മുംബൈയിൽ കനത്ത മഴ; റോഡിലൂടെ നടക്കുകയായിരുന്ന യുവാവ് മാൻഹോളിൽ വീണ് മരിച്ചു

മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍, റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് ഓടയിൽ വീണ് മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.26 ഓടെ സാക്കിനാക്ക ഖൈറാനി റോഡിലെ സൻമാൻ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്.
സ്വകാര്യ ഏജൻസിയുടെ കീഴിലുള്ള മൂന്ന് കരാർ തൊഴിലാളികൾ അറ്റകുറ്റപ്പണികൾക്കായി മാൻഹോളിന്റെ മൂടി മാറ്റിയ സമയത്തായിരുന്നു അപകടം. ഈ സമയം മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുപോവുകയായിരുന്ന യുവാവ് അബദ്ധത്തിൽ മാൻഹോളിലേക്ക് കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അപകടം നടന്നയുടൻ കരാർ തൊഴിലാളികൾ ഏണി താഴേക്ക് ഇറക്കി യുവാവിനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് യുവാവിന്റെ ചെരുപ്പും കുടയും മാത്രമാണ് കണ്ടെത്താനായത്. ഓടയ്ക്കുള്ളിലെ ശക്തമായ നീരൊഴുക്ക് കാരണം യുവാവ് ഏത് ദിശയിലേക്കാണ് ഒഴുക്കിൽപ്പെട്ടതെന്ന് തുടക്കത്തിൽ രക്ഷാപ്രവർത്തകർക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മുംബൈയിൽ കനത്ത മഴ
വ്യാഴാഴ്ച മുംബൈ നഗരത്തിൽ പെയ്ത കനത്ത മഴയിലാണ് ഈ അപകടം സംഭവിച്ചത്. മഴ കനത്തതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. മുംബൈയിലും സമീപ ജില്ലകളിലും വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സുരക്ഷാവീഴ്ചയെന്ന് ആക്ഷേപം
മഴക്കാലത്ത് ഓടകളുടെ അറ്റകുറ്റപ്പണി നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഈ അപകടം ഉയർത്തുന്നത്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന സമയത്ത് കാൽനടയാത്രക്കാർക്ക് തുറന്ന മാൻഹോളുകൾ തിരിച്ചറിയാൻ കഴിയില്ല. മാൻഹോളിന്റെ മൂടി മാറ്റിയ സ്ഥലത്ത് മതിയായ സുരക്ഷാ വേലികളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.










0 comments