ad
Deshabhimani

ചെലവായത് 12,000 കോടി! മോദി ഉദ്ഘാടനം ചെയ്ത ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയിൽ ​ഗർത്തം

വെബ് ഡെസ്ക്

Published on Jul 02, 2026, 03:11 PM | 1 min read| Watch Time : 49s

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയിൽ ഉദ്ഘാടനം ചെയ്ത് രണ്ട് മാസം തികയും മുൻപ് ​ഗർത്തം. ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാസമയം രണ്ട് മണിക്കൂറായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 12,000 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആറുവരിപ്പാതയിലാണ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച് വെറും 79 ദിവസങ്ങൾക്കുള്ളിൽ ഹൈവേയിൽ വൻ കുഴികൾ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപകമായ പൊതുജന പ്രതിഷേധമാണ് ഉയരുന്നത്. ആദ്യ മൺസൂൺ പോലും അതിജീവിക്കാൻ കഴിയാത്ത വിധം പാത തകർന്നത് ഗുണനിലവാരമില്ലാത്ത നിർമാണമാണത്തിലാണെന്നും വൻ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്.


ഷംലിയിലെ ഹാത്തി കരോഡ ഗ്രാമത്തിനടുത്തുള്ള റോഡിലെ വലിയ കുഴികളുടെ വീഡിയോ ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുഴികളിൽ വീണ് നിരവധി വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായും കാറുകളുടെ അലോയ് വീലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും വീഡിയോയിൽ പറയുന്നു. പ്രതിഷേധം ശക്തമായതോടെ തകർന്ന ഭാഗങ്ങളിൽ അടിയന്തരമായി പാച്ച് വർക്കുകൾ നടത്തിയിട്ടുണ്ട്. 12,000 കോടി രൂപ ചെലവഴിച്ച്, 5 വർഷമെടുത്താണ് 212 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ആറുവരി എക്‌സ്പ്രസ്‌വേ നിർമ്മിച്ചത്. ഏപ്രിൽ 14നായിരുന്നു ഇതിന്റെ ഉദ്ഘാടനം.


ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാസമയം 6 മണിക്കൂറിൽ നിന്ന് 2 മണിക്കൂറായി കുറച്ച ഈ പാതയിൽ വാരാന്ത്യങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാജാജി നാഷണൽ പാർക്കിലൂടെ കടന്നുപോകുന്ന 12 കിലോമീറ്റർ ദൂരമുള്ള ഏഷ്യയിലെ ഏറ്റവും നീളം കൂടിയ വന്യജീവി ഇടനാഴിയാണിത്. 650 രൂപയാണ് പാതയിലെ ടോൾ നിരക്ക്. വൻ തുക ടോൾ നികുതിയും ഇന്ധന നികുതിയും നൽകിയിട്ടും യാത്രക്കാരുടെ ജീവന് യാതൊരു സുരക്ഷയുമില്ലെന്ന് ഉപയോക്താക്കൾ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home