വി ടി ബൽറാമിനെ തിരിഞ്ഞുകൊത്തി 2019 ലെ 'ഹെലികോപ്ടർ' പോസ്റ്റ്; എന്നെ ട്രോളല്ലേ എന്ന് എംഎൽഎയും

വി ടി ബൽറാം , 2019 ലെ പോസ്റ്റ്
തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി മുഖ്യമന്ത്രി വി ഡി സതീശൻ ഹെലികോപ്ടർ യാത്ര നടത്തിയതോടെ വി ടി ബൽറാം എംഎൽയുടെ 2019 ലെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽമീഡിയ. ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാൻ സർക്കാർ ഹെലികോപ്റ്റർ വിഡി സതീശൻ ഉപയോഗിച്ചുവെന്ന ആക്ഷേപത്തിന് പിന്നാലെയാണ് വി ടി ബൽറാമിന്റെ പോസ്റ്റും ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. 'ഇദ്ദേഹം വിജയനാണോ, അതോ ജയനാണോ, ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽ ഏഴെട്ടുപേരെ വെടിവെച്ച് കൊല്ലാമായിരുന്നു' എന്നായിരുന്നു വിടി ബൽറാം അന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
സർക്കാരിനെ വിമർശിച്ച് മുൻ മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി എന്നിവർ രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിലും വിഡി സതീശനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. എന്നാൽ താൻ ട്രോളുകൾക്ക് ഇരയാകുന്നത് കണ്ടതോടെ തന്നെ ട്രോളല്ലേ എന്നാവശ്യവുമായി വി ടി ബൽറാം രംഗത്ത് വന്നു.
സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ ഏതെങ്കിലും തരത്തിൽ ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അതിൻ്റെ പേരിൽ എന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകയല്ല വേണ്ടത്, നാട്ടിലെ ഔദ്യോഗിക പ്രതിപക്ഷം ഉത്തരവാദബോധത്തോടെ അതിനെതിരെ വിമർശനമുന്നയിക്കുക, സർക്കാരിനെ അക്കൗണ്ടബിൾ ആക്കുക എന്നതാണെന്നാണ് എംഎൽഎയുടെ പക്ഷം. ഈ കുറിപ്പിന് താഴെയും വിമർശനങ്ങൾ നിറയുകയാണ്. പഴയ പോസ്റ്റിന്റെ ചിത്രങ്ങളും പങ്കുവെയ്ക്കുന്നവരാണ് അധികവും.
എൽഡിഎഫ് സർക്കാരിൻറെ കാലത്ത് ഹെലിക്കോപ്റ്റർ വാടകയ്ക്കെടുത്തതിന് ധൂർത്തിൻറെ അങ്ങേയറ്റം എന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ വിമർശിച്ചത്. സർക്കാരിന് ദൈനംദിന ചെലവുകൾക്കുള്ള പണം പോലും കണ്ടെത്താനാവുന്നില്ല. ഈ സാഹചര്യത്തിലും മാസം 80 ലക്ഷം രൂപ ചെലവിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുകയാണ് എന്നായിരുന്നു സതീശൻറെ പ്രതികരണം. എന്നാൽ ഇന്ന് തീർത്തും സ്വകാര്യ ആവശ്യത്തിനായി സർക്കാർ ഹെലികോപ്ടർ ഉപയോഗിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്.









0 comments