ad
Deshabhimani

മുഖ്യമന്ത്രി പറഞ്ഞത് നുണ; പിഎം ശ്രീയിയിലെ തുടർനടപടികൾ നിർത്തിവെക്കാൻ എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്

v d satheeshan_pm shri letter
വെബ് ഡെസ്ക്

Published on Jun 17, 2026, 01:47 PM | 2 min read

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ പേരിൽ എൽഡിഎഫ് സർക്കാരിനെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ ഉന്നയിച്ച ആരോപണങ്ങൾ വ്യാജം. പിഎം ശ്രീയുമായി സഹകരിക്കില്ലെന്നും തുടർ നടപടികൾ നിർത്തിവെക്കുമെന്നും അറിയിച്ച് കേരളം കേന്ദ്രത്തിന് കത്ത് നൽകിയിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് തന്നെ ഇക്കാര്യം കാണിച്ച് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി കേന്ദ്രത്തിന് കത്ത് കൈമാറിയിരുന്നു. പദ്ധതി കേരളത്തിൽ നടപ്പാക്കാനാകില്ലെന്നറിയിച്ച് എൽഡിഎഫ് സർക്കാർ കത്തുകൾ അയച്ചിരുന്നതായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം നവംബർ 12ന് പദ്ധതി നടപ്പിലാക്കാനാകില്ലെന്ന് വ്യക്തമാക്കി കെ വാസുകി കേന്ദ്രത്തിനയച്ച കത്തിന്റെ കോപ്പി പുറത്തുവന്നു. ഇതോടെ മുഖയമന്ത്രിയുടെ കള്ളം പൊളിഞ്ഞു.


പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലുള്ള ആശങ്കകളും, മന്ത്രിസഭാ ഉപസമിതിയുടെ അന്തിമ റിപ്പോർട്ട് വരുന്നത് വരെ ധാരണാപത്രവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നതിനാൽ നടപടികൾ താത്കാലികമായി നിർത്തിവെക്കുന്നുവെന്നതുമായിരുന്നു ഈ കത്തുകളുടെ ഉള്ളടക്കം.


കഴിഞ്ഞ സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനാൽ കേരളം നിലവിൽ പദ്ധതിയുടെ പങ്കാളിയാണെന്നും 99 കോടിയിലധികം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശം. കേന്ദ്രം 106 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കരിക്കുലം ഫ്രീഡത്തിൽ കേന്ദ്രം ഇടപെടരുത്, സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് നൽകണം എന്നിവയാണ് തങ്ങളുടെ നിലപാടുകളെന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ, വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ കൺവീനറും മന്ത്രിമാരായ റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവർ അംഗങ്ങളുമായ പുതിയ മന്ത്രിസഭാ ഉപസമിതിയെ പദ്ധതിയുടെ തുടർനടപടികൾ പഠിക്കാൻ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.


എന്നാൽ, മുഖ്യമന്ത്രിയുടെ വാദങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിൽ നിന്ന് ഒരു രൂപയുടെ ഫണ്ട് പോലും വാങ്ങിയിട്ടില്ല. പദ്ധതി നടപ്പിലാക്കാനുള്ള യാതൊരു നടപടിക്രമങ്ങളും മുൻ സർക്കാർ പൂർത്തീകരിച്ചിട്ടില്ലെന്നും ഇതിനായി സ്കൂളുകളുടെ ലിസ്റ്റ് പോലും കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് പിഎംശ്രീയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ഇടതുപക്ഷ സർക്കാർ ഇത് നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നേരത്തെ എസ്എസ്കെ (SSK) ഫണ്ട് ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള ഒരു താത്കാലിക സജ്ജീകരണം മാത്രമാണ് മുൻ സർക്കാർ ചെയ്തിരുന്നത്. എന്നാൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായതിനെത്തുടർന്ന്, അത് നിർത്തിവെച്ചതായി കേന്ദ്രത്തെ കത്തിലൂടെ അറിയിക്കുകയുമായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കേരളത്തിന് ഉറപ്പായും നൽകേണ്ട എസ്എസ്കെ ഫണ്ട്, പിഎംശ്രീ നടപ്പിലാക്കുന്നില്ലെന്ന ഒരൊറ്റ കാരണം പറഞ്ഞ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ തടഞ്ഞുവെക്കുകയായിരുന്നുവെന്നും ശിവൻകുട്ടി വ്യക്തമാക്കി.


പദ്ധതിയെക്കുറിച്ച് പഠിക്കാൻ മുൻപ് തന്റെ ചെയർമാൻഷിപ്പിൽ എൽഡിഎഫ് സർക്കാർ ഒരു ഉപസമിതിയെ നിയോഗിച്ചിരുന്നെങ്കിലും പിന്നീട് അത് യോഗം ചേരുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. നിലവിലെ യുഡിഎഫ് സർക്കാർ ഇപ്പോൾ രൂപീകരിച്ചിട്ടുള്ള ഉപസമിതി ജനങ്ങളെ പറ്റിക്കാനും കേന്ദ്രവുമായുള്ള അഡ്ജസ്റ്റ്മെന്റിനും വേണ്ടിയുള്ളതാണ്ച്ചു. പിഎം ശ്രീ, ലേബർ കോഡ് പോലെയുള്ള ജനവിരുദ്ധ കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാനാണ് യുഡിഎഫ് ഒരുങ്ങുന്നതെന്നും ഇതിനായുള്ള ഡീൽ മുഖ്യമന്ത്രി വി ഡി സതീശൻ ബിജെപിയുമായി ഒപ്പിട്ടുകഴിഞ്ഞതായും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home