ad
Deshabhimani

വെള്ളപ്പൊക്ക ദുരിതാശ്വാസം; രക്ഷാപ്രവർത്തനത്തിനിറങ്ങുക: രാജു ഏബ്രഹാം

RAJU ABRAHAM
വെബ് ഡെസ്ക്

Published on Aug 01, 2026, 10:10 PM | 1 min read

റാന്നി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സിപിഐ എം പ്രവർത്തകരും ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള വർഗബഹുജന സംഘടനകളും രംഗത്തിറങ്ങണമെന്ന്‌ പാർടി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. ദുരിതബാധിതർക്ക് ഭക്ഷണവും ആവശ്യമായ മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുനൽകണം.

വെള്ളി പുലർച്ചെ നാലിന്‌ വെള്ളപ്പൊക്ക വിവരം അറിഞ്ഞയുടൻ പാർടി പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും വിളിച്ച് രക്ഷാപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിരുന്നു. 2018ലെ മഹാപ്രളയത്തിൽ ആദ്യം മുങ്ങിയ ടൗണുകളിലൊന്നായ റാന്നിയിൽ നടത്തിയ പ്രവർത്തനങ്ങളുടെ പരിചയസമ്പത്ത് ഇതിന്‌ മുതൽക്കൂട്ടായി. വെള്ളംകയറിയ വീടുകളുടെ രണ്ടാംനിലയിലും മറ്റും ഒറ്റപ്പെട്ട് കഴിയുന്നവർക്ക്‌ ഭക്ഷണം എത്തിച്ചു നൽകുന്നതിനും വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ട്‌.

അതിതീവ്ര മഴക്കൊപ്പം മുന്നറിയിപ്പില്ലാതെ മൂഴിയാർ, കാരികയം ഡാമുകൾ തുറന്നുവിട്ടതാണ് പെട്ടെന്ന് വെള്ളംകയറാൻ ഇടയാക്കിയത്‌. റെഡ് അലർട്ട് നൽകുന്നതിൽ സർക്കാരിന്‌ വലിയ വീഴ്‌ചയുണ്ടായി. വ്യാപാര സ്ഥാപനങ്ങളിൽനിന്ന്‌ സാധനങ്ങൾ മാറ്റാൻ പോലും ഇതുമൂലം കഴിഞ്ഞില്ല. കടകളിൽ വെള്ളംകയറി കഴിഞ്ഞപ്പോഴാണ് പലരും വിവരമറിയുന്നതുതന്നെ. ഓണകച്ചവടത്തിന്‌ എത്തിച്ച സാധനങ്ങളടക്കമാണ്‌ നശിച്ചത്‌. കോടിക്കണക്കിന് രൂപയുടെ നഷ്‌ടമാണ് വ്യാപാരികൾക്ക്‌ ഉണ്ടായത്‌– രാജു ഏബ്രഹാം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home