടുത്ത ഉള്ളി അലർജി ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനി ജീവനക്കാരിയെ പിരിച്ചുവിട്ടത്.
ശാരീരിക ബുദ്ധിമുട്ടുകളുള്ള ജീവനക്കാർക്ക് ജോലിസ്ഥലത്ത് നൽകേണ്ട അടിസ്ഥാനപരമായ സൗകര്യങ്ങൾ നൽകാൻ വിസമ്മതിച്ചതിലൂടെ കമ്പനി ഭിന്നശേഷി വിവേചന വിരുദ്ധ നിയമങ്ങൾ ലംഘിച്ചുവെന്ന് ഇഇഒസി ആരോപിച്ചു. കേറ്റി ജോർജൻസൺ എന്ന യുവതിയാണ് വിവേചനത്തിന് ഇരയായത്. 2024 മെയ് 20 നാണ് കേറ്റി ജോർജൻസൺ ജോലിയിൽ പ്രവേശിച്ചത്. ഓഫീസിൽ ഉള്ളി അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കണ്ടതിനെ തുടർന്ന് ഇവർക്ക് പലതവണ കടുത്ത അലർജി നേരിട്ടു. രണ്ട് തവണ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട് ഉണ്ട്.
എന്നാൽ അടുത്ത ദിവസങ്ങളിൽ ഗുരുതരമായ അലർജി നേരിട്ടതോടെ 2024 ജൂണിൽ കമ്പനി ഇവരെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയായിരുന്നു. അലർജി പ്രശ്നങ്ങളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. എന്നാൽ തന്റെ ആരോഗ്യസ്ഥിതികളെ കുറിച്ച് കേറ്റി ജോർജൻസൺ കമ്പനി അധികൃതർക്കും എച്ച് ആറിനും മുൻകൂറായി മെഡിക്കൽ രേഖകൾ സഹിതം വിവരം കൈമാറിയിരുന്നു. മറ്റുള്ളവരിൽ നിന്ന് മാറിയുള്ള പ്രത്യേക സീറ്റോ അല്ലെങ്കിൽ വർക്ക് ഫ്രം ഹോം സൗകര്യമോ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
എന്നാൽ അതിന് തയ്യാറാകാതെ താൽക്കാലിക ക്രമീകരണങ്ങൾ മാത്രമാണ് കമ്പനി ഒരുക്കി കൊടുക്കത്തത്. ഓഫീസിലെ മറ്റ് ജീവനക്കാരോട് ഉള്ളി അടങ്ങിയ ഭക്ഷണങ്ങൾ ഇവർ ജോലി ചെയ്യുന്ന ഭാഗത്തേയ്ക്ക് കൊണ്ടുവരരുതെന്ന നിർദേശവും കമ്പനി നൽകിയിരുന്നില്ലെന്നാണ് വിവരം. ഓഫീസിൽ വർക്ക് ഫ്രം ഹോം പോളിസി നിലവിലുണ്ടായിരുന്നിട്ടും കേറ്റി ജോർജൻസണിന് നിഷേധിച്ചതായും ഇഇഒസി പ്രസ്താവനയിൽ ആരോപിച്ചു.
"ഭിന്നശേഷിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ള ജീവനക്കാർക്ക് ജോലിസ്ഥലത്ത് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ തൊഴിലുടമകൾക്ക് ബാധ്യതയുണ്ട്. എന്നാൽ യാതൊരു നടപടിയും സ്വീകരിക്കാതെ ഇരിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കുമെന്ന് ഇഇഒസി പ്രതിനിധി ബാരൻ പറഞ്ഞു. കേറ്റി ജോർജൻസണിന് ലഭിക്കാനുള്ള ശമ്പളം വാങ്ങി നൽകുന്നതിനൊപ്പം, പേകോം കമ്പനിയിൽ നിന്ന് ആവശ്യമായ മറ്റ് ആശ്വാസനടപടികളും നഷ്ടപരിഹാരവും ഈടാക്കാനും ഇഇഒസി ശ്രമം നടത്തി വരികയാണ്.










0 comments