ad
Deshabhimani

ബാങ്കിൽ നിന്ന് മടങ്ങിയ വയോധികനെ ആക്രമിച്ച് പെൻഷൻ പണം കവർന്നു; പ്രതി പിടിയിൽ

Robbery

രതീഷ്

വെബ് ഡെസ്ക്

Published on Jul 02, 2026, 05:20 PM | 1 min read

കോഴിക്കോട്: ബാങ്കിൽ നിന്ന് മടങ്ങിയ വയോധികനെ ആക്രമിച്ച് പെൻഷൻ പണവും രേഖകൾ അടങ്ങിയ പഴ്സും കവർന്ന പ്രതി പിടിയിൽ. ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടിൽ രതീഷ് (45)ആണ് പിടിയിലായത്. ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിസി റോഡിലാണ് സംഭവം. ചക്കുംകടവ് നദീ നഗർ സ്വദേശിക്കാണ് പണവും പഴ്സും നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം 27ന് ആണ് ബേപ്പൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും വാർധക്യ പെൻഷൻ വാങ്ങാൻ പോയപ്പോഴാണ് വയോധികൻ ആക്രമിക്കപ്പെട്ടത്.


പെൻഷൻ വാങ്ങിയ ശേഷമുള്ള മടക്ക യാത്രയിൽ ബിസി റോഡ് ജംക്‌ഷനു സമീപം റോഡിൽ വയോധികൻ കാൽ തെറ്റി വീണു.തുടർന്ന് ആളുകൾ ഓടിക്കൂടുകയും അവിടെ വച്ച് പരാതിക്കാരനെ വീട്ടിൽ എത്തിക്കാം എന്ന വ്യാജേന പ്രതി കൂട്ടി കൊണ്ട് പോവുകയായിരുന്നു. പോകുന്ന വഴിയിൽ പരാതിക്കാരനെ പിടിച്ച് തള്ളിയിട്ട ശേഷം ഷർട്ടിന്റെ കീശയിൽ ഉണ്ടായിരുന്ന 4000 രൂപയും ആധാർ കാർഡും മറ്റ് രേഖകളും അടങ്ങിയ പഴ്സും കവർന്ന് രതീഷ് സംഭവ സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു.


വയോധികൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രതീഷ് പിടിയിലായത്. മദ്യം കൈവശം വച്ചതിനും പൊതുജന ശല്യത്തിനും അതിക്രമിച്ചു കയറി ആക്രമണം നടത്തിയതിനും പൊതു സ്ഥലത്തു വച്ച് മദ്യപിച്ചതിനും തുടങ്ങി നിരവധി കേസുകളിൽ രതീഷിനെതിരെ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home