ലീഡേഴ്സ് ഫോറം നേതാക്കൾ ഇൻഡിഗോ അധികൃതരെ കണ്ടു

സലാല : സലാലയിൽനിന്നുള്ള യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുതിയ വിമാന സർവീസുകൾ ആരംഭിക്കാനുമായി ലീഡേഴ്സ് ഫോറം നിയോഗിച്ച കോ ഓർഡിനേഷൻ കമ്മിറ്റി ഇൻഡിഗോ ഒമാൻ കൺട്രി ഹെഡ് പ്രേം കൊലഗോയുമായി ചർച്ച നടത്തി. ആർട്സ് ഓഫ് സ്പൈസസ് റസ്റ്റോറന്റിൽ നടന്ന യോഗത്തിൽ ഡോ. കെ സനാതനനും കമ്മിറ്റിയംഗങ്ങളും ചേർന്ന് പ്രേം കൊലഗോയെ സ്വീകരിച്ചു. സലാലയിൽനിന്നുള്ള യാത്രക്കാർ നേരിടുന്ന വിവിധ യാത്രാപ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രക്കാരുടെ ആവശ്യകത കണക്കിലെടുത്ത് സലാലയിൽനിന്ന് ആഴ്ചയിൽ കുറഞ്ഞത് രണ്ട് സർവീസുകളെങ്കിലും ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം അഭ്യർഥിച്ചു. യാത്രക്കാരുടെ ആവശ്യങ്ങളും നിർദേശങ്ങളും കമ്പനി അധികൃതരുമായി ചർച്ച ചെയ്യുമെന്നും സലാലയ്‌ക്ക് ആവശ്യമായ എല്ലാ സഹകരണങ്ങളും നൽകാൻ ശ്രമിക്കുമെന്നും കൊലഗോ അറിയിച്ചു. സൈനുദ്ദീൻ പൊന്നാനി, റസൽ മുഹമ്മദ്, ഡോ. അബൂബക്കർ സിദ്ദീക്ക്, സി വി സുദർശനൻ, സണ്ണി ജേക്കബ്, ഷിജു ശശിധരൻ എന്നിവർ നേതൃത്വം നൽകി.










0 comments