സിബിഎഫ്സി സർട്ടിഫിക്കേഷൻ അന്തിമ ഘട്ടത്തിൽ
ഒടുവിൽ 'ജനനായകൻ' വരുന്നു; ജൂലൈയിൽ റിലീസ് എന്ന് സൂചന

ചെന്നൈ: വിവാദങ്ങൾക്കും തടസങ്ങൾക്കുമൊടുവിൽ വിജയ് നായകനാകുന്ന 'ജന നായകൻ' സെൻസർ കടമ്പകൾ കടന്നതായി റിപ്പോർട്ട്. ചിത്രം ജൂലൈയിൽ റിലീസ് ചെയ്യുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. ചിത്രത്തിന് ഈ വാരാന്ത്യത്തോടെ അന്തിമ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് സൂചന. മാതൃകാ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാലാണ് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് നേരത്തെ വൈകിയതെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
മെയ് മാസത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) റിവൈസിംഗ് കമ്മിറ്റി ചിത്രത്തിന് അനുമതി നൽകിയതോടെയാണ് നിലവിൽ റിലീസിന് വഴിയൊരുങ്ങിയത്. 2025 ഡിസംബറിൽ എക്സാമിനിങ് കമ്മിറ്റി ചിത്രം കാണുകയും ചില വെട്ടിച്ചുരുക്കലുകളോടെ U/A 16+ സർട്ടിഫിക്കേഷൻ അനുവദിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് 2026 ജനുവരി 9ന് പൊങ്കൽ റിലീസ് നിശ്ചയിച്ചു. എന്നാൽ, ഇതേ കമ്മിറ്റിയിലെ ഒരു അംഗം തന്നെ ചിത്രത്തിലെ ചില രംഗങ്ങളെ എതിർത്ത് സിബിഎഫ്‌സി ചെയർപേഴ്‌സൺ പ്രസൂൺ ജോഷിക്ക് കത്തയച്ചു. ഇതോടെ സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കുകയും വിഷയം വീണ്ടും റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.
സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് എങ്ങനെ പരാതി ഉയരുമെന്ന് ചോദ്യം ചെയ്ത് ചിത്രത്തിന്റെ സംവിധായകൻ മദ്രാസ് ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രമാണ് ജനനായകൻ. ശേഷം വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായത് ചിത്രത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യവും പൊതുജനശ്രദ്ധയും നേടിക്കൊടുത്തു. സിനിമയിലെ ടൈറ്റിൽ കാർഡിൽ 'ദളപതി വിജയ്' എന്നതിന് പകരം 'തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്' എന്ന് മാറ്റണമെന്ന് ആരാധകർ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് കെവിഎൻ പ്രൊഡക്ഷൻസ് ആണ്. വിജയ്ക്കൊപ്പം പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അടുത്തിടെ ചിത്രത്തിന്റെ പതിപ്പ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിയമവിരുദ്ധമായി ചോർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഫ്രീലാൻസ് അസിസ്റ്റന്റ് എഡിറ്റർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.











0 comments