ad
Deshabhimani

കുവൈത്ത് വിമാനത്താവളം പൂർണ പ്രവൃത്തി പുനഃസ്ഥാപിക്കൽ; വിദേശ കമ്പനികളുടെ സർവീസ്‌ ഇന്നുമുതൽ

Kuwait Airport
വെബ് ഡെസ്ക്

Published on Jun 17, 2026, 01:30 PM | 1 min read

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിൽ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി വിദേശ വിമാന കമ്പനികളുടെ ആദ്യഘട്ട സർവീസുകൾ ബുധനാഴ്‌ച ആരംഭിക്കും. ഗൾഫ്, അറബ്, മറ്റ് വിദേശ വിമാന കമ്പനികൾക്ക് ടെർമിനൽ നാലുവഴി പരിമിത സർവീസുകൾ നടത്താൻ വ്യോമയാന അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഓരോ വിമാനക്കമ്പനിക്കും ഒരു സർവീസ് വീതമാണ് അനുവദിച്ചിരിക്കുന്നത്. സുരക്ഷയും പ്രവർത്തന കാര്യക്ഷമതയും ഉറപ്പുവരുത്തിക്കൊണ്ട് രാജ്യത്തെ അന്താരാഷ്‌ട്ര വ്യോമഗതാഗതം ക്രമേണ സാധാരണ നിലയിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രമീകരണം നടപ്പാക്കുന്നത്‌.


യാത്രക്കാരുടെ സൗകര്യത്തിനായി ടെർമിനൽ നാലിൽ 50 ചെക്ക് -ഇൻ കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. പാസ്‌പോർട്ട് പരിശോധനാകേന്ദ്രങ്ങൾ, സുരക്ഷാപരിശോധന സംവിധാനങ്ങൾ, ഗ്രൗണ്ട് സർവീസ് സൗകര്യങ്ങൾ എന്നിവയും പൂർണ സജ്ജീകരണത്തോടെ പ്രവർത്തനക്ഷമമാക്കി. ടെർമിനൽ നാല്‌ പുലർച്ചെ നാലുമുതൽ രാത്രി 10 മണിവരെ പ്രവർത്തിക്കും.


ജൂൺ മൂന്നിന് വിമാനത്താവളത്തിനുനേരെയുണ്ടായ ആക്രമണത്തെ തുടർന്ന് വിദേശ വിമാന കമ്പനികളുടെ സർവീസുകൾ നിർത്തിവച്ചിരുന്നു. തുടർന്ന് കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും ബദൽ സംവിധാനങ്ങളിലൂടെ സർവീസുകൾ തുടരുകയും യാത്രക്കാരുടെ യാത്രാസൗകര്യം ഉറപ്പാക്കുകയും ചെയ്‌തു. ഇപ്പോൾ വിദേശ വിമാന കമ്പനികൾക്കും വീണ്ടും പ്രവർത്തനാനുമതി നൽകിയതോടെ കുവൈത്ത് വിമാനത്താവളം സാധാരണ പ്രവർത്തനത്തിലേക്കുള്ള നിർണായക ചുവടുവയ്‌പ്പാണ് നടത്തുന്നത്.


യാത്രക്കാർ പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തി യാത്രാനടപടികൾ പൂർത്തിയാക്കണമെന്ന് ഡിജിസിഎ അഭ്യർഥിച്ചു. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാൻ യാത്രക്കാരെ അനുഗമിക്കുന്നവരുടെ എണ്ണം പരമാവധി കുറയ്‌ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home