യുഎഇയിൽ സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് കർശന നിയമം; രോഗി മരിച്ച സംഭവത്തിൽ ചരിത്രപരമായ വിധി

ദുബായ്: പ്ലാസ്റ്റിക് സർജന്മാർ രോഗിക്ക് ചികിത്സ നൽകുന്നതിൽ മാത്രമല്ല, ശസ്ത്രക്രിയയിലൂടെ ആവശ്യമായ ഫലം ഉറപ്പാക്കുന്നതിലും ഉത്തരവാദികളാണെന്ന് യുഎഇ ഫെഡറൽ സുപ്രീംകോടതി. ശരീര രൂപ ഭേദഗതി ശസ്ത്രക്രിയയ്ക്കിടെ അംഗീകരിക്കപ്പെട്ട വൈദ്യശാസ്ത്ര മാനദണ്ഡങ്ങളിൽനിന്നുള്ള വ്യതിയാനമാണ് രോഗിയുടെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയ കേസിലായിരുന്നു കോടതി വിധി. രോഗിയുടെ സമ്മതം ഉണ്ടായാലും പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നാൽ സർജൻ ഉത്തരവാദിയായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സൗന്ദര്യ ശസ്ത്രക്രിയ ജീവൻ രക്ഷിക്കുന്ന ചികിത്സയല്ലാത്തതിനാൽ കൂടുതൽ ഉത്തരവാദിത്തം സർജന്മാർക്കുണ്ടെന്നും വിധി വ്യക്തമാക്കി. മെഡിക്കൽ പിഴവുകളുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീം കമ്മിറ്റി ഫോർ മെഡിക്കൽ ലൈബിലിറ്റിയുടെ തീരുമാനങ്ങൾക്കും കോടതി മേൽനോട്ടമുണ്ടാകുമെന്ന് ഉത്തരവിൽ രേഖപ്പെടുത്തി.










0 comments