പ്രതിയെ ശിക്ഷിക്കേണ്ടത് നിയമവ്യവസ്ഥയാണ്, ആൾക്കൂട്ടമല്ല; കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത : കുറ്റാരോപിതരായ പ്രതികൾക്ക് നേരെയുള്ള ആക്രമണങ്ങൾ ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്ന് കൊൽക്കത്ത ഹൈക്കോടതി.
പ്രതിഷേധത്തിന്റെ ഭാഗമായുള്ള മുട്ടയേറ് പോലുള്ള പ്രവണതകൾ തടയാൻ നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആക്ടിങ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവർത്തി, ജസ്റ്റിസ് പാർത്ഥ സാരഥി ചാറ്റർജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. നിയമത്തിന് മുന്നിൽ ഒരാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞെന്ന് കരുതി അയാളുടെ അന്തസ്സ് ഇല്ലാതാകുന്നില്ല. ഭരണഘടനയുടെ 14,19, 21 അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ കുറ്റാരോപിതർക്കും ബാധകമാണെന്ന് കോടതി ഓർമിപ്പിച്ചു.
പ്രത്യേക രാഷ്ട്രീയ പാർടിക്ക് നേരെ നടക്കുന്ന ആൾക്കൂട്ട ആക്രമങ്ങൾക്കും അവരെ പൊതുസ്ഥലത്ത് വെച്ച് അപമാനിക്കുന്നതിനുമെതിരെ മുഹമ്മദ് ഡാനിഷ് ഫാറൂഖി സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ഒരു പ്രതിയെ ശിക്ഷിക്കേണ്ടത് നിയമവ്യവസ്ഥയാണ്, അല്ലാതെ ആൾക്കൂട്ടമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.











0 comments