വിധി 15 വർഷത്തിനുശേഷം
യുവതിയെയും കുഞ്ഞിനെയും കടലിൽ തള്ളിയിട്ട് കൊന്ന കേസ്; പ്രതികൾ കുറ്റക്കാർ

സ്വന്തം ലേഖിക
Published on Aug 01, 2026, 11:12 PM | 1 min read
തിരുവനന്തപുരം
യുവതിയെയും രണ്ടരവയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 15 വർഷത്തിനുശേഷം പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തി. പൂവാർ മണ്ണാംവിളാകം മാഹിൻ മൻസിലിൽ മാഹിൻകണ്ണ് (45, മനു), ഭാര്യ റുഖിയ (38) എന്നിവരെയാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. 2011 ആഗസ്ത് 18-നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്ത് ദിവ്യ (23), മകൾ ഗൗരി എന്നിവരെ മാഹിൻകണ്ണ് തമിഴ്നാട്ടിലെ ഇരയ്യിമ്മൻതുറയിലെത്തിച്ച് കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. മാഹിൻകണ്ണുമായി പ്രണയത്തിലായിരുന്ന ദിവ്യ ഇയാളോടൊപ്പം ഊരൂട്ടമ്പലത്തെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. ദിവ്യ ഗർഭിണിയായതോടെ വിവാഹത്തിൽനിന്ന് പിന്മാറിയ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. പ്രസവശേഷം, ഇയാൾ നാട്ടിലെത്തിയപ്പോൾ ബന്ധുക്കൾ ഇടപെട്ട് മാഹിൻകണ്ണിനെ വീണ്ടും ദിവ്യക്കൊപ്പം താമസിപ്പിച്ചു. പിന്നീടാണ് മാഹിൻകണ്ണ് വിവാഹിതനാണെന്ന വിവരം ദിവ്യ അറിയുന്നത്. ഇതേച്ചൊല്ലി ഇരുവരും തർക്കങ്ങളുണ്ടായി. സംഭവദിവസം മാഹിൻകണ്ണിനൊപ്പം പുറത്തുപോകുകയാണെന്ന് ദിവ്യ അമ്മ രാധയെ അറിയിച്ചിരുന്നു. കാണാതായതോടെ മാറനല്ലൂർ പൊലീസിൽ വീട്ടുകാർ പരാതി നൽകി. എന്നാൽ, ദിവ്യ വേളാങ്കണ്ണിയിലുണ്ടെന്നും കൂട്ടിക്കൊണ്ടുവരാമെന്നും വിശ്വസിപ്പിച്ച് മാഹിൻകണ്ണ് വീണ്ടും വിദേശത്തേക്ക് കടന്നു. രണ്ടുദിവസത്തിനുശേഷം തേങ്ങാപട്ടണം, കുളച്ചൽ തീരങ്ങളിൽനിന്ന് ദിവ്യയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ഊരൂട്ടമ്പലത്തുനിന്ന് ഓട്ടോയിൽ പൂവാർവഴി പ്രതി ഇവരെ കടൽത്തീരത്തെത്തിച്ചതായി പ്രോസിക്യൂഷൻ കണ്ടെത്തി. 109 സാക്ഷികളെ വിസ്തരിച്ചു. 104 രേഖകളും ആറ് തൊണ്ടിമുതലും ഹാജരാക്കി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ, ദേവിക മധു, ജെ ഫസ്ന എന്നിവർ ഹാജരായി. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ അന്നത്തെ റൂറൽ എസ്‌പി ശിൽപ്പ ദേവയ്യ, എഎസ്‌പി എം കെ സുൽഫിക്കർ, ഡിവൈഎസ്‌പി കെ ജെ ജോൺസൺ എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.










0 comments