ad
Deshabhimani

ഇല്ലാതാകുന്ന തൊഴിലുറപ്പ്, സംസ്ഥാനങ്ങളുടെ ചുമലിലിട്ടത് താങ്ങാനാവാത്ത ഭാരം; 600% അധിക ബാധ്യത

mnreg
വെബ് ഡെസ്ക്

Published on Jul 02, 2026, 05:08 PM | 4 min read

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന തർക്കങ്ങൾക്ക് വഴിതുറന്ന പുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനങ്ങൾക്ക് 600 ശതമാനത്തോളം അധിക ബാധ്യത വരുത്തിവെക്കുമെന്ന് റിപ്പോർട്ട്. ഉറപ്പുനൽകിയ 100 ദിവസത്തെ തൊഴിൽ പോലും പൂർണ്ണമായി നൽകാതെ കേന്ദ്ര സർക്കാർ നേരത്തെ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിനെതിരെ തൊഴിലുറപ്പ് പദ്ധതി തന്നെ ഇല്ലാതാക്കുന്ന തന്ത്രമാണ് പുതിയ പദ്ധതിക്ക് പിന്നിൽ.


കടുത്ത എതിർപ്പുകളെ അവഗണിച്ച് രാജ്യത്തെ ചരിത്രപരമായ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ (MGNREGA) പൂർണ്ണമായും തച്ചുടച്ചു. പകരം 'വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)' (VB-G RAM G) എന്ന ഓമനപ്പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇത് 2026 ജൂലൈ 1 മുതൽ രാജ്യത്ത് നടപ്പിലാക്കിയിരിക്കയാണ്.


2005 മുതൽ വിജയകരമായി മുന്നോട്ടുപോയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ നിലനിര്‍ത്തിയ നിയമങ്ങളെ ദുര്‍ബപ്പെടുത്തിയാണ് പുതിയ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നത്. പുതിയ മാറ്റം സംസ്ഥാനങ്ങൾക്ക് മേൽ അനാവശ്യമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും ഓരോ സംസ്ഥാനവും എത്ര തുക അധികമായി കണ്ടെത്തണം എന്നതിനെക്കുറിച്ച് മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ ഇതിലെ കാണാകണക്കുകൾ വിമര്‍ശനങ്ങളും ആശങ്കയും ശരിവെക്കുന്നു.


മുൻപ് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഏകദേശം 90:10 എന്ന അനുപാതത്തിലാണ് പദ്ധതിച്ചെലവ് പങ്കിട്ടിരുന്നത്. പുതിയ പദ്ധതിയിൽ ഇത് 60:40 എന്ന അനുപാതത്തിലേക്ക് മാറി. ഇതോടെ വരാൻ പോകുന്ന യഥാർത്ഥ ബാധ്യത 600% വരെ ഉയരും. 2024-25ൽ സംസ്ഥാനങ്ങൾ ആകെ ചെലവഴിച്ച 7,700 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇനി ബാധ്യത കുത്തനെ ഉയരും. 2026-27ൽ സംസ്ഥാനങ്ങൾ കുറഞ്ഞത് 51,000 കോടി രൂപയെങ്കിലും അധികം കണ്ടെത്തേണ്ടി വരുമെന്ന് സാമ്പത്തിക കണക്കുകൾ അടിസ്ഥാനമാക്കി ദി ഹിന്ദു നടത്തിയ വിശകലനം പറയുന്നു.


എതിര്‍പ്പുമായി ബിജെപി മുന്നണി

സംസ്ഥാനങ്ങൾ


ഉത്തർപ്രദേശ്, തമിഴ്‌നാട്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പദ്ധതി ചെലവ് താങ്ങാനാനില്ലെന്ന് പരസ്യമായി പറഞ്ഞു. 600% മുതൽ 800% വരെ വര്‍ധനവാകും ഈ സംസ്ഥാനങ്ങൾക്ക് ഉണ്ടാവുക. പുതിയ മാറ്റത്തോടെ പദ്ധതിയുടെ അടിസ്ഥാന സ്വഭാവത്തിൽ തന്നെ വലിയ അട്ടിമറി നടന്നിരിക്കുകയാണ്. മുൻപ് തൊഴിലാളികളുടെ ആവശ്യത്തിനനുസരിച്ച് തൊഴിൽ നൽകുന്ന (Demand-driven) രീതിയായിരുന്നു. എന്നാൽ ഇനിമുതൽ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്തിനും വർഷത്തിൽ എത്ര തുക അനുവദിക്കണം എന്ന് കേന്ദ്രം മുൻകൂട്ടി തീരുമാനിക്കും (Normative Allocation). മാത്രമല്ല വിദഗ്ദ്ധ തൊഴിൽ എന്ന നിബന്ധന സാധാരണ പട്ടിണി പാവങ്ങളായ തൊഴിലാളികളെ പദ്ധതയിൽ നിന്ന് പുറത്താക്കും. ഇനിമുതൽ പദ്ധതിയിൽ റജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കൂടിയാൽ പഴയ രീതിയിൽ കൂടുതൽ കാശ് കിട്ടില്ല. അത് സംസ്ഥാനങ്ങളുടെ ബാധ്യതയാക്കി മാറ്റിയിട്ടുണ്ട്. തൊഴിൽ ദാന പദ്ധതി ഒരു പരിതിയിലധികം വിജയിപ്പിക്കാനും പാടില്ലെന്നാണ് പരോക്ഷ സൂചന.


എല്ലാ ബാധ്യതയും സംസ്ഥാനങ്ങളുടെ ചുമലിലാണ്. കേന്ദ്രം നിശ്ചയിക്കുന്ന ബജറ്റ് പരിധിക്ക് പുറത്തുണ്ടാകുന്ന എല്ലാ അധിക ചെലവുകളും സംസ്ഥാനങ്ങൾ പൂർണ്ണമായി വഹിക്കണം. പുതിയ പദ്ധതി പ്രകാരം ഉറപ്പുനൽകുന്ന 125 ദിവസത്തെ തൊഴിൽ നൽകാൻ സാധിച്ചില്ലെങ്കിൽ നൽകേണ്ട തൊഴിലില്ലായ്മാ വേതനം പൂർണ്ണമായും സംസ്ഥാനങ്ങൾ നൽകണം. വേതനം വൈകുമ്പോഴുണ്ടാകുന്ന നഷ്ടപരിഹാര തുകയും ഇനി മുതൽ സംസ്ഥാനങ്ങളുടെ ബാധ്യതയാണ്.


ഗ്രാമവികസന മന്ത്രാലയം പുറത്തുവിട്ട വിവര പ്രകാരം 2026-27 സാമ്പത്തിക വർഷത്തേക്ക് സംസ്ഥാനങ്ങൾക്കായി 95,692.31 കോടി രൂപ ഇടക്കാല വിഹിതമായി അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ എത്ര തുക മുൻവർഷങ്ങളിലെ കുടിശ്ശിക തീർക്കാൻ ഉപയോഗിക്കുമെന്ന് പരാമര്‍ശിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഉരുണ്ടു കളി തുടരുന്നു. 2025-26 സാമ്പത്തിക വർഷത്തെ റിപ്പോർട്ടുകൾ പ്രകാരം കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് 20,422 കോടി രൂപ കുടിശ്ശികയായി നൽകാനുണ്ട്.


കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ "അർഹനായ ഒരു ഗ്രാമീണ തൊഴിലാളിക്ക് പോലും ഒരു ദിവസം പോലും ജോലിയില്ലാതെ ഇരിക്കേണ്ടി വരില്ല" എന്ന് പ്രഖ്യാപിച്ചത് സംസ്ഥാനങ്ങളുടെ ചിലവിലാണ്.


വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പുറത്തുവിട്ട രേഖകൾ വഴിയാണ് എൻ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ വിവരങ്ങൾ പുറത്തെത്തിയത്. ബീഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ഉത്തരാഖണ്ഡും ജാർഖണ്ഡും ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റിലെ മിക്ക സംസ്ഥാനങ്ങളും പ്രതിഷേധത്തിലാണ്. പ്രതികാരമായി ഇതര ഫണ്ടുകളും തടഞ്ഞേക്കാം എന്ന ഭീതിയിൽ ചില സംസ്ഥാനങ്ങൾ ആശങ്ക പരസ്യമാക്കാതെ തുടരുന്നു. പ്രതിഷേധം അറിയിച്ചവര്‍ തന്നെ രഹസ്യമായാണ് ചെയ്തത്. വിവരാവകാശ രേഖവഴിയാണ് പരസ്യപ്പെട്ടത്.


ഈ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ തൊഴിലുറപ്പ് പദ്ധതിക്കെതിരെ പ്രചാരണവും ലോബിയിങ്ങും തുടങ്ങിയിരുന്നു. കൃഷിയിടങ്ങളിലും തൊഴിൽ ശാലകളിലും ആവശ്യത്തിന് പണിക്കാരെ കിട്ടുന്നില്ല. സീസണുകളിൽ തൊഴിലുറപ്പിന് പോകുന്നു. തൊഴിൽ ഉറപ്പ് വഴി വരുമാനം ലഭിക്കുന്നവര്‍ അഹങ്കാരികളാവുന്നു. ഭൂ ഉടമകളുടെയും തൊഴിൽ ഉടമകളുടെയും വാക്കുകൾ കേൾക്കാതാവുന്നു എന്നിങ്ങനെ ആരോപണം ഉയര്‍ത്തി. പാവങ്ങളായ മനുഷ്യരെ മടിയരാക്കി എന്നുവരെ ആരോപണം ഉയര്‍ന്നു. ഭരണകര്‍ത്താക്കൾ തന്നെ ഇത് പരസ്യമായി പറഞ്ഞു.


ഇല്ലാതാക്കിയത് ലോക മാതൃക


ലോകത്തിലെ തന്നെ അവകാശാധിഷ്ഠിത തൊഴിൽ ഉറപ്പ് പദ്ധതിയായിരുന്നു മഹാത്മാഗാന്ധി ഗ്രാമീണ തൊഴിൽ ഉറപ്പ്. 2005 തുടക്കം കുറിക്കയും 2008 ഓടെ രാജ്യം മുഴുവൻ വ്യാപിപ്പിക്കയും ചെയ്തു. ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദവും തുടര്‍ പ്രവര്‍ത്തനവുമാണ് ഈ പദ്ധതി തുടരുന്നതിന് യുപിഎ സര്‍ക്കാരിന് പ്രേരണയായി തീര്‍ന്നത്. ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയത് കേളവുമായിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കഴിഞ്ഞ പത്ത് വര്‍ഷവും സുഗമമായി തൊഴിൽ ഉറപ്പ് നൽകി തുടര്‍ന്നു.


vസംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കോടികളിൽ


സംസ്ഥാനത്ത് ഒരു വര്‍ഷം ഏകദേശം 4000 കോടി രൂപ ഗ്രാമീണ സമ്പദ് വ്യവസ്ഥയിലേക്ക് ഏറ്റവും നിര്‍ധനരായ മനുഷ്യര്‍ വഴി എത്തിയിരുന്ന പദ്ധതിയാണ്. ഇനി ഏറ്റവും കുറഞ്ഞത് 1600 മുതൽ 2189 കോടി രൂപയുടെ വിടവാണ് കേരളം നേരിടേണ്ടി വരിക.



Related News

'ബ്ലാക്ക് ഔട്ട് പീരിയഡ്':

കൂലി കുറക്കാനുള്ള തന്ത്രം


വിളവെടുപ്പ് കാലത്ത് വൻകിട ഭൂവുടമകൾക്ക് കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ ലഭ്യമാക്കാൻ വേണ്ടി 60 ദിവസത്തെ നിർബന്ധിത തൊഴിൽ രഹിത കാലയളവ് പുതിയ പദ്ധതിയിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിനെതിരെ പഞ്ചാബ്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ 60 ദിവസം സർക്കാർ തൊഴിൽ നിഷേധിക്കുന്നത് വഴി തൊഴിലാളികൾ കുറഞ്ഞ കൂലിക്ക് സ്വകാര്യ മേഖലയിൽ പണിയെടുക്കാൻ നിർബന്ധിതരാകും. ഇത് വൻകിടക്കാരുടെ ചൂഷണത്തിന് വഴിവെക്കുമെന്നും തൊഴിലാളികളുടെ വിലപേശൽ ശേഷി ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. കേരളം നേരത്തെ അക്കമിട്ട് നൽകിയിരുന്ന വീഴ്ചകളും പോരായ്മകളുമാണിവ. എന്നാൽ തൊഴിലുറപ്പ് വിരുദ്ധ വൻകിട ലോബികളുടെ ആവശ്യം മാനിച്ച കേന്ദ്ര സര്‍ക്കാര്‍ ബ്ലാക് ഓട്ട് പിരീയഡ് എന്ന വ്യവസ്ഥ കൊണ്ടുവന്നു. ഇത് ആരെ സംതൃപ്തിപ്പെടുത്താനാണ് എന്ന് വ്യക്തം. പുതയ പദ്ധതി തയാറാക്കിയവര്‍ ആരുടെ താത്പര്യത്തെയാണ് പരിഗണിച്ചത് എന്നും ഈ വ്യവസ്ഥയിൽ തന്നെ പ്രകടം.



കുറഞ്ഞ കൂലി നിലനിർത്തുന്നു


വിപണി നിരക്കിനേക്കാൾ വളരെ കുറഞ്ഞ കൂലിയാണ് നിലവിൽ തൊഴിലുറപ്പ് മേഖലയിലുള്ളത്. ബീഹാർ ആവശ്യപ്പെട്ടത് 413 രൂപയായിരുന്നു ഇത് നിലവിൽ 255 രൂപയായി കുറച്ചു. ജമ്മു കശ്മീർ ആവശ്യപ്പെട്ടത് 311 രൂപയായിരുന്നത് പുതിയ പദ്ധതിയിൽ 272 രൂപയായി കുറച്ചു. ഈ സംസ്ഥാനങ്ങൾ ഉൾപ്പെടെ 5 സംസ്ഥാനങ്ങൾ കൂലി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഭൂ ഉടമകളുടെയും തൊഴിൽ ഉടമകളുടെയും താത്പര്യങ്ങൾ പ്രാഥമികമായി പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പൊളിച്ചെഴുതി പേരും മാറ്റി മുന്നോട്ട് പോകുന്നത്.


കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചപ്പോൾ അതിന്റെ ചുരുക്കെഴുത്തിൽ രാമനെ കൊണ്ടു വരിക എന്ന ജാഗ്രതയ്ക്കാണ് മുൻഗണന നൽകിയത്. തൊഴിലാളികളെ അടിയാളരായും ചൂഷണത്തിന് അടിപ്പെട്ട് നിൽക്കാൻ ധാര്‍മ്മിക ബാധ്യതയുള്ളവരായും കാണുന്ന മനോഭാവം പദ്ധതിയുടെ ആസൂത്രകര്‍ പിന്തുടര്‍ന്നു. ബിജെപി നയമായ അധ്വാനിച്ചു ജീവിക്കുന്ന ജന്മമികവുകൾ ഇല്ലാത്ത പാവങ്ങളോടുള്ള അകൽച്ചയും പുഛവും പുതിയ പദ്ധയിൽ പ്രകടമായും ഉൾച്ചേര്‍ന്നിരിക്കുന്നു. അത് ബിജെപിയും അവരെ നയിക്കുന്ന ആര്‍ എസ് എസ് സംഘപരിവാരങ്ങളും പിന്തുടരുന്ന ആശയധാരയെ പ്രകടമായും കാണിക്കയും ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home